പുനലൂര്‍: കിഴക്കന്‍മേഖലയില്‍ ആഫ്രിക്കന്‍ഒച്ചിന്റെ ശല്യം വര്‍ദ്ധിക്കുന്നു. കരവാളൂര്‍ പഞ്ചായത്തിലായിരുന്നു ശല്യം രൂക്ഷമെങ്കില്‍ ഇപ്പോള്‍ അത് തൊട്ടടുത്ത പഞ്ചായത്തായ ഏരൂരിലേക്കും വ്യാപിച്ചിരിക്കുകയാണ്. പകല്‍ സമയങ്ങളില്‍ മരച്ചില്ലകളിലും കരിയിലകളിലും ഒളിച്ചിരിക്കുന്ന ഒച്ചുകള്‍ രാത്രികാലങ്ങളിലാണ് പുറത്തിറങ്ങുന്നത്.
കരവാളൂരിലെ കുണ്ടമണ്‍, അടുക്കളമൂല, മാത്ര പ്രദേശങ്ങളിലും ഏരൂരിലെ മണലില്‍, അയിലറ, തുമ്പോട് ഭാഗങ്ങളിലുമാണ് ഒച്ചുകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. കാര്‍ഷികവിളകള്‍ പൂര്‍ണമായും ഇവ നശിപ്പിച്ചുകഴിഞ്ഞു. മഴക്കാലമായതോടെ ഇവ തോടുകളിലൂടെയും മറ്റും പ്രദേശമാകെ വ്യാപിക്കുകയാണ്. ചെറുകൃഷികള്‍ക്ക് പുറമേ വാഴ, ചേന, ചേമ്പ് എന്നിവയും പൂര്‍ണമായും തിന്നു നശിപ്പിക്കുന്നു. പുകയിലയും മണ്ണെണ്ണയും ചേര്‍ന്ന മിശ്രിതവും ഉപ്പുമാണ് ഇതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗം. എന്നാല്‍ ചത്തുവീഴുന്ന ഒച്ചുകളില്‍ നിന്നും അതിരൂക്ഷമായ ഗന്ധമാണ് പുറപ്പെടുന്നത്. ഈ പ്രദേശങ്ങളില്‍ ആഹാരംകൂടി കഴിക്കാന്‍ വയ്യാത്ത അവസ്ഥയാണെന്ന് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡി. ശങ്കരമണി ജന്മഭൂമിയോട് പറഞ്ഞു. ഒച്ചുകളെ പേടിച്ചുകഴിയുകയാണ് ഒരു ഗ്രാമം. ഒച്ചുകളെ തൊടരുതെന്ന് പറയുന്നതല്ലാതെ ആരോഗ്യവകുപ്പും ഇതിനെ ഗൗരവമായി കാണുന്നതുമില്ല.
















