മലപ്പുറം: ആര്‍ക്ക് അനുകൂലമായാണ് വോട്ടര്‍മാര്‍ ചൂണ്ടുവിരലില്‍ മഷി പുരട്ടിയതെന്ന് നാളെ അറിയാം. മലപ്പുറം പാര്‍ലമെന്റ് മണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നത് നാളെയാണ്.
മലപ്പുറം ഗവ.കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണിത്തുടങ്ങും. ഏഴുമണ്ഡലങ്ങളിലെ വോട്ടുകളും ഏഴുമുറികളിലായി ഒരുമിച്ചാണ് എണ്ണുന്നത്. വോട്ടെണ്ണുന്നതിനായി പത്തുമുതല്‍ പന്ത്രണ്ടുവരെ മേശകള്‍ ഓരോ കേന്ദ്രത്തിലുമുണ്ടാകും. ആദ്യം തപാല്‍വോട്ടുകളാണ് എണ്ണുക. എട്ടരയോടെ തന്നെ ആദ്യഫലസൂചനകള്‍ പുറത്തുവരും. 11 മണിയോടെ ചിത്രം വ്യക്തമാകും. വോട്ടെടുപ്പ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മലപ്പുറം ഗവ.കോളേജില്‍ ശക്തമായ സുരക്ഷയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ഒരുക്കിയിരിക്കുന്നത്. കേന്ദ്രസേനയുടെ മൂന്നുതലത്തിലുള്ള കാവലാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നൂറോളം പോലീസുകാരും കാവലിനുണ്ട്.
12ന് നടന്ന വോട്ടെടുപ്പില്‍ 71.33 ശതമാനമായിരുന്നു പോളിംങ്. 2014ല്‍ ഇത് 71.42 ശതമാനമായിരുന്നു. നേരിയ വ്യത്യാസമാണെങ്കിലും ലീഗിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിപ്പോയി. കുഞ്ഞാലിക്കുട്ടിയുടെ തട്ടകമായ വേങ്ങരയില്‍ തണുത്ത പ്രതികരണമാണ് ലഭിച്ചത്. ഒന്നര ലക്ഷത്തിലേറെ പുതിയ വോട്ടര്‍മാരുണ്ടായിട്ടും ആനുപാതികമായി പോളിംങ് വര്‍ധിക്കാത്തത് ലീഗിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.
രണ്ടുലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന അവകാശവാദവുമായാണ് ലീഗ് പ്രചാരണത്തിനിറങ്ങിയത്. മനസാക്ഷി, സമദൂരം തുടങ്ങിയ ഓമനപ്പേരുകളിട്ട് എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും ലീഗിന് പിന്തുണ നല്‍കിയെങ്കിലും അതൊന്നും പോളിംങ് ശതമാനത്തില്‍ പ്രതിഫലിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: