തൃശൂര്‍:ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണസമിതി പിരിച്ചുവിട്ടുള്ള സര്‍ക്കാരിന്റെ നീക്കം പെന്‍ഷന്‍ വിതരണത്തെയും ബാധിച്ചേക്കും. ക്ഷേമപെന്‍ഷനുകള്‍ വീടുകളിലെത്തിക്കുകയെന്ന പ്രഖ്യാപനത്തോടെ സഹകരണ ബാങ്കുകള്‍ മുഖേന കഴിഞ്ഞ ഓണക്കാലം മുതലാണ് നടപ്പിലാക്കിയത്. ആദ്യഘട്ടത്തിലെ വിതരണത്തിലെ വീഴ്ചകള്‍ ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
ഇത്തവണ വിഷുവും ഈസ്റ്ററും പ്രമാണിച്ചു ജനുവരി മുതലുള്ള മൂന്നു മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശികയുടെ വിതരണം കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചിരിക്കെയാണ് ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണസമിതികളെ പിരിച്ചുവിട്ടുള്ള സര്‍ക്കാര്‍ നടപടി. പ്രാഥമിക സഹകരണ ബാങ്കുകളുടെ പണം ജില്ലാ സഹകരണ ബാങ്കുകളിലാണ് നിക്ഷേപിക്കുന്നത്. ജില്ലാ ബാങ്ക് ഇത് മറ്റ് പൊതുമേഖലാ ദേശസാല്‍കൃത ബാങ്കുകളിലും നിക്ഷേപിക്കും.
ജില്ലാ ബാങ്കിന്റെ ക്രയവിക്രയത്തിന് ഈ ബാങ്കുകളിലെ നിക്ഷേപത്തില്‍ നിന്നുമാണ് പണം ലഭ്യമാക്കുക. നിലവിലെ സാഹചര്യത്തില്‍ കറന്‍സി ക്ഷാമവും നേരിടുന്നതോടെ ബാങ്കുകളില്‍ അവരുടെ ആവശ്യത്തിനുള്ള പണം പോലും ഇല്ലാതിരിക്കെ മറ്റ് അക്കൗണ്ടുകളിലേക്ക് നല്‍കുന്നത് തടസപ്പെടും.
ഇതാകട്ടെ രാഷ്‌ട്രീയമായും, ഭരണപരമായുമുള്ള ഇടപെടലോടെയായിരുന്നു. അഡ്മിനിസ്‌ട്രേട്ടര്‍ക്ക് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുകയെന്നതല്ലാതെ മറ്റൊന്നിലേക്കും ഇടപെടാനാവില്ലെന്നത് പെന്‍ഷന്‍ വിതരണത്തെയും വിവിധ വായ്‌പാപേക്ഷകരെയും വലക്കുന്നതാണെന്ന് ബാങ്ക് അധികൃതരും ജീവനക്കാരും അഭിപ്രായപ്പെടുന്നു.
















