കൊല്ലങ്കോട്: വടവന്നൂര്‍ വില്ലേജ് ഓഫീസില്‍ സ്ഥിരമായി വില്ലേജ് ഓഫീസറെ നിയമിക്കാത്തതിനാല്‍ നാട്ടുകാര്‍ വലയുന്നു.
വില്ലേജ് ഓഫീസര്‍ മാസത്തില്‍ വിരലിലെണ്ണാവുന്ന ദിവസം മാത്രമേ ഓഫീസില്‍ ഉണ്ടാവാറുള്ളൂ. വില്ലേജ് ഓഫീസില്‍ നിന്നും വിവിധആവശ്യങ്ങള്‍ക്കായി ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ പലപ്പോഴും യഥാസമയം ലഭ്യമാകാറില്ല.
നിത്യേന നിരവധിപ്പേരാണ് ഓഫീസറില്ലാത്തതിനാല്‍ ഇവിടെയെത്തി മടങ്ങുന്നത്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 33 ദിവസം മാത്രമാണ് വില്ലേജ് ഓഫീസര്‍ ജോലിയിലുണ്ടായിരുന്നതെന്ന് പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വില്ലേജ് ഓഫീസ് ജീവനക്കാരെ ഓഫീസിനകത്ത് പൂട്ടിയിട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു.
വിവരമറിഞ്ഞ് ഡപ്യൂട്ടി തഹസില്‍ദാര്‍ സ്ഥലത്തെത്തിയാണ് ജീവനക്കാരെ മോചിപ്പിച്ചത്.
അടുത്ത ദിവസം മുതല്‍ വില്ലേജ് ഓഫീസര്‍ ചുമതലയേല്‍ക്കുമെന്ന് ഡപ്യൂട്ടി തഹസില്‍ദാര്‍ നല്കിയ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.
മുക്കാല്‍ മണിക്കൂര്‍ ജീവനക്കാരെ പൂട്ടിയിട്ട് പ്രതിഷേധിച്ചിട്ടും തൊട്ടടുത്തുള്ള കൊല്ലങ്കോട് പോലീസ് സ്റ്റേഷനില്‍ നിന്നും പോലീസ് സ്ഥലത്തെത്തിയില്ല. ഡപ്യൂട്ടി തഹസില്‍ദാറും സമരക്കാരും പിരിഞ്ഞ് പോയി ഏറെക്കഴിഞ്ഞാണ് പോലീസെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: