സ്വന്തം ലേഖകന്‍
പുത്തൂര്‍: ഗോപീഗോപന്മാര്‍ക്ക് വിരുന്നൊരുക്കാന്‍ കൊല്ലത്തിന്റെ കൃഷിനിലങ്ങള്‍ തയ്യാറെടുക്കുന്നു. ജൂലൈ 7, 8, 9 തീയതികളില്‍ കൊല്ലത്ത് നടക്കുന്ന ബാലഗോകുലം സംസ്ഥാന സമ്മേളനത്തിനെത്തുന്ന പ്രതിനിധികള്‍ക്ക് ‘ഭക്ഷണം ഒരുക്കുന്നതിനുള്ള മുന്നൊരുക്കത്തിലാണ് ജില്ലയിലെ ഗോകുലാംഗങ്ങള്‍.
കൊല്ലം ഇല്ലത്തിന് സമാനമാണെന്ന് വിരുന്നെത്തുന്ന കൂട്ടുകാരെ ബോധ്യപ്പെടുത്താനുള്ള തീരുമാനത്തിലാണവര്‍. മറുനാട്ടില്‍ നിന്നെത്തുന്ന പച്ചക്കറികള്‍ വാങ്ങി ഭക്ഷണമൊരുക്കുന്നതിനേക്കാള്‍ ജില്ലയിലെ പാടശേഖരങ്ങളില്‍ കൃഷി ചെയ്ത് വിളവെടുക്കുന്നതിനെക്കുറിച്ചാണ് സംഘാടകസമിതി ചിന്തിച്ചത്. അതിനായി ജില്ലയിലെ എല്ലാ താലൂക്കുകളിലും ഒഴിഞ്ഞ കൃഷിയിടങ്ങള്‍ ഗോകുലാംഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞദിവസങ്ങളിലായി എല്ലാ താലൂക്കുകളിലും പച്ചക്കറികൃഷിക്ക് അവര്‍ നിലമൊരുക്കി വിത്ത് പാകി. മൂന്ന് മാസത്തിനകം വിളവെടുക്കാന്‍ പാകത്തിനാണ് കൃഷി തുടങ്ങിയിരിക്കുന്നത്. കേരളത്തിന്റെ കാര്‍ഷികസംസ്‌കൃതി വീണ്ടെടുക്കാനും തലമുറകളിലേക്ക് കൈമാറാനുമുള്ള ഗോകുലഗ്രാമങ്ങളുടെ പ്രഖ്യാപിത ലക്ഷ്യത്തെ സംസ്ഥാന സമ്മേളനം മുന്‍നിര്‍ത്തി നടപ്പാക്കുകയാണ് ബാലഗോകുലം.
പുത്തൂരില്‍ ബാലഗോകുലാംഗങ്ങള്‍ നടത്തുന്ന കൃഷിയുടെ ഉദ്ഘാടനം താലൂക്ക് ഉപാധ്യക്ഷന്‍ സതീശന്‍ ഉണ്ണിത്താന്‍ നിര്‍വഹിച്ചു. കൊല്ലത്ത് ഓലയില്‍ ഭാഗത്തായാണ് കൃഷി സജ്ജമാക്കിയിട്ടുള്ളത്. സമ്മേളനത്തിനെത്തേണ്ട പച്ചക്കറി ഇനങ്ങളുടെ പട്ടികയും അളവും തിരിച്ച് ഓരോ താലൂക്കിനും അവ എത്തിക്കുന്നതിനുള്ള ഉത്തരവാദിത്തമാണ് ബാലഗോകുലം ഏല്‍പിച്ചിട്ടുള്ളത്. തക്കാളി, വെണ്ട, വഴുതന, പച്ചമുളക്, വെള്ളരി, മത്തന്‍, ചേന, ചേമ്പ് കാച്ചില്‍ തുടങ്ങി ഏതാണ്ട് എല്ലാ ഇനങ്ങളും കൃഷി ചെയ്ത് വിളവെടുത്ത് എത്തിക്കാനാണ് നിര്‍ദേശം.
സമ്മേളനത്തിന് ഭക്ഷണം ഒരുക്കുന്നതിന് ആവശ്യമായ അരി നേരത്തെതന്നെ തയ്യാറായിക്കഴിഞ്ഞു. കുണ്ടറ ഇളമ്പള്ളൂര്‍ പനംകുറ്റി ഏലായില്‍ കൃഷിയില്ലാതെ കിടന്ന അന്‍പത് സെന്റ് നിലമൊരുക്കിയാണ് ഗോകുലാംഗങ്ങള്‍ വിളവെടുത്തത്. കൊയ്‌ത്തുത്സവത്തിന് ഭാഗവതാചാര്യന്‍ സ്വാമി ഉദിത് ചൈതന്യയാണ് തുടക്കം കുറിച്ചത്.
















