മൂലമറ്റം: മൂലമറ്റം ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന വിദേശമദ്യശാല കോടതി ഉത്തരവിനെ തുടര്‍ന്ന് അറക്കുളം മൂന്നിങ്കവയലിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചിട്ടും പ്രതിഷേധം അവസാനിക്കുന്നില്ല. മദ്യശാലയ്‌ക്ക് സമീപം പന്തല്‍ കെട്ടി നടത്തുന്ന സമരം പ്രദേശത്തെ വനിതകള്‍ തുടരുകയാണ്. കുട്ടികള്‍ അടക്കമുള്ളവര്‍ സമരപ്പന്തലിലെത്തി പ്രതിഷേധ മറിയിക്കുന്നു. മൂന്നിങ്കവയലിലേക്ക് മദ്യശാല മാറ്റുന്നുവെന്ന സൂചന ലഭിച്ച ഉടന്‍ പ്രദേശവാസികള്‍ പൗരസമിതിക്ക് രൂപം നല്‍കി സമരമുഖത്ത് എത്തിയിരുന്നു. മൂന്നിങ്കവയലിലേക്ക് മദ്യശാല മാറ്റുവാനുള്ള ആദ്യ ശ്രമത്തെ നാട്ടുകാര്‍ ചെറുത്ത് തോല്‍പ്പിച്ചിരുന്നു.
കോടതി വിധിയുടെ മറപിടിച്ച് പോലീസ് സംരക്ഷണത്തോടെയാണ് രണ്ടാമത് ശ്രമത്തില്‍ മദ്യശാല മൂന്നിങ്കവയലിലേക്ക് എത്തിച്ചത്. ഇതിന്റെ പേരില്‍ നിരവധി സമരങ്ങളാണ് മൂലമറ്റത്ത് നടന്നത്.വനിതകളായിരുന്നു സമരമുഖത്ത് നിറഞ്ഞ് നിന്നത്. മദ്യശാല പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും കീഴടങ്ങാന്‍ തയ്യാറാകാതെ സമരം മുന്നോട്ട് കൊണ്ടു പോകുകയാണ് പ്രദേശത്തുള്ള സ്ത്രീകള്‍. രാവിലെ സമരപന്തലിലെത്തുന്ന ഇവര്‍ ആഹാരവും ഇവിടെ തന്നെ പാകം ചെയ്ത് കഴിക്കുന്നു.
മദ്യശാലയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നത് വരെ സമരമുഖത്ത് തുടരുവാനാണ് തീരുമാനം.
















