പത്തനാപുരം: ഒരാഴ്ചയ്‌ക്കിടെ രണ്ടപകടങ്ങള്‍, മരണസംഖ്യ ഏഴ്. ഞെട്ടല്‍ മാറാതെ കുന്നിക്കോട് മേഖല. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും വേണ്ടത്ര സുരക്ഷയൊരുക്കാന്‍ നിയമപാലകരോ അധികൃതരോ തയ്യാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു. പ്രദേശത്തെ ഞെട്ടിച്ച അപകമുണ്ടായത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. പച്ചിലവളവില്‍ ആംബുലന്‍സും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ആംബുലന്‍സിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് ഇന്നലെ വൈകിട്ട് കുന്നിക്കോട് ജംഗ്ഷന് സമീപം ദമ്പതികളുടെ മരണത്തിന് കാരണമായ ബൈക്ക് അപകടമുണ്ടാകുന്നത്. അപകടകരമായ വളവുകളാണ് പച്ചിലവളവിനെ അപകടമേഖലയാക്കുന്നതെങ്കില്‍ കുന്നിക്കോട് ആയുര്‍വേദാശുപത്രിക്ക് സമീപം അപകടം ക്ഷണിച്ചുവരുത്തുന്നത് അനധികൃതമായ വ്യാപാരങ്ങളാണ്. വൈകുന്നേരങ്ങളില്‍ ഇവിടെ റോഡ് വശങ്ങളില്‍ സജീവമാകുന്ന വിപണനകേന്ദ്രങ്ങളിലേക്ക് നിരവധിയാളുകള്‍ എത്താറുണ്ട്. അംഗീകൃത മാര്‍ക്കറ്റ് കുന്നിക്കോട് ഉണ്ടെങ്കിലും ദേശീയപാതയോരത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇവിടെയാണ് വ്യാപാരികള്‍ക്ക് ഏറെ പ്രിയം. സന്ധ്യയാകുന്നതോടെ തിരക്കേറുന്ന ഇവിടെ അപകടങ്ങള്‍ പതിവാണ്. അനധികൃത വിപണനം നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടികളില്ല. തിരുവനന്തപുരം കൂതാളി തണ്ണിമല ഉടയന്‍കാവില്‍ വിജയകുമാര്‍ (48), ഭാര്യ ബിന്ദു (42) എന്നിവരാണ് ബൈക്കപകടത്തില്‍ കഴിഞ്ഞദിവസം മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ബിന്ദുവിന്റെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ലോറിയിടെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. റോഡിലേക്കുള്ള വീഴ്ചയില്‍ തലയ്‌ക്കേറ്റ ഗുരുതരപരിക്കാണ് വിജയകുമാറിന്റെ മരണകാരണം. അപകടത്തില്‍പ്പെട്ട ദമ്പതിമാരെ കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ടാപ്പിങ്ങ് നടത്തി വന്നിരുന്ന കുടുബം പതിനഞ്ച് വര്‍ഷമായി പത്തനംതിട്ടയിലായിരുന്നു താമസം. രണ്ടാഴ്ച മുമ്പാണ് പത്തനാപുരം മാങ്കോട്ടേക്ക് ഷോട്ടര്‍ ടാപ്പിങ്ങിനായി താമസം മാറിയത്. ബൈക്കില്‍ തിരുവനന്തപുരത്തെ വീട്ടിലെത്തി പത്തനാപുരത്തേക്ക് മടങ്ങുംവഴിയാണ് അപകടം നടന്നത്.
















