കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖല നിഷ്ഫലവൃക്ഷങ്ങളുടെ പാഴ്ഭൂമിയായി മാറിയിട്ട് ദശാബ്ദങ്ങള്‍ പലതുകഴിഞ്ഞു. അങ്ങനെയിരിക്കെയാണ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍നിന്ന് ആശാകരവും അത്ഭുതകരവുമായ ഒരു വന്‍ നേട്ടത്തിന്റെ കഥ പുറത്തുവരുന്നത്. യൂണിവേഴ്സിറ്റിയിലെ നാനോ സയന്‍സ് ഡിപ്പാര്‍ട്മെന്റില്‍ ഇലക്ട്രോണിക് വിഭാഗത്തില്‍ ഗവേഷകയായ അഞ്ജു കെ. നായരാണ് പ്രശംസാര്‍ഹമായ ആ നേട്ടം കൈവരിച്ചത്. ഫ്യൂവല്‍ സെല്ലുകളുടെ നിര്‍മ്മാണച്ചെലവ് കുറയ്ക്കാന്‍ വിലയേറിയ ഇലക്ട്രോഡിനു പകരം ബോറോണ്‍ ഡോപ്ഡ് ഗ്രാഫീന് സില്‍വര്‍ നാനോ വയര്‍ ഉപയോഗിക്കാമെന്ന കണ്ടുപിടുത്തമാണ് വിപ്ലവാത്മകമായ നേട്ടങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്.
ആ മഹിളയെ ആദരിക്കുവാന്‍ ഈ എളിയവാക്കുകള് പര്യാപ്തമല്ലെന്നറിയാമെങ്കിലും കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍നിന്ന് അന്താരാഷ്ട്രതലത്തിലുള്ള ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കാന്‍ പറ്റിയ നിലവാരമുള്ള എത്ര ഗവേഷണപ്രബന്ധങ്ങളുണ്ടെന്നു ചോദിച്ചാല്‍ മൗനമായിരിക്കും മറുപടി. ആയിരക്കണക്കിന് ഗവേഷകവിദ്യാര്‍ത്ഥികളും ആയിരക്കണക്കിന് വിഷയങ്ങളും സംസ്ഥാനത്തെയും കേന്ദ്രത്തിലെയും വിദ്യാഭ്യാസമേഖല മുടക്കുന്ന ആനേകകോടികളുടെ ചെലവും പാഴായിപ്പോകുന്ന ഉന്നതവിദ്യാഭ്യാസമേഖലയിലെ ഉല്‍പ്പന്നങ്ങള്‍ നിലവാരത്തകര്ച്ചകൊണ്ടും നിഷ്പ്രയോജനത്വംകൊണ്ടും അപഹാസ്യമായിത്തീര്ന്നുകൊണ്ടിരിക്കെയാണ് അഞ്ജുവിന്റെയും കൂട്ടാളികളുടെയും ഈ വന്‍ നേട്ടം.
കേരളത്തിലെ ഗവേഷണപ്രബന്ധങ്ങള്‍ ഏറിയപങ്കും പാഴ്വാക്കുകളാണെന്ന് അറിയാത്തവരാണ്? എത്രയും വേഗം തീസിസ് സമര്‍പ്പിച്ച് ഡോക്ടറേറ്റ് നേടാന്‍ കുറുക്കുവഴികള്‍ തേടുന്ന ഗവേഷകരും അവരെ സഹായിക്കാന്‍ ഉത്സുകരായ ഗവേഷകസാരഥികളും കേരള സര്‍വകലാശാലകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ആ രംഗത്തെ തട്ടിപ്പുകളെക്കുറിച്ച് നാടോടിക്കഥകള്‍
അനേകമുണ്ടെങ്കിലും അടുത്തകാലത്ത് അറിഞ്ഞ ഒരു കഥ രേഖപ്പെടുത്തുകയാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെക്കുറിച്ച് ഒരു സ്ത്രീ ഗവേഷണം നടത്തി പ്രബന്ധം അവതരിപ്പിച്ച് അവാര്‍ഡ്നേടി. അവരുടെ പേരിനോട് ഡോക്ടര്‍ എന്ന ചെല്ലപ്പേരുകൂടി ചേര്‍ക്കാന്‍ അര്‍ഹയായി. അവരുടെ പരിചയത്തിലുള്ള ഒരു റിട്ടയേര്‍ഡ് പ്രൊഫസര്‍ അവരുമായുള്ള സംസാരവേളയില്‍ ചോദിച്ചു – ”ബഷീറിന്റെ എല്ലാ കൃതികളും വായിച്ചോ, എല്ലാം ലഭ്യമായോ?” പെട്ടെന്നു മറുപടി വന്നു -”ഇല്ല സാര്‍, ഞാന്‍ അദ്ദേഹത്തിന്റെ ഒരു കൃതിപോലും വായിച്ചിട്ടില്ല.
” ഈ ‘ഡോക്ടര്‍’ ഇന്ന് വടക്കന്‍ കേരളത്തിലെ ഒരു കോളജില്‍ മലയാളവിഭാഗത്തിലെ പ്രൊഫസറാണ്. ‘തകഴിയുടെ ചെമ്മീനിലെ ചക്കിമരക്കാത്തി എത്രപ്രാവശ്യം മുറുക്കിത്തുപ്പി’ എന്ന് എഴുതിക്കൊടുത്താലും ഡോക്ടറേറ്റ് കിട്ടുന്ന സര്‍വകലാശാലകളുള്ള നാട്ടില്‍ ഒരു മഹത്തായ കണ്ടുപിടുത്തം നടത്തുകയും അത് രാഷ്ട്രത്തിന് അഭിമാനകരവും വന്‍ വ്യവസായങ്ങള്‍ക്ക് നിദാനവുമായിത്തീരാവുന്നതുമായിരിക്കെ അന്യാദൃശമായ പാടവത്തോടെ ഉല്പ്പന്നപരമായ നേട്ടം കൈവരിച്ച അഞ്ജുവിനെയും കൂട്ടാളികളെയും ആശംസകളര്‍പ്പിച്ച് കേരളം തുണയ്ക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
കവനമന്ദിരം പങ്കജാക്ഷന്,
ഏറ്റുമാനൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: