പാലക്കാട് : മലമ്പുഴ ജലാശയത്തിന് പരിസരത്ത് കന്നുകാലികള്‍ മേയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഏപ്രില്‍ 15 മുതല്‍ പിടിച്ച് കെട്ടി ലേലം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു. ഇതു സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. ജലസേചനവകുപ്പ് നടത്തിയ പരിശോധനയില്‍ ഡാമിലെ വെള്ളത്തില്‍ ഇ.കോലി ബാക്റ്റീരിയ കണ്ടെത്തി.
കന്നുകാലികളുടെ ഉടമസ്ഥരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത് മലമ്പുഴയില്‍ നടന്ന ചര്‍ച്ചയിലാണ് കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചത്. മാരക രോഗങ്ങള്‍ പടരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും പാലക്കാട് നഗരത്തിലെ രണ്ട് ലക്ഷത്തോളം ജനങ്ങളും ഷൊര്‍ണൂര്‍, പട്ടാമ്പി, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളും ഉപയോഗിക്കുന്ന വെള്ളം സംരക്ഷിക്കേണ്ടത് എല്ലാവരുടേയും ചുമതലയാണ്.
15 മുതല്‍ സംരക്ഷിത മേഖലയില്‍ കണ്ടെത്തുന്ന കന്നുകാലികളെ പിടിച്ച് കെട്ടി ലേലം ചെയ്ത് സര്‍ക്കാരിലേക്ക് മുതല്‍കൂട്ടും. ഉടമസ്ഥര്‍ക്കെതിരെ സംരക്ഷിത മേഖലയായതിനാല്‍ ഡിഫെന്‍സ് ആക്റ്റ് പ്രകാരം നടപടിയെടുക്കുന്നതുകൂടാതെ ജലമലിനീകരണ നിയന്ത്രണ ആക്റ്റ്, ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനെന്ന നിലയ്ക്ക് ജല്ലാ കലക്ടറില്‍ നിക്ഷിപ്തമായ അധികാരം എന്നിവയുടെ അടിസ്ഥാനത്തിലും നിയമനടപടി സ്വീകരിക്കും.
റിവെര്സൈഡ്, ഏലാട്ട്, വേലാപൊറ്റ എന്നിവിടിങ്ങളില്‍ പൈനാപ്പിള്‍ കൃഷി ചെയ്യുന്നവര്‍ ഉപയോഗിക്കുന്ന കീടനാശിനികളെക്കുറിച്ച് അന്വേഷിക്കണമെന്ന് തദ്ദേശീയര്‍ ആവശ്യപ്പെട്ടു. പന്നിയും മാനും കാട്ടില്‍ നിന്നും സംരക്ഷിതമേഖലയിലേയ്ക്ക് കടക്കുന്നത് വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനിച്ചു. കോമ്പള്ളം ഭാഗത്തുള്ള പന്നിവളര്‍ത്തല്‍ കേന്ദ്രത്തിനെതിരെ നടപടിയുണ്ടാവണമെന്നും ആവശ്യമുയര്‍ന്നു.
സംരക്ഷിതമേഖലയിലൂടെ റിങ് റോഡ് നിര്‍മിച്ചിട്ടും പൊതുജനങ്ങളും ടൂറിസ്റ്റുകളും കമ്പിവേലി പൊളിച്ച് ഡാം പരിസരത്ത് കടക്കുന്നതും നിരീക്ഷിക്കാന്‍ തീരുമാനിച്ചു. .യോഗത്തില്‍ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എന്്.ശിവദാസന്‍, മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി വര്‍ഗീസ് , അകമലവാരം വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണന് , കേരള കര്‍ഷക സംരക്ഷണ അസോസിയേഷന് പ്രസിഡന്റ് ഒ.ഇ.ജനാര്ദ്ദനന്, ഉദ്യോഗസ്ഥര്‍ പ്രദേശവാസികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: