കല്ലടിക്കോട്: കല്ലടിക്കോടന്‍ മലയോരമേഖലയും സമീപ പ്രദേശങ്ങളും വേനല്‍ചൂടിന്റെ വറുതിയില്‍. ജലസമ്പത്തിന്റെ ജീവ നാഡികളായ തോടുകളും നീരുറവകളും വറ്റി വരണ്ടു.
ആശ്വാസമായി എത്തുന്ന വേനല്‍ മഴയുടെ അനുഗ്രഹമാണ് പ്രദേശത്തെ കടുത്ത ജലക്ഷാമത്തില്‍നിന്നും രക്ഷിക്കുന്നത്. കല്ലടിക്കോടന്‍ മലയില്‍ നിന്നും ഉല്‍ഭവിക്കുന്ന തുപ്പനാട് പുഴ ചെറു നീരുറവമാത്രമായി കഴിഞ്ഞു. പുഴകളും തോടുകളും വറ്റിയതോടെ കിണറുകളിലെ ജലലഭ്യതയും കുറഞ്ഞു.
കരിമ്പ, കടമ്പഴിപ്പുറം, കാരാകുറുശ്ശി പഞ്ചായത്തുകള്‍ കടുത്ത ജലക്ഷാമത്തിലാണ്. തുപ്പനാട് പുഴയില്‍ വെള്ളം കുറഞ്ഞ് പലപ്പോഴും ഒഴുക്കുതന്നെ നിലക്കുന്നുണ്ട്. പുഴയിലെ തടയണകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്.
ജല ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ തുപ്പനാട് പുഴയില്‍ നിന്നും സമീപ കിണറുകളിലേക്ക്വെള്ളം ഇറങ്ങാതായി. തുടര്‍ന്ന് കിണറിന് സമീപത്ത് മണ്ണ് ബണ്ട് കെട്ടി വെള്ളം തിരിച്ച് വിടുകയായിരുന്നു.
മീന്‍ വല്ലം ജലവൈദ്യുതി പദ്ധതി ഉള്‍പ്പെടുന്ന തുപ്പനാട് പുഴ മൂന്ന് പഞ്ചായത്തുകളിലെ പ്രധാന കുടിവെള്ള സ്രോതസ് കൂടിയാണ്. ചെറു നീരുറവയെങ്കിലും അവശേഷിപ്പിച്ചിരുന്ന വേലിക്കാട്,സത്രംകാവ്,കല്ലന് തോടുകളുംവറ്റി വരണ്ടു, മാച്ചാന്തോടും വറ്റി. വനത്തിനകത്തെ അരുവികള്‍ എവിടെ എന്നുപൊലും അറിയാത്ത അവസ്ഥയിലായതോടെ കാട്ടുമൃഗങ്ങളുടെ ശല്യവും വര്‍ദ്ധിച്ചിട്ടുണ്ട്.
മേഖലയില്‍ വന്‍ തോതില്‍ നടക്കുന്ന പ്രകൃതി ചൂഷണവും ഇപ്പോഴത്തെ അവസ്ഥക്ക് കാരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: