അഗളി: ഗ്രാമ പഞ്ചായത്തിലെ നാലാംവാര്ഡിലുള്പ്പെടുന്ന കുക്കംപാളയം ആലംങ്ങണ്ടി റോഡു നവീകരണത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി വിജിലന്‍സ് കണ്ടെത്തി.
വിജിലന്‍സ് സി.ഐ. കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. മാര്‍ച്ചിലാണ് താവളത്തിനു സമീപമുള്ള കുക്കംപാളയം മുതല്‍ ആലംങ്ങണ്ടി വരെയുള്ള 800 മീറ്റര്‍ റോഡ് കല്ലും, മണ്ണുമിട്ട നിരപ്പാക്കി ഉയരം കൂട്ടുന്നതിനുള്ള പദ്ധതി പഞ്ചായത്ത് അനുവദിച്ചത്. ഏഴ് ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി വിനിയോഗിച്ചത്. ഒരു മാസം കൊണ്ടു പണി പുര്‍ത്തിയായ റോഡിലൂടെ സഞ്ചരിക്കാന്‍ സാധിക്കാത്തയവസ്ഥയാണ്. ഉറപ്പിച്ച് ഭാഗത്തെ കല്ലുകള്‍ ഇളകി റോഡില്‍ ചെളിവെള്ളം കെട്ടി കിടക്കുന്നയവസ്ഥയാണ്.
നിലവാരം കുറഞ്ഞ കല്ലുകളാണ് നിര്മ്മാണത്തിനുപയോഗിച്ചിരിക്കുന്നതയെന്ന് പരിശോധനയില്‍ വ്യക്തമായി. റോഡ് റോളര്‍ ഉപയോഗിച്ചു റോഡ് നിരപ്പാക്കണമെന്നുണ്ടെങ്കിലും പല ഭാഗത്തും ഇതു ചെയ്തിട്ടില്ല. ഇരു ഭാഗങ്ങളിലെയും മണ്ണ് ഒലിച്ചുപോകുവാന്‍ തുടങ്ങി.
15ഓളം കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. റോഡിലെ കല്ലുകള്‍ ഇളകി കിടക്കുന്നതിനാല്‍ ബൈക്ക് യാത്രക്കാര്‍ക്ക് അപകടങ്ങള്‍ സംഭവിക്കുന്നത് നിത്യസംഭവമാണ്.
പ്രാഥമിക യന്വേഷണത്തില് ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റോഡു നവീകരണവുമായി ബന്ധപ്പെട്ട കരാറുകാരന്റെ തുകമാറി നല്‍കുന്നത് നിര്‍ത്തിവെയ്ക്കുവാന്‍ അസിസ്റ്റന്റ് എഞ്ചിനയറോടാവശ്യപ്പെട്ടതായി വിജിലന്‍സ് സി.ഐ. പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: