ചവറ: പന്മന കന്നിട്ടക്കടവില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. എസ്എന്‍ഡിപി ശാഖ സെക്രട്ടറിയും ഐഎന്‍ടിയുസി നേതാവുമടക്കം അഞ്ചുപേര്‍ക്ക് വെട്ടേറ്റു. പൊന്മന 195-ാം നമ്പര്‍ ശാഖാസെക്രട്ടറിയും ഐഎന്‍ടിയുസി പന്മന മണ്ഡലം പ്രസിഡന്റുമായ പൊന്മന നിശാന്താലയത്തില്‍ പ്രശാന്ത്(31), പന്മന മിടാപ്പള്ളി ചൊക്കന്‍തറയില്‍ രതീഷ്(31), കണ്ണന്‍കുളങ്ങര പുത്തന്‍പുരയില്‍ വിഷ്ണു(26), ചിറ്റൂര്‍ സ്വദേശികളായ അപ്പുണ്ണി, ശ്രീകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൈയ്‌ക്കും തലക്കും ഗുരുതരമായി വെട്ടേറ്റ പ്രശാന്ത്, രതീഷ്, വിഷ്ണു എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലും മറ്റ് രണ്ടുപേരെ കൊല്ലം ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രി 11നാണ് സംഭവം നടന്നത്. പ്രശാന്തും മകനുമായി ബൈക്കില്‍ വരുന്നതിനിടയില്‍ ഉപ്പൂന്നയില്‍ ജങ്ഷനില്‍ വച്ച് അപ്പുണ്ണിയും കൂട്ടുകാരുമായി വാക്കേറ്റം നടന്നു. ഇതിനിടെ സംഘം പ്രശാന്തിനെ മര്‍ദ്ദിച്ചതായി ഇയാള്‍ ചവറ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
നാട്ടുകാര്‍ കൂടിയതോടെയാണ് സംഘം ബൈക്കില്‍ രക്ഷപെട്ടത്. പോലീസില്‍ പരാതിനല്‍കി വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ കന്നിട്ടകടവില്‍ അപ്പുണ്ണിയുടെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായി എത്തിയ സംഘം പ്രശാന്തിനെ വെട്ടുകയായിരുന്നു. തടസം പിടിക്കുന്നതിനിടയിലാണ് വിഷ്ണുവിനും രതീഷിനും വെട്ടേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് രാജേഷ് എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജില്ല ആശുപത്രിയില്‍ കഴിയുന്ന അപ്പുണ്ണിയും ശ്രീകുമാറും പോലീസ് നിരീക്ഷണത്തിലാണ്.
















