ഉത്തർപ്രദേശിൽ ഓരോ 26 മണിക്കൂറിലും ഒരു തടവുപുള്ളി വീതം മരണപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ ജയിൽ വകുപ്പ് വിവരാവകാശ പ്രവർത്തകന് നൽകിയ മറുപടിയിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്ത് വരുന്നത്. 2010 മുതൽ ഉത്തർപ്രദേശിലെ വിവിധ ജയിലുകളിലായി 2050 തടവുപുള്ളികൾ കൊല്ലപ്പെട്ടതായിട്ടാണ് ജയിൽ വകുപ്പ് നൽകുന്ന വിവരം.
മനുഷ്യാവകാശ പ്രവർത്തകൻ നരേഷ് പരേസാണ് ജയിൽ തടവുകാരുടെ മരണത്തെ ചോദ്യം ചെയ്ത് ജയിൽ വകുപ്പിന് വിവരാവകാശ അപേക്ഷ നൽകിയത്. 2010 ജനുവരി മുതൽ 2016 ഫെബ്രുവരി വരെയുള്ള 74 മാസങ്ങൾക്കുള്ളിൽ ഉത്തർപ്രദേശിൽ 2062 തടവുകാർ മരിച്ചതായിട്ടാണ് റിപ്പോർട്ടിൽ പറയുന്നത്.
മരിച്ചവരിൽ പകുതിയിലധികവും വിചാരണ പൂർത്തിയാകാത്തവരാണെന്നും റിപ്പോർട്ടിലുണ്ട്. 2010നും 2015നും ഇടയിൽ 44 തടവുകാർ ആത്മഹത്യ ചെയ്തതായും 24 പേർ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2010ൽ 322 തടവുകാരാണ് ജയിലിൽ മരണത്തിന് കീഴടങ്ങിയത്. ആറ് പേർ പരസ്പരം പോരടിച്ച് കൊല്ലപ്പെട്ടു. മറ്റ് ആറ് പേർ ആത്മഹത്യ ചെയ്യുകയും ഒരാൾ പോലീസ് കസ്റ്റഡിയിലുമാണ് മരിച്ചത്.
2011ൽ 285 പേരാണ് ജയിലഴികൾക്കുള്ളിൽ മരിച്ചത്. ഇതിൽ ഒരാൾ വിചാരണത്തടവുകാരനായ പാക്കിസ്ഥാൻകാരനാണ്. 2012ൽ 360 പേരും 2013ൽ 358 പേരും 2014ൽ 345ഉം 2015ൽ 53 പേരുമാണ് മരിച്ചത്. 2016ന്റെ ആദ്യ തുടക്കത്തിൽ 53 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും റിപ്പോർട്ടിലുണ്ട്.
തീർത്തും ദയനീയമായ അവസ്ഥയിലാണ് ഉത്തർപ്രദേശിലെ ജയിലുകളിൽ തടവുകാർ കഴിയുന്നത്. ജയിലുകൾക്കുള്ളിൽ ചികിത്സാ സഹായങ്ങൾ വളരെ കുറവാണ്. അത്യാവശ്യ ഘട്ടങ്ങളിൽ തടവുകാർക്ക് വേണ്ട രീതിയിലുള്ള പരിചരണം ലഭിക്കുന്നില്ല എന്നത് മരണനിരക്ക് ഉയരുന്നതിന്റെ പ്രധാന ഘടകമാണ്. ഉത്തർപ്രദേശ് സർക്കാരും ജയിൽ വകുപ്പും തടവുകാരുടെ ജീവന് യാതൊരു വിലയും നൽകുന്നില്ല എന്നത് വലിയ വീഴ്ചയാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ തടവുകാരെ ആത്മഹത്യയിലേക്ക് നയിക്കുന്നു എന്നതാണ് സത്യം.
ജയിലുകൾക്കുള്ളിൽ നിയമ നിർമാണം തകർച്ചയിലേക്ക് നീങ്ങുമ്പോൾ കൊലപാതകങ്ങളും അക്രമങ്ങളും വർധിക്കുന്നു. സർക്കാരും ജയിൽ വകുപ്പും മികച്ച രീതിയിൽ ജയിൽ ഭരണം നിർവ്വഹിച്ചില്ലെങ്കിൽ മരണനിരക്കുകൾ വർധിക്കുമെന്നതിൽ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: