പാലക്കാട് : അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയരുമ്പോള്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനം താളം തെറ്റുന്നതിനെ തുടര്‍ന്ന് താപം പുറത്ത് കളയുന്നതിന് തടസമുണ്ടായി ശരീരത്തിന്റെ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം അല്ലെങ്കില്‍ ഹീറ്റ് സ്ട്രോക്ക്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
* ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കിലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും രണ്ട്-നാല് ഗ്ലാസ് വെള്ളം കുടിക്കുക. ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരങ്ങാവെള്ളവും കുടിക്കുക.
* വെയിലത്ത് നിന്നുള്ള ജോലികള്‍ ഒഴിവാക്കുക. ചെയ്യേണ്ടിവന്നാല്‍ തണലിടം കണ്ടെത്തുകയും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുകയും വേണം.
* കട്ടി കുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
* പ്രായാധിക്യമുള്ളവരുടേയും (65 വയസിന് മുകളില്‍) കുഞ്ഞുങ്ങളുടേയും (നാല് വയസിന് താഴെയുള്ളവര്‍) മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയുളളവരുടേയും ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ വെക്കണം.
* വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും ചൂട് പുറത്ത് പോകത്തക്ക രീതിയിലും വാതിലുകളും ജനലുകളും തുറന്നിടണം. (പ്രത്യേകിച്ച് ടിന്/ആസ്ബസ്റ്റോസ് മേല്ക്കൂരയാണെങ്കില്)
* വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.
* ത്വക്കിലും ശരീരത്തിലും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ വെയിലത്ത് നിന്ന് മാറി നിന്ന് തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക, കൈകാലുകളും മുഖവും കഴുകുക, കുളിക്കുക.
* സുര്യാഘാതത്തെ തുടര്‍ന്നുള്ള പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടികക്കരുത്. സൂര്യാഘാതമാണെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കണം .
* ചൂടിനെ തുടര്‍ന്ന് ശരീരം വിയര്‍ത്ത് ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതുമൂലം കൈകാലുകളിലും, ഉദരപേശികളിലും പേശീവലിവ് അനുഭവപ്പെടുകയാണെങ്കില്‍ തണലിലേക്ക് മാറണം. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം എന്നിവ കുടിക്കുന്നത് ഫലപ്രദമാണ്.
സൂര്യാഘാതം – ലക്ഷണങ്ങള്‍
വളരെ ഉയര്‍ന്ന ശരീരതാപത്തില്‍ (103 ഡിഗ്രി ഫാരന്‍ ഹീറ്റിന് മുകളില്‍) വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, നേര്‍ത്ത വേഗതയിലുള്ള നാഡീമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേതുടര്‍ന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. ഇത്തരത്തില്‍ മാരകമായ അവസ്ഥയില്‍ ചികിത്സ തേടണം.
ചൂടുകൊണ്ടുള്ള ശരീര തിണര്‍പ്പ്
ചൂട് കൂടുതലായുണ്ടാകുന്ന വിയര്‍പ്പിനെത്തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്ന ഹീറ്റ്റാഷ്’ കുട്ടികളെയാണ് കൂടുതലായി ബാധിക്കാറുള്ളത്. തിണര്‍പ്പ് ബാധിച്ച ഭാഗങ്ങള്‍ ഉണങ്ങിയ അവസ്ഥയില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കണം.
സൂര്യാഘാതമേറ്റുള്ള താപശരീര ശോഷണം താപശരീര ശോഷണത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ ശക്തിയായ വിയര്‍പ്പ് , വിളര്‍ത്ത ശരീരം, പേശീവലിവ്, ശക്തിയായ ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ചര്‍ദ്ദിയും ,ബോധംകെട്ട് വീഴുക തുടങ്ങിയവയാണ്. ശരീരം തണുത്ത അവസ്ഥയിലും നാഡീമിടിപ്പ് ശക്തി കുറഞ്ഞ് വേഗത്തിലുള്ളതും ശ്വസനനിരക്ക് വര്‍ദ്ധിച്ച തോതിലുമായിരിക്കാം. ശരീരത്തില്‍ നിന്ന് ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെതുടര്ന്നുള്ള അവസ്ഥയാണ് താപശരീര ശോഷണം. ശരിയായി ചികിത്സിച്ചില്ലെങ്കില്‍ താപശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേയ്ക്ക് മാറിയേക്കാമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: