കാസര്‍കോട്: സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ പ്രൈമറി വിഭാഗത്തില്‍ സര്‍വ്വശിക്ഷ അഭിയാന്റെ കീഴില്‍ സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് നിയമനത്തില്‍ ക്രമക്കേടും തട്ടിപ്പും നടത്തി അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുത്തിയതായി പരാതി. സംഭവത്തെ തുടര്‍ന്ന് എസ്.എസ്.എ. ജില്ലാ പ്രൊജക്ട് ഓഫീസറെ എതിര്‍കക്ഷിയാക്കി കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് പരാതി നല്കി. 2016 നവംബര്‍ 18ന് കാസര്‍കോട് എസ്.എസ്.എ. ഓഫീസില്‍ സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് നിയമനത്തിനായി നടത്തിയ അഭിമുഖത്തില്‍ വഴിവിട്ടുള്ള നിയമനത്തിന് റാങ്ക് ലിസ്റ്റ് ഉണ്ടാക്കിയതില്‍ അപാകതയുണ്ടെന്നും അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കുറ്റിക്കോല്‍ സ്വദേശിയായ പീതാംബരനാണ് നിയമ നടപടിക്കുവേണ്ടി വിവരാവകാശ പ്രകാരം ലഭിച്ച വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഹരജി നല്‍കിയത്.
ചിത്രകല, സംഗീതം വിഭാഗത്തില്‍ 140 (ചിത്രകല 96, സംഗീതം 44) ഉദ്യോഗാര്‍ത്ഥികളെ ഒറ്റദിവസം കൊണ്ട് അഭിമുഖം നടത്തി മാനദണ്ഡങ്ങളും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും അവഗണിച്ചുവെന്നും ഹരജിയില്‍ പരാതിക്കാരന് ബോധിപ്പിച്ചു. ചിത്രകല വിഭാഗത്തില്‍ 80 വയസ്സ് പ്രായമുള്ള സബ്ജക്ട് എക്സ്പേര്‍ട്ട് ഏകദേശം 4 മണിക്കൂര്‍ മാത്രം കൊണ്ട് നടത്തിയ അഭിമുഖ്യത്തില്‍ തൊഴിലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉണ്ടായില്ലെന്ന് എംപ്ലോയ്മെന്റ് തൊഴില്‍ കാര്‍ഡ് മാനദണ്ഡമാക്കിയില്ലെന്നും പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ യോഗ്യതക്ക് നല്കിയ മാര്‍ക്കിലും അപാകതയുണ്ട്. ജില്ലാ ഉദ്യോഗാര്‍ത്ഥികളെ മറികടന്ന് അന്യജില്ലക്കാര്‍ക്ക് നിയമനം നല്‍കിയതിലും എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ മുതല്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ കല, കായികം, പ്രവൃത്തിപരിചയം എന്നീ വിഭാഗങ്ങളിലാണ് നിയമനം നടന്നത്. 29,400 രൂപയാണ് പ്രതിമാസ ശമ്പളം സര്‍ക്കാര്‍ നിശ്ചയിച്ചത്. കേരള വിദ്യാഭ്യാസ നിയമം അനുശാസിക്കുന്ന യോഗ്യത ഉള്ളവരെയാണ് നിയമിക്കേണ്ടതെന്ന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. എപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മുന്‍ഗണനാ ക്രമത്തില്‍ അഭിമുഖം നടത്തി നിയമനം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് സര്‍വ്വ ശിക്ഷ അഭിയാന് ചുമതലപ്പെടുത്തുകയായിരുന്നു. അധ്യാപക നിയമന അഭിമുഖ്യത്തില്‍ സ്വജനപക്ഷപാതവും സ്വതാത്പര്യവും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായി. ജില്ലയിലെ കഴിവും പ്രശസ്തിയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതുമൂലം അവസരം നഷ്ടമായെന്ന് പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: