ശബ്ദ സാന്നിധ്യം കൊണ്ട് സമൂഹ മനസില്‍ ഇടം നേടാം എന്നു തെളിയിച്ചിരിക്കുകയാണ് ബിഗ് എഫ്എം റേഡിയോ ജോക്കി സുമിത. ഒന്‍പതു വര്‍ഷമായി ഈ രംഗത്ത് സജീവമായ സുമിത ഒരു റെക്കോഡിനുടമയായതോടെ കൂടുതല്‍ ശ്രദ്ധേയയായി. തുടര്‍ച്ചയായി 18 മണിക്കൂര്‍ ഒറ്റ പ്രോഗ്രാം അവതരിപ്പിച്ച കേരളത്തിലെ ആദ്യ വനിത എന്ന നേട്ടമാണ് സുമിത കൈവരിച്ചത്. കഴിഞ്ഞ സെപ്തംബറില്‍ ബിഗ് എഫ്എമ്മിനു വേണ്ടി പ്രക്ഷേപണം ചെയ്ത സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ടോക്കത്തോണ്‍ എന്ന പരിപാടിയായിരുന്നു സുമിതയ്ക്ക് ഈ അപൂര്‍വ റെക്കോഡ് നേടിക്കൊടുത്തത്.
ഈ പരിപാടിയുടെ അവതരണത്തിനിടെ സുരേഷ് ഗോപി എംപി, നടന് അജു വര്‍ഗീസ് ഉള്‍പ്പെടെ ഇരുപതിലധികം പേര് ഈ പരിപാടിയുടെ ഭാഗമായി. ഇപ്പോള്‍ ബിഗ് എഫ്എമ്മിന്റെ പ്രൊഡ്യൂസറായും ആര്‍ജെ ആയും പ്രവര്‍ത്തിച്ചുവരുന്നു. ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെ പൂമുഖപ്പടിയില്‍ പാട്ടുകള്‍ കേട്ട് എന്ന പരിപാടിയുടെ അവതാരകയാണ്. കൂടാതെ അമൃത ചാനലില്‍ അസോസിയേറ്റ് എഡിറ്റര്‍, വിവിധ ചാനലുകളില്‍ അവതാരക എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ നിരവധി ഭക്തിഗാന ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്.
എല്ലാറ്റിലുമുപരി ഏറ്റവും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ആര്‍ജെ എന്ന ബഹുമതിയും സുമിതയ്ക്ക് സ്വന്തം. ശ്രോതാക്കളില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയതോടെ അംഗീകാരങ്ങളും സുമിതയെത്തേടിയെത്തി. ക്ഷേത്രസംരക്ഷണസമിതിയുടെ ജില്ലാ ഘടകം ഈ വര്‍ഷത്തെ സ്ത്രീശക്തി പുരസ്കാരം നല്കി ആദരിച്ചു. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിഭായിയാണ് പുരസ്കാരം സമ്മാനിച്ചത്.
ലയണ്‍സ് ക്ലബ്ബിന്റെ ബെസ്റ്റ് ലയന്‍സ് ആര്‍ജെ പുരസ്കാരം, ഇളയ ദളപതി വിജയ് ഫാന്‍സ് അസോസിയേഷന്റെ മോസ്റ്റ് എനര്‍ജറ്റിക് ആര്‍ജെ എന്നീ പുരസ്കാരങ്ങളും ലഭിച്ചു. അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരങ്ങളാണിതെന്ന് സുമിത പറയുന്നു. തിരുവനന്തപുരത്ത് പള്ളിച്ചലില്‍ ശിവ ആഞ്ജനേയത്തില്‍ ബിസിനസുകാരനായ മനുവിന്റെ ഭാര്യയാണ്. മകള്‍: മാളവിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: