കൊട്ടാരക്കര: ശബരിമലക്ക് എതിരെ നീങ്ങുന്ന ശക്തികള്‍ നമ്മുടെ ഉള്ളില്‍ നിന്നുതന്നെയുള്ളവരെന്നത് ദുഖകരമായ സത്യമാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ആധ്യാത്മികസദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് ഈ സത്യം ബോധ്യമായത് ശബരിമല കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ ചിലരുടെ നിലപാടില്‍ നിന്നാണ്. നമ്മളില്‍ ഒരാളായ ജീവിച്ച അയ്യപ്പന്റെ കാലഘട്ടം പോലും ഓര്‍മയില്ലാത്ത നമ്മള്‍ക്ക് നബിയുടേയും യേശുവിന്റെയും കാലഘട്ടങ്ങള്‍ ഏത് ഉറക്കത്തില്‍ വിളിച്ചുചോദിച്ചാലും പറയാന്‍ കഴിയും. അയ്യപ്പന്‍ ജിവിച്ചിരുന്നോ രാമന്‍ ജീവിച്ചിരുന്നോ എന്ന് നമുക്ക് ഇന്നും സംശയമാണ്. നമ്മുടെ നാട് ഭരിച്ച സര്‍ക്കാരിന് പോലും രാമന്റെ ജനനത്തില്‍ സംശയമുണ്ടായി എന്നത് നമ്മുടെ അധപതനത്തെയാണ് സൂചിപ്പിക്കുന്നത്. ശബരിമലയെപറ്റി ചരിത്രരേഖയുള്ളത് 1812ല്‍ സെന്‍സിന് എത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ എഴുതിയ കുറിപ്പുകളാണ്. ഹിന്ദുവിന് അടിസ്ഥാനപരമായ ആധ്യാത്മിക വിദ്യാഭ്യസവും അച്ചടക്കവും ഇല്ലാത്തതാണ് നമുക്ക് നമ്മളെ കുറിച്ച് അറിയാത്തതിനും പുച്ഛംതോന്നുന്നതിനും കാരണം. ഇതരമതസ്ഥര്‍ പ്രായത്തിനുസരിച്ച് ആധ്യാത്മികവിദ്യാഭ്യാസം നല്‍കുമ്പോള്‍ നമുക്ക് ഇത്തരം കേന്ദ്രങ്ങളില്ല. ഉള്ളിടത്ത് പോകുന്നത് തന്നെ മറ്റുരീതിയില്‍ ചിത്രീകരിക്കപ്പെടുമെന്ന് ഭയപ്പെടുകയും ചെയ്യുന്നു. ഇത്തരം ഭയത്തെ മാറ്റിനിര്‍ത്തി യഥാര്‍ത്ഥ ആത്മീയവിദ്യാഭ്യാസം കുട്ടികാലം മുതല്‍ നമ്മള്‍ ആര്‍ജിക്കണമെന്നും രാഹുല്‍ പറഞ്ഞു. പ്രഭാഷണ പരമ്പരയില്‍ ഇന്ന് വൈകിട്ട് 6.45ന് അഡ്വ: ജയസൂര്യ സംസാരിക്കും.
















