കുമളി: തൊഴിലാളിതര്‍ക്കത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയ റിസോര്‍ട്ട് തുറന്നെങ്കിലും ഒപ്പം നിന്ന തൊഴിലാളികളെ സിപിഎം നേതൃത്വം കൈവിട്ടു. ഒന്നര ആഴ്ച മുമ്പാണ് സിഐറ്റിയു തൊഴിലാളികളെ സ്ഥലം മാറ്റിയെന്നാരോപിച്ച് സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കുമളി കൊണ്ടോടി ഗ്രീന്‍വുഡ് റിസോര്‍ട്ടില്‍ സമരം നടത്തിയത്. മണിക്കൂറുകളോളം വിദേശ സഞ്ചാരികളടക്കം ഉള്ളവരെ തടഞ്ഞ് വെച്ചാണ് സമരം നടത്തിയത്. റിസോര്‍ട്ടിന്റെ ഗേറ്റ് ഉപരോധിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങാനാകാതെ നിരവധി പേരാണ് വലഞ്ഞത്. കുടിവെള്ളത്തിന്റെ പൈപ്പ് കൂടി അടച്ചതോടെ പ്രശ്‌നം വന്‍ വിവാദമായിരുന്നു.
ഇതേ തുടര്‍ന്നാണ് ഹോട്ടല്‍ അടച്ചിട്ടത്. സംഭവത്തില്‍ നിസാരവകുപ്പുകള്‍ ചുമത്തിയാണ് പോലീസും കേസും എടുത്തത്.
തൊഴിലാളികളായ വിജയന്‍, സജി എന്നിവരെയാണ് ജോലിയില്‍ നിന്നും നീക്കിയത്. സി.ഐ റ്റി യുവിന്റെ ഇവിടുത്തെ സെക്രട്ടറിയും പ്രസിഡന്റുമാണ് ഇരുവരും. സംഭവം വന്‍ വിവാദമായതോടെ സ്വന്തം യൂണിയന്‍കാരെ മാറ്റി നിര്‍ത്തി നേതാക്കള്‍ ഒത്തുതീര്‍പ്പിന് വഴങ്ങുകയായിരുന്ന എന്നാണ് വിവരം.
















