വയനാട്-നിലമ്പൂര്‍ റയില്‍പാതയുടെ സര്‍വ്വേക്ക് ഡിഎംആര്‍സിക്ക് മുന്‍ സര്‍ക്കാര്‍ അനുവദിച്ച എട്ടുകോടി രൂപ നല്കാത്തതിനാല് ഡിഎംആര്‍സി സര്‍വ്വേ നിര്‍ത്തിവെച്ചു. ബിജെപി സര്‍ക്കാരാണ് റെയില്‍വേ ബജറ്റില്‍ നഞ്ചന്‍ഗോഡ് നിലമ്പൂര്‍ റയില്‍പാത അനുവദിച്ചത്.
സംയുക്ത സംരംഭമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വേ നടത്തി വിശദമായ പദ്ധതിരേഖ തയ്യാറാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഡിഎംആര്‍സി യെ ചുമതലപ്പെടുത്തി ജൂണ്‍ 24 ന് ഉത്തരവ് പുറപ്പെടുവിച്ചത്.
സംയുക്ത കമ്പനി രൂപീകരണ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്. എന്നാല്‍ സര്‍വ്വേ നടപടികള്‍ തുടങ്ങിയിട്ടും അനുവദിച്ച പണം ലഭിക്കാന്‍ നാലു മാസമായി ഡിഎംആര്‍സിക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടിവരുന്നു. ഒമ്പതുമാസം കൊണ്ട് സര്‍വ്വേ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. സര്‍വ്വേയും പദ്ധതിരേഖയും പൂര്‍ത്തിയായെങ്കില്‍ മാത്രമേ സംയുക്ത കമ്പനിക്കു കീഴില്‍ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ച് പാതയുടെ നിര്‍മ്മാണം തുടങ്ങാനാവൂ.
സര്‍വ്വേ നടത്താന്‍ ഡിഎംആര്‍സിക്ക് അനുവദിച്ച എട്ടുകോടി രൂപ ഉടന്‍ നല്‍കണമെന്ന് ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. നഞ്ചന്‍കോട്-നിലമ്പൂര്‍ റയില്‍പാത പദ്ധതി അട്ടിമറിക്കാനായി പല ലോബികളും ശ്രമിക്കുന്നുണ്ട്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വയനാട്ടിലെ ജനപ്രതിനിധികളുടെ നിതാന്ത ജാഗ്രത ഉണ്ടാകണമെന്ന് ആക്ഷന്‍ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: