കുണ്ടറ: പെരിനാട് ഗ്രാമപഞ്ചായത്തില്‍ പ്രകൃതി ചുഴലിക്കാറ്റിന്റെ രൂപത്തില്‍ കഴിഞ്ഞദിവസം താണ്ഡവമാടി. ചാറ്റല്‍ മഴയുടെ രൂപത്തില്‍ തുടങ്ങിയ മഴ പെട്ടെന്ന് ഏതാനും നിമിഷം മാത്രം നീണ്ടുനില്‍ക്കുന്ന ചുഴലിക്കാറ്റായിമാറി. അതിശക്തമായ കാറ്റ് പെരിനാട് പഞ്ചായത്തിന്റെ ജനജീവിതം താറുമാറാക്കി. വന്‍വൃക്ഷങ്ങള്‍ കാറ്റില്‍ ഒടിഞ്ഞ് വീടിന്റെയും കാലിത്തൊഴുത്തിന്റെയും മതിലിന്റെയും ഇലക്ട്രിക് പോസ്റ്റിന്റേയും മുകളിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു. ഇടവട്ടം ചിറയില്‍ പുത്തന്‍വീട്ടില്‍ സുജാത, ശ്രീലക്ഷ്മിയില്‍ ഓമനയമ്മ, തെങ്കര ഗോകുലത്തില്‍ മുരളീധരന്‍പിള്ള, തോട്ടുകര കലാമന്ദിരത്തില്‍ ശ്രീകല, നെടിയവിള വീട്ടില്‍ മണികണ്ഠന്‍, തെങ്ങയ്യത്ത് വീട്ടില്‍ വിജയന്‍പിള്ള എന്നിവരുടെ വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 410 വീടുകളും കാലിത്തൊഴുത്തും മതിലുകളും കടകളും തകര്‍ന്നതായി പെരിനാട് വില്ലേജ് ഓഫീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. ഇവിടെ ആയിരത്തോളം ഇലക്ട്രിക്ക് പോസ്റ്റുകള്‍ ഒടിഞ്ഞും പിഴുതും റോഡില്‍ കിടക്കുകയാണ്. ഇതുമൂലം രണ്ടുദിവസമായി വൈദ്യുതിയില്ലാത്ത അവസ്ഥയാണ്. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള തകൃതിയായ ശ്രമത്തിലാണ് അധികൃതര്‍. പുരയിടങ്ങളില്‍ ചെറുതും വലുതുമായ മരങ്ങള്‍ കടപുഴകി കിടക്കുകയാണ്. റോഡിലും സമാനമായ അനുഭവമാണ്. നാട്ടുകാരും അധികൃതരും ഗതാഗതം പുനഃസ്ഥാപിക്കാന്‍ വേണ്ടിയുള്ള കഠിനപ്രയത്‌നത്തിലാണ്. ഇതിനിടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സുനില്‍ഭവനില്‍ അനില്‍കുമാര്‍ നെഞ്ചില്‍ മരം വീണ് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില അതീവഗുരുതരമാണ്. കലാസദനത്തില്‍ സുമതിയമ്മയും പരിക്ക് പറ്റി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു പഞ്ചായത്തിലെ മുഴുവന്‍ കൃഷിയും സമ്പത്തും നിലപരിശാക്കിക്കൊണ്ടാണ് ചുഴലിക്കാറ്റ് പെരിനാട് പഞ്ചായത്തില്‍ താണ്ഡവമാടിയത്.
















