സര്‍ക്കാര്‍ ഫയലുകളിലെ അക്ഷരങ്ങളില്‍ ജനങ്ങളുടെ നോവും നൊമ്പരവുമാണ് വിങ്ങിപ്പൊട്ടിനില്ക്കുന്നതെന്ന് ഏത് മഹാന് പറഞ്ഞതായാലും അത് അക്ഷരംപ്രതി ശരിവയ്ക്കുന്നതായിരുന്നു കഴിഞ്ഞദിവസം കോഴിക്കോട്ട് നടന്ന അദാലത്തില്‍ കണ്ടത്. കോര്‍പ്പറേഷനിലെ കെട്ടിടനിര്‍മ്മാണം സംബന്ധിച്ച പരാതി പരിഹരിക്കുന്നതിനാണ് ബന്ധപ്പെട്ട മന്ത്രിയുടെ നേതൃത്വത്തില്‍ പെര്‍മിറ്റ് അദാലത്ത് നടന്നത്. നാളിതുവരെ അധികാരികളുടെ മുന്പില് ഓച്ഛാനിച്ചുനിന്ന പാവങ്ങളുടെ കണ്ണീരാണ് മന്ത്രി കെ.ടി. ജലീലിനും പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസിനും മുമ്പാകെ അണപൊട്ടിയൊഴുകിയത്.
സര്‍ക്കാര്‍ ജോലി അനുഗ്രഹമാണെന്ന് സ്വയം വിലയിരുത്തി, സേവനം ചെയ്യല്‍ തങ്ങളുടെ ബാധ്യതയല്ലെന്ന് ശഠിക്കുന്ന ഒരുപറ്റം ജനദ്രോഹികള്‍ എന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നതെന്ന് ഒരു ഒളിവും മറയുമില്ലാതെ ബന്ധപ്പെട്ടവര്‍ക്ക് അദാലത്തിലൂടെ മനസ്സിലാക്കാനായി. ചില ഇന്‍ഷ്വറന്‍സ് കമ്പനികളുടെ നിലപാട് എങ്ങനെ ഉപഭോക്താക്കള്‍ക്ക് സഹായം ചെയ്തുകൊടുക്കാതിരിക്കാമെന്നാണ്. ആര്‍ക്കും പെട്ടെന്ന് നോക്കിയാല്‍ മനസ്സിലാകാത്ത തരത്തില്‍ ഉറുമ്പക്ഷരങ്ങളിലാണ് അവരത് രേഖപ്പെടുത്തുക. ഫലമോ കോടതികളില്‍ അവര്‍ രക്ഷപ്പെടുകയും ചെയ്യും.
ഇവിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അതേ മാനസികാവസ്ഥയാണ്. എങ്ങനെ പണിയെടുക്കാതെ ശമ്പളം പറ്റാമെന്നും, എത്രമാത്രം പൊതുജനങ്ങളെ കഷ്ടപ്പെടുത്താമെന്നുമാണ് നോക്കാറ്. എല്ലാവരും ഇങ്ങനെയല്ലെങ്കിലും ബഹുഭൂരിപക്ഷവും ഇത്തരക്കാരാണ്. കോഴിക്കോട് കോര്‍പ്പറേഷനിലെ കെടുകാര്യസ്ഥതയും നിസ്സംഗതയും മനസ്സിലായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനോട് പൊട്ടിത്തെറിച്ച് ചോദിച്ചത് മൊത്തം ഭരണാധികാരികള്‍ക്കും ബാധകമാണ്.
”ബഹുമാനപ്പെട്ട മേയര്‍, പറയുന്നതില്‍ വിഷമമുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇത്രയും തോന്ന്യാസം പ്രതീക്ഷിച്ചില്ല. തിരുവനന്തപുരവും കൊച്ചിയും എത്രയോ ഭേദമാണ്.” ഇത്തരത്തില്‍ ഒരു മേലുദ്യോഗസ്ഥന് പ്രതികരിക്കേണ്ടിവന്നത് ജനങ്ങളോട് അങ്ങേയറ്റം സ്നേഹമുണ്ടെന്ന് ആവേശംക്കൊള്ളുന്ന ഒരു പാര്‍ട്ടി അധികാരത്തിലിരിക്കുന്ന തദ്ദേശ ഭരണസ്ഥാപനത്തിലെ കെടുകാര്യസ്ഥതകൊണ്ടാണ്.
കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങിയും ഉള്ളതു മുഴുവന്‍ വിറ്റും കിടപ്പാടത്തിനുവേണ്ടി അലയുന്നവരുടെ കണ്ണീരിന് പുല്ലുവില കല്‍പ്പിക്കുന്ന ഉദ്യോഗസ്ഥരെ ചമ്മട്ടിക്കടിക്കാന്‍ അതാതിടത്തെ ഭരണാധികാരികള്‍ തയ്യാറാവാത്തതിന്റെ ദുരന്തഫലമാണിത്. പാവപ്പെട്ടവന് ഒരു കൂര പണിയാന്‍ നോക്കുമ്പോള്‍ നിയമവും ചട്ടവും ചൂണ്ടിക്കാട്ടി അവന്റെ മനസ്സ് മരവിപ്പിക്കുന്ന ഒടിവിദ്യയാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലെ പൊന്നുതമ്പുരാക്കന്മാരുടെ ഗമ കാണിക്കുന്നവര്‍ പ്രയോഗിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ തെരഞ്ഞെടുത്ത ജനങ്ങളുടെ ഭരണമാണ് ജനാധിപത്യമെന്നൊക്കെ നാം കൊട്ടിഘോഷിക്കാറുണ്ട്. എന്നാല്‍ അങ്ങേയറ്റത്തു കിടക്കുന്ന സാധാരണക്കാരനെ തെരുവുപട്ടിയെപ്പോലെ കണക്കാക്കുന്ന സംവിധാനമാണതെന്നത് വ്യക്തമാണ്.
അതേസമയം, സ്വാധീനവും പണവുമുള്ളവര്‍ക്ക് പട്ടുപരവതാനിവിരിച്ചാണ് ഇത്തരക്കാര്‍ സ്വാഗതം ചെയ്യുന്നത്. ജനങ്ങളുമായി ഏറ്റവും അടുപ്പമുള്ള സ്ഥാപനങ്ങളാണ് കോര്പ്പറേഷന്, പഞ്ചായത്ത്, വില്ലേജ് ഓഫീസ് തുടങ്ങിയവ. ഇവിടെയാണ് ജനങ്ങള്‍ അങ്ങേയറ്റം അവഹേളിതരും അപമാനിതരുമാവുന്നത്. അഴിമതിയുടെ കാര്യത്തില്‍ ഇവ മുമ്പന്തിയിലാണെന്നത് പ്രത്യേകം ഓര്മ്മിക്കേണ്ടതുമാണ്.
കെട്ടിട നിര്‍മ്മാണ അനുമതിക്കായി മുപ്പതും മുപ്പത്തഞ്ചും തവണ കോര്പ്പറേഷനിലെത്തിയവര്, ഒരു കാരണവും പറയാതെ ഫയലുമടക്കിയവര്, ഫയല്‍ കാണുന്നില്ലെന്ന് കേട്ടവര്‍ അങ്ങനെ നൂറുകൂട്ടം പരാതികളാണ് മന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമുള്‍പ്പെടെയുള്ള സംഘത്തിനു മുന്നിലെത്തിയത്. കൃത്യമായ നിയമം ഉണ്ടായിരിക്കെ അതൊക്കെ തന്നിഷ്ടപ്രകാരം വ്യാഖ്യാനിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ ഒരുദ്യോഗസ്ഥയെ അദാലത്തില്‍വച്ച് സസ്പെന്റ് ചെയ്യുകയുമുണ്ടായി.
ചെറുപ്പക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെ നിഷേധാത്മകമായി ചിന്തിക്കാന്‍ കഴിയുന്നു എന്നും മന്ത്രി ചോദിച്ചു. നിഷേധമനോഭാവം പ്രകടിപ്പിച്ചുവെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ ഒരുദ്യോഗസ്ഥനെ പരസ്യമായി എഴുന്നേല്‍പ്പിച്ചുനിര്‍ത്തി ബന്ധപ്പെട്ട നിയമം ഉച്ചത്തില്‍ വായിക്കാനും നിര്‍ദ്ദേശിക്കുകയുണ്ടായി. അദാലത്തിലെ ഇത്തരം നടപടികള്‍ക്കെതിരെ ഒരുസംഘം ഉദ്യോഗസ്ഥര്‍ പ്രതികരിക്കാന്‍ തുനിഞ്ഞെങ്കിലും അതൊന്നും വിലപ്പോയില്ല.
രണ്ടുമാസത്തിനകം കെട്ടിടനിര്‍മ്മാണ അനുമതി ഓണ്‍ലൈന്‍ ആവുന്നതോടെ ഇന്നത്തെ പ്രശ്നങ്ങള്‍ക്കൊക്കെ അറുതിയാവുമെന്നാണ് മന്ത്രി ജലീല്‍ പ്രത്യാശ പ്രകടിപ്പിച്ചത്. ഏതായാലും അദാലത്ത് ഒട്ടേറെ ജനങ്ങള്‍ക്ക് ആശ്വാസമായി എന്നത് തര്‍ക്കമറ്റ സംഗതിയത്രെ. ഉദ്യോഗസ്ഥരുടെ സ്വഭാവത്തെക്കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് മനസ്സിലാക്കാനുമായി.
404 പരാതികള്‍ വന്നതില്‍ 165 എണ്ണം തീര്‍പ്പാക്കുകയും 200 എണ്ണം തീരപരിപാലന നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ സംസ്ഥാനതല കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയുടെ പരിഗണനയ്ക്കു വിടുകയും ചെയ്തു. ഭരണം അതിന്റെ സ്വതസിദ്ധരൂപത്തില് വന്നാല്‍ പ്രശ്നങ്ങള്‍ എത്ര പൊടുന്നനെ പരിഹരിക്കാമെന്നതിന് കോഴിക്കോട്ടെ അദാലത്ത് ഒരു മാതൃകയായി. ഇത് മൊത്തം സംസ്ഥാനത്തും ഉണ്ടാവട്ടെ എന്നാണ് സാധാരണ ജനങ്ങളുടെ പ്രാര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: