മറയൂര്‍: മറയൂര്‍ ഗ്രാമത്തിന് സമീപം വനവാസിമേഖലയായ കമ്മാളംകുടിക്ക് സമീപം വന്‍ തീപ്പിടിത്തം. ഏക്കറുകണക്കിന് വനം കത്തിനശിച്ചതായാണ് വിവരം. ഇന്നലെ ഉച്ചയ്‌ക്ക് 1 മണിയോടെയാണ് കുടിയ്‌ക്ക് സമീപം വനമേഖലയില്‍ തീപ്പിടിത്തം ഉണ്ടാകുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ 4 മണിക്കൂറോളം പ്രയത്‌നിച്ചാണ് തീ അണച്ചത്.
മറയൂര്‍ ഡിഎഫ്ഒ അഫ്‌സല്‍ അഹമ്മദ്, മറയൂര്‍ റേഞ്ചര്‍ ജോബ് ജെ, ഡെപ്യൂട്ടി റേഞ്ചര്‍ പി എ ജലീല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണയ്‌ക്കാന്‍ നേതൃത്വം നല്‍കിയത്. മരച്ചില്ല ഉപയോഗിച്ചാണ് തീ അണച്ചത്.മഴനിഴല്‍ പ്രദേശമായ മേഖലയില്‍ കടുത്ത ചൂടാണ് ഒരുമാസമായി അനുഭവപ്പെടുന്നത്. ഉണങ്ങിയ പോയ പുല്‍തൈലം ചെടികള്‍ തളിര്‍ത്ത് വരാനായി വനവാസികള്‍ തീയിട്ടതാകാം എന്നാണ് വനംവകുപ്പ് സംശയിക്കുന്നത്.
















