ചെര്‍പ്പുളശ്ശേരി : ഗവ: യു.പി.സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന അദ്ധ്യാപകന് വി.പി. ശശികുമാര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങി.
കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നും, വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചതാണെന്നു കാണിച്ച് അധ്യാപകന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇന്നലെ ഉച്ചക്കാണ് അധ്യാപകന് കോടതിയിലെത്തി കീഴടങ്ങിയത്. അധ്യാപകനെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്ന് കേസന്വേഷിക്കുന്ന ചെര്‍പ്പുളശ്ശേരി സി.ഐ.എ. ദീപകുമാര്‍ പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഇടവേള സമയത്ത് ഒഴിഞ്ഞ ക്ലാസ് മുറിയില്‍ വച്ച് അദ്ധ്യാപകന് പീഡിപ്പിച്ചു എന്നാണ് കേസ്. കുട്ടിയുടെ വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരം അറിയിക്കുകയും ഇവര്‍ സ്കൂളിലെത്തി കുട്ടിയെ കൗണ്‍സിലിംഗ് നടത്തുകയും ചെയ്തിരുന്നു. കൗണ്‍സിലിംഗിനിടെ അധ്യാപകനില്‍ നിന്നുണ്ടായ അനുഭവങ്ങള്‍ കുട്ടി തുറന്നു പറയുകയും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ അധ്യാപകനെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. അധ്യാപകനെ തിരഞ്ഞ് പൊലീസ് ഇയാള്‍ ആദ്യം ജോലി ചെയ്ത സ്ഥലങ്ങളിലും ബന്ധുവീടുകളിലുമെല്ലാം അന്വേഷിച്ചു പോയിരുന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ പൊലീസ് മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് അധ്യാപകന്റെ ബന്ധുക്കളും ജില്ലാ പൊലീസ് മേധാവിക്കും പട്ടികജാതി വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിരുന്നു.
കേസില്‍ പ്രതിയായ അധ്യാപകനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. അധ്യാപകനെ പിടികൂടാന്‍ കഴിയാതെ പൊലീസ് ഉഴലുമ്പോഴാണ് ഇയാള്‍ കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: