കല്‍പ്പറ്റ : ബാങ്ക് വായ്പ തരപ്പെടുത്താമെന്നുപറഞ്ഞ് തൊഴില്സംരഭം തുടങ്ങിയ വനവാസി യുവതിയെ പറ്റിച്ചതായി പരാതി. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കരിങ്കുറ്റി ആലക്കണ്ടി കോളനിയിലെ മഹിത(22) ആണ് തട്ടിപ്പിന് ഇരയായത്. പ്ലസ്സ്ടു പാസായ പണിയ വിഭാഗത്തിലെ മഹിതയെ അഡ്വക്കറ്റ് ആണെന്നുപറഞ്ഞ് പരിചയപ്പെടുത്തിയ മാമച്ചന് തോമസ് എന്നയാളാണ് തട്ടിപ്പ് നടത്തിയത്.
പട്ടിക വിഭാഗമായ മഹിതക്ക് സ്വയം തൊഴില്‍ വായ്പ ലഭ്യമാക്കാം എന്നായിരുന്നു മാമച്ചന് വാഗ്ദാനം ചെയ്തത്. ഇതനുസരിച്ച് ഇയാള്‍ ചില പേപ്പറുകളില്‍ ഒപ്പിടുവിക്കുകയും എസ്ബിഐ കൈനാട്ടി ശാഖയില്‍ മഹിതയെ കൊണ്ട് പോകുകയും ചെയ്തു. ബാങ്ക് നാല് ലക്ഷത്തി എഴുപതിനായിരം രൂപ അനുവദിച്ചു. കെട്ടിട നിര്‍മ്മാണത്തിനുള്ള തട്ട്, മുട്ട് സാമഗ്രികളുടെ വാടക വില്‍പ്പനക്കാണ് ബാങ്ക് തുക അനുവദിച്ചത്. നാലര ലക്ഷം രൂപ ബത്തേരിയിലെ സ്വകാര്യ സ്ഥാപനത്തിന്റെ പേരില്‍ ഡിഡി ആയിട്ടാണ് മെറ്റീരിയല്‍ വാങ്ങുന്നതിന് അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മഹിത തെക്കുംതറയില്‍ അമൃത റെന്റല്‍ സ്റ്റോര്‍ എന്ന പേരില്‍ കട തുടങ്ങുകയും ചെയ്തു. ബാങ്ക് അധികൃതര്‍ ഒരാഴ്ച്ച കഴിഞ്ഞ് സ്റ്റോക്ക് വേരിഫിക്കേഷന് എത്തിയ സമയത്താണ് കടയില്‍ ഒരു ലക്ഷത്തില്‍ താഴെ വിലയുള്ള സ്റ്റോക്ക് മാത്രമെ ഉള്ളു എന്ന് ബോധ്യപ്പെട്ടത്. നാലര ലക്ഷം രൂപയുടെ ഡിഡി കൈപ്പറ്റി വെറും ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ നല്കി മൂന്നര ലക്ഷം രൂപയുടെ തട്ടിപ്പാണ് അഡ്വക്കറ്റ് എന്ന് പരിചയപ്പെടുത്തിയ മാമച്ചന് തോമസും ബത്തേരിയിലെ കടയുടമയും ചേര്‍ന്ന് നടത്തിയതെന്ന് മഹിത ആരോപിക്കുന്നു. തുടര്‍ന്ന് ഇവര്‍ കമ്പളക്കാട് പോലീസില്‍ പരാതി നല്കി.
നീതിവേദി പ്രവര്‍ത്തകയായ മറ്റൊരു യുവതിയാണ് മഹിതയെ മാമച്ചന് എന്നയാലെ പരിചയപ്പെടുത്തിയത്. മഹിതക്ക് നീതി ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ശാന്തകുമാരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: