കൊട്ടാരക്കര: സൈനികനിര്‍ദേശം കര്‍ശനമായി പാലിച്ച് ഏനാത്ത് ബെയ്‌ലി പാലത്തിലൂടെ ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി.
പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാണ് പാലത്തിലൂടെയുള്ള ഗതാഗതം. ഇരുചക്രവാഹനങ്ങള്‍, ചെറുവാഹനങ്ങള്‍, ആംബുലന്‍സ് എന്നിവയാണ് കടത്തിവിടുന്നത്. ഒരുസമയം ഒരുദിശയില്‍ നിന്നുള്ള ഓരോ വാഹനം വീതമാണ് കടത്തിവിടുന്നത്. ഇതിനായി ഇരുകരകളിലും സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പലപ്പോഴും സിഗ്‌നല്‍ ലൈറ്റുകള്‍ ഗതാഗതത്തിന്റെ താളം തെറ്റിക്കുമ്പോള്‍ ഇരുകരകളിലും വിന്യസിച്ചിട്ടുള്ള പോലീസുകാര്‍ നിയന്ത്രണം ഏറ്റെടുക്കും. 18 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലമാണെങ്കിലും കരസേനയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഒരു വാഹനം മാത്രം കടത്തിവിടുന്നത്. പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാനും അനുവദിക്കില്ല. മൂന്ന് മീറ്ററില്‍ കൂടുതല്‍ ഉയരമുള്ളതും ഭാരം കയറ്റിയതുമായ വാഹനങ്ങള്‍ കടത്തി വിടില്ല.
പാലത്തിന്റെ രണ്ടു വശങ്ങളിലും കാല്‍നടയാത്രക്കുള്ള സൗകര്യമുണ്ടെങ്കിലും കര്‍ശന നിയന്ത്രണമാണ് ഇവിടെയും. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനാല്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്.
ഒരു വാഹനം ഇക്കര നിന്നും അക്കരയെത്താന്‍ ഏകദേശം 30 മിനിറ്റ് ആവശ്യമായി വരുന്നു. ഗതാഗതക്കുരുക്ക് മൂലം എംസി റോഡില്‍ വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. മഴ പെയ്തതോടെ കാല്‍നടയാത്രയും കഠിനമായി.
















