ചവറ: നീണ്ടകര ടാഗോര്‍ ജങ്ഷനില്‍ സാമൂഹ്യവിരുദ്ധ അക്രമം. ബൈക്കുകളില്‍ എത്തിയ സംഘം രണ്ട് കടകള്‍ അടിച്ചു തകര്‍ത്തു. കഴിഞ്ഞദിവസം രാത്രി 11നാണ് സംഭവം. ടാഗോര്‍ ജങ്ഷനിലെ സുപ്രഭാതം വീട്ടില്‍ സജീവന്റെ കടക്ക് നേരെയാണ് ആദ്യം അക്രമം നടത്തിയത്. കട തല്ലിതകര്‍ക്കുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. പിന്നീട് സമീപത്തെ അശോകന്റെ കടക്ക് നേരെയും അക്രമം നടന്നു. അഞ്ചു ബൈക്കുകളിലായി എത്തിയ സംഘമാണ് അക്രമം അഴിച്ചുവിട്ടത്. കടകളില്‍ നിന്നുമെടുത്ത പത്തോളം കെയിസ് സോഡ കുപ്പികള്‍ റോഡില്‍ എറിഞ്ഞുടച്ചതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. ശാസ്താംകോട്ടയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസ് തടഞ്ഞിടുകയും മാരകായുധങ്ങള്‍ കാട്ടി യാത്രക്കാരെയും ജീവനക്കാരേയും ഭീഷണിപെടുത്തുകയും ചെയ്തു. സംഭവമറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ചതോടെയാണ് അക്രമിസംഘം ബൈക്കുകളില്‍ കടന്നുകളഞ്ഞത്. ചവറ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
















