കൊല്ലം: കടപ്പാക്കടയിലെ വെള്ളക്കെട്ട് മാറ്റാന്‍ ഓട കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് തൊഴിലാളികള്‍ക്ക് പരിക്ക്. മലിനജലം ഓടയിലേക്ക് ഒഴുക്കാനായി സ്ഥാപിച്ചിരുന്ന പൈപ്പ് പുറത്തെടുക്കാനായി മണ്ണ് മാറ്റിക്കൊണ്ടിരുന്നപ്പോള്‍ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്ത മണ്ണ് പൊടുന്നനെ താഴേയ്‌ക്ക് വീഴുകയായിരുന്നു. ഈ സമയം പൈപ്പ് പുറത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു ജീവനക്കാര്‍.
മണ്ണ് മുഴുവനായി ഇടിഞ്ഞുതാഴാഞ്ഞത് വലിയൊരു ദുരന്തം ഒഴിവാക്കി. ഇന്നലെ വൈകിട്ട് 3.30ഓടെയായിരുന്നു അപകടം. സംഭവം കണ്ടുകൊണ്ടിരുന്ന കടപ്പാക്കട സ്റ്റാന്റിലെ ആട്ടോ ഡ്രൈവര്‍മാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മണ്ണ് മാറ്റി ഇവരെ പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു. വിവരമറിഞ്ഞ് കടപ്പാക്കടയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും പാഞ്ഞെത്തി. നിമിഷനേരത്തിനുള്ളില്‍ തന്നെ എല്ലാവരെയും പുറത്തെടുത്ത് ആശുപത്രിയിലേയ്‌ക്ക് മാറ്റി. തൊഴിലാളികളായ ഹരിദാസ്, ശശികുമാര്‍, സുനില്‍, സുഗതന്‍, രാജു എന്നിവരാണ് മണ്ണിനടിയില്‍പ്പെട്ടത്.
വേണ്ടത്ര സുരക്ഷാക്രമീകരണങ്ങളില്ലാതെയാണ് മണ്ണ് മാറ്റല്‍ നടത്തുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജെസിബി കൊണ്ട് കോരിമാറ്റുന്ന മണ്ണ് ഒരു വശത്തേക്ക് കൂനകൂട്ടി ഇട്ടിരുന്നതാണ് ഇടിഞ്ഞ് താഴേയ്‌ക്ക് വീണത്.
















