പത്തനാപുരം: വനംവകുപ്പ് ഓഫീസില്‍ അതിക്രമിച്ച് കയറിയ പ്രതി പിടിയില്‍. ചെമ്പനരുവി ഷൈനി മന്‍സിലില്‍ തമ്പിമോന്‍ എന്നു വിളിക്കുന്ന നജീബ് (38) ആണ് പിടിയിലായത്. വനംവകുപ്പിലെ ഓഫീസര്‍മാരായ കലയപുരം സുധീര്‍ മന്‍സിലില്‍ ആര്‍.അന്‍സര്‍(31), തിരുവനന്തപുരം മുക്കം പാലമൂട് രതീഷ് ഭവനില്‍ രഞ്ജിത്ത്കുമാര്‍ (28), വാച്ചറായ ചെമ്പനരുവി പാറവിളവീട്ടില്‍ കനിബാവ (63) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച രാത്രി 10.30ന് മണ്ണാറപാറ റേഞ്ചിലെ മുള്ളുമലയിലുള്ള ഫോറസ്റ്റ് സ്റ്റേഷനിലായിരുന്നു സംഭവം. ജീപ്പിലെത്തിയ നജീബ് ഓഫീസിനുമുന്നിലെ ചെക്ക്‌പോസ്റ്റ് തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാത്രിയായതിനാല്‍ അന്യവാഹനങ്ങള്‍ കടത്തിവിടില്ലെന്ന് ചെക്ക്‌പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കനിബാവ അറിയിച്ചു. അമിതവേഗതയില്‍ ഓഫീസിലേക്ക് ഓടിച്ചു കയറ്റി ചെക്ക്‌പോസ്റ്റ് തകര്‍ക്കുകയായിരുന്നു. വാക്കേറ്റത്തില്‍ നജീബ് ഉദ്യോഗസ്ഥരെയും ജീവനക്കാരനെയും മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് നജീബിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. നാട്ടുകാരാണ് ഉദ്യോഗസ്ഥരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
















