അരിവിതച്ച് അരയിയെ സമൃദ്ധമാക്കി കാര്‍ത്തിക ചാമുണ്ഡി അരയി പുഴ കടന്ന് ഭക്തര്‍ക്ക് അനുഗ്രഹ വര്‍ഷം ചൊരിഞ്ഞു. മലബാറിലെ തെയ്യാട്ടക്കാലത്തിന് തുടക്കം കുറിച്ചാണ് അരയി ഗ്രാമത്തില്‍ അപൂര്‍വമായ വര്‍ഷം തോറുമുള്ള തെയ്യങ്ങളുടെ തോണി കടക്കല്‍ ചടങ്ങ് നടന്നത്. അരയി കാര്‍ത്തിക കാവില്‍ നിന്നും കാര്‍ത്തിക ചാമുണ്ഡിയും കാലിച്ചേകവനും പുഴ കടക്കുന്നതോടെയാണ് വടക്കേ മലബാറിലെ തെയ്യക്കാലത്തിന് തുടക്കം കുറിക്കുന്നത്.
അരയി കാര്‍ത്തിക കാവില്‍ നിന്നും അരയിലെ കൃഷിയിടങ്ങള്‍ നോക്കി കാണാനാണ് കാര്‍ത്തിക ചാമുണ്ഡിയും കാലിച്ചാന്‍ തെയ്യവും തോണി കടക്കുന്നത്. വിത്ത് വിതക്കുന്നതിനും പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും തെയ്യത്തിനെ ആശ്രയിക്കുന്ന വടക്കേ മലബാറിലെ തെയ്യാട്ടത്തിന് തുടക്കം കുറിച്ചാണ് അരയിയിലെ വയലുകള്‍ സന്ദര്‍ശിക്കാന്‍ തെയ്യങ്ങള്‍ പുറപ്പെടുന്നത്.
വയലുകളുടേയും കൃഷിയുടേയും സംരക്ഷകയാണ് കാര്‍ത്തിക ചാമുണ്ഡിയെന്നാണ് ഐതിഹ്യം. ഇവര്‍ക്കൊപ്പം ഗുളികന് തെയ്യവും കൂടെ ചേര്‍ന്നാണ് തോണിയില്‍ കാലിച്ചേകവനെ കാണാനെത്തുന്നത്. വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷകനാണ് കാലിച്ചേകവന്‍ തെയ്യം. കാര്‍ത്തിക ചാമുണ്ഡിയും കാലിച്ചേകവനും കണ്ടുമുട്ടി കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മകള്‍ പങ്കുവെക്കും. തുടര്‍ന്ന് രണ്ട് തെയ്യങ്ങളുടേയും ദീര്‍ഘ സംഭാഷണം പൂര്‍ത്തിയാക്കി ഭക്തരെ അനുഗ്രഹിക്കും.
ഈശ്വര സങ്കല്‍പ്പത്തെ പ്രകൃതിയുമായി ചേര്‍ത്തുകാണുന്നതാണ് കാര്‍ത്തിക ചാമുണ്ഡി കാലിച്ചേകവന്‍ തെയ്യങ്ങളുടെ കൂടിക്കാഴ്ചയുടെ ആധാരം. കന്നുകാലികളുടെ സഹായമില്ലാതെ കൃഷിയിറക്കാന്‍ കഴിയാതിരുന്ന കാലത്തെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് തെയ്യങ്ങളുടെ കണ്ടുമുട്ടല്‍. അരയി കളിയാട്ടത്തിന് ശേഷമാണ് കൃഷിപ്പണികള്‍ക്ക് തുടക്കമാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: