ചാലക്കുടി: സമ്പൂര്‍ണ്ണ വെളിയിട വിമുക്ത ജില്ലയില്‍ സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യം നടത്താന്‍ സൗകര്യമില്ലാതെ വലയുന്നു. ചാലക്കുടി ടൗണിലെ ഏറ്റവും തിരക്കേറിയ സൗത്ത് ജംഗ്ഷനിലാണ് സ്ത്രീകള്‍ പ്രാഥമികാവശ്യം നിര്‍വ്വഹിക്കുവാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്നത്. .നിലവിലുണ്ടായിരുന്ന നഗരസഭ ബസ്സ്റ്റാന്റ് കെട്ടിടത്തിലെ കംഫര്‍ട്ട് സ്റ്റേഷനിലെ കുളിമുറി തുറന്ന് പ്രവര്‍ത്തിക്കാതായിട്ട് ദിവസങ്ങളായി. ശൗചാലയം തുറക്കാത്തതിനാല്‍ ആവശ്യക്കാരായ സ്ത്രീകള്‍ കുളിമുറിയില്‍ കാര്യം സാധിക്കേണ്ട അവസ്ഥയിലായിരുന്നു. അതാണ് ഇപ്പോള്‍ നിലച്ചിരിക്കുന്നത്.
കംഫര്‍ട്ട് സ്റ്റേഷന്‍ പുതിയ ലേലം നടക്കാത്ത കാരണം നഗരസഭ നേരിട്ടാണ് നടത്തുന്നത്. അതില്‍ പുരുഷന്‍മാരുടെ കുളിമുറി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പുരുഷന്‍മാര്‍ക്കുള്ള ശൗചാലയവും ഇല്ലാതായിരിക്കുകയാണ്. നിലവിലുണ്ടായിരുന്ന മാലിന്യ കുഴല്‍ ബ്ലോക്കായിരിക്കുകയാണെന്ന് കാരണം പറയുന്നു.
ആയിരങ്ങള്‍ എത്തുന്ന ചാലക്കുടി സൗത്ത് ജംഗഷനിലെ നഗരസഭാ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാര്‍, ബസ് സ്റ്റാന്റിലെത്തുന്ന സ്ത്രീ യാത്രക്കാര്‍ എന്നിവരെല്ലാം പ്രാഥമികാവശ്യം നിര്‍വ്വഹിക്കാന്‍ ഇടമില്ലാതെ കഷ്ടപ്പെടുന്നു. ബസ് സ്റ്റാന്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ കക്കൂസാണ് സ്ത്രികളുടെ ഏകാശ്രയം. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ആധുനിക കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കുവാന്‍ അനുമതിയായെന്നും മൂന്ന് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നെല്ലാം പറഞ്ഞിരുന്നെങ്കിലും തുടര്‍നടപടി ആയിട്ടില്ല.
















