ഈ വര്‍ഷത്തെ താപനില റെക്കോഡ് എന്ന അറിവ് പേടിയുടെ കൂടെ വേവലാതിയും ഉണ്ടാക്കുന്നതാണ്. മനുഷ്യര്‍ അത് പല വിധത്തില്‍ മറികടക്കും. എന്നാല്‍ മൃഗങ്ങളും പറവകളും അടങ്ങിയ പ്രകൃതിയുടെ കാവല്ക്കാര് അനുഭവിക്കാന്‍ പോകുന്ന ദൈന്യത വാക്കുകള്‍ക്ക് അതീതമാണ്. നമ്മള് മനുഷ്യര്‍ ഇവരോട് ചെയ്യുന്ന ക്രൂരത തന്നെയാണ് ഇന്ന് മനുഷ്യരും ചേര്‍ന്ന് അനുഭവിക്കേണ്ടി വരുന്നത്.
പ്രകൃതിയുടേയും അതിന്റെ കാവല്‍ക്കാരുടേയും സുവര്‍ണ്ണകാലം ആയിരുന്ന നാളുകള്‍. അന്ന് അലക്ക് യന്ത്രം താരമല്ലാത്ത കാലത്ത് അലക്ക് കല്ലില്‍ ബാക്കി ഉള്ള സോപ്പ് തിന്നാന്‍ കാക്കകള്‍ തയ്യാറായി ഇരിക്കും. മായമില്ലാത്ത വെളിച്ചെണ്ണയില്‍ നിര്‍മ്മിക്കുന്ന ആ സോപ്പുകള്‍ മനുഷ്യര്‍ക്ക് ദോഷം ഉണ്ടാക്കിയിരുന്നില്ല.
ഇന്ന് ആ സോപ്പിന്റെ പരിസരത്ത് പോലും ഈ പറവകള്‍ വരില്ല. മരച്ചില്ലകളില്‍ കാക്കയും പറവകളും കടുവച്ച് സ്വസ്തമായി ജീവിച്ച കാലം. ഇന്ന് കമ്പി കഷ്ണങ്ങള്‍ കൊണ്ട് സ്വപ്ന കൂടുണ്ടാക്കാന്‍ ഇവറ്റകളും പഠിച്ചു. പക്ഷേ, വൃക്ഷങ്ങള്‍ വെട്ടിമുറിച്ച് സൗധങ്ങള്‍ ഉണ്ടാക്കി നമ്മള് അവരെ തോല്‍പ്പിച്ചു .
കാട്ടില്‍ അതിക്രമിച്ച് കയറി വിളകള്‍ വെട്ടിയെടുത്ത് വിറ്റു കാശാക്കി മനുഷ്യര്‍. അതും പോരാഞ്ഞ് വെട്ടിത്തെളിച്ച് റിസോര്‍ട്ടുകള്‍ ഉണ്ടാക്കിക്കളിച്ചു . പരിസ്ഥിതിയെ തലകീഴാക്കി പലതും ചെയ്തു കൂട്ടി. പണ്ടുകാലത്ത് അരിപ്പെട്ടിക്കോലം മുറ്റത്തിട്ടിരുന്നത് മണ്ണില്‍ ജീവിക്കുന്ന ഉറുമ്പുകള്‍ തിന്നാന്‍ വേണ്ടി തന്നെയാണ്. ഇന്ന് ആ കോലം അവറ്റകളെ കൊല്ലാന്‍ വേണ്ടിയുള്ളതായി .
ഒരു തുള്ളി ജീവജലത്തിനായി പറവകള്‍ പരക്കം പായുന്നു. ദേ മക്കളെ കാക്ക എന്ന് പറഞ്ഞ് കാണിച്ചു കൊടുക്കാന്‍, ബലിച്ചോറുരുട്ടി കൈ തട്ടി വിളിക്കുമ്പോള്‍ മറഞ്ഞു പോയ പ്രിയരുടെ പ്രതീകമായി വന്നു കൊത്താന്‍ ഈ കാക്കയും പറവയും എല്ലാം നമുക്കു വേണം. സ്നേഹം വറ്റിവരണ്ട പുഴ പോലെ ആയ മനുഷ്യമനസ് ഒരു നനുത്ത കാറ്റായി ഈ ജീവജാലങ്ങളിലേക്ക് പകരണം ഒരിറ്റ് ജീവജലം .
നമ്മള് ഇല്ലാതാക്കിയത് നമ്മുടെ പരമ്പരക്ക് വേണ്ടി നമുക്ക് തിരികെ പിടിക്കാം. കമ്പിക്കഷ്ണങ്ങള്‍ അല്ലാതെ മരച്ചില്ലയും ചകിരിയും കൊണ്ട് കുടുണ്ടാക്കാന് നമുക്ക് മരം വച്ച് പിടിപ്പിച്ച് പ്രായശ്ചിത്തം ചെയ്യാം. അപ്പോള്‍ കറുകറുത്ത കാക്കയ്ക്കും സൗന്ദര്യം വരും. ആ കാവല്ക്കാര് ഒത്തു പിടിച്ച് പരിസ്ഥിതി നിയന്ത്രണ വിധേയമാക്കാം. നമുക്ക് ജീവിക്കാന്‍ അവകാശമുള്ള പോലെ തന്നെ ഈ കാവല്ക്കാര്ക്കും സ്വന്തമാണ് ഭൂമി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: