കുമളി: എക്‌സൈസ് പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മൂന്ന് കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍. ഗൂഢല്ലൂര്‍ മേലെ ഗൂഡല്ലൂര്‍ സ്വദേശി രാജാങ്കം (54) ആണ് പിടിയിലായത്. പിടിയിലായത് പതിവായി വനത്തിനുള്ളിലൂടെ കഞ്ചാവ് തലച്ചുമടായി കടത്തുന്നയാള്‍.
അസി. എക്‌സൈസ് കമ്മീഷണര്‍ക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് 6.30യോടെ കേസ് പിടികൂടിയത്. മുമ്പ് പിടികൂടിയ പ്രതിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ എക്‌സൈസ് സംഘം വിളിച്ച് വരുത്തി കുടുക്കുകയായിരുന്നു. 3 കിലോ കഞ്ചാവിന് 30000 രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. തമിഴ്‌നാട്ടില്‍ നിന്നും ബിഗ്‌ഷോപ്പറിലാക്കി ഇടവഴിയിലൂടെ കഞ്ചാവ് കടത്തി കുമളി അമരാവതി ഭാഗത്തെത്തിയപ്പോഴാണ് പ്രതി കുടുങ്ങുന്നത്. പതിവായി ഇത്തരത്തില്‍ കടത്തുന്നതായും എറണാകുളത്തുള്ളവരാണ് സ്ഥിരമായി കഞ്ചാവ് ഇവിടെ എത്തി വാങ്ങുന്നതെന്നുമാണ് പിടിയിലായ ആള്‍ നല്‍കുന്ന വിവരം. ഇടുക്കി അസി. എക്‌സൈസ് കമ്മീഷണര്‍ ജേക്കബ് ജോണിന്റെ നേതൃത്വത്തില്‍ രൂപികരിച്ച പ്രത്യേക സ്‌ക്വാഡാണ് കേസ് പിടിച്ചത്. പരിശോധനയില്‍ വണ്ടിപ്പെരിയാര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് ഷാജി, ജീവനക്കാരായ സതീഷ്‌കുമാര്‍, ജോബി തോമസ്. ജോസി വര്‍ഗീസ്, അരുണ്‍ ബി കൃഷ്ണന്‍, പി കെ അനില്‍കുമാര്‍, സ്‌ക്വാഡ് അംഗങ്ങളായ സേവ്യര്‍ പി ഡി, ലിജോ ജോസഫ്, എന്നിവര്‍ പങ്കെടുത്തു. ഇതോടെ ഈ വര്‍ഷം വണ്ടിപ്പെരിയാറില്‍ ഇത് വരെ കണ്ടെത്തിയത് 51 കേസുകളായി.
















