ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട് പിന്‍വലിക്കണമെന്ന് ഭാരതീയ എസ്റ്റേറ്റ് മസ്ദൂര്‍ സംഘം (ബിഎംഎസ്) . തൊഴിലാളികള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ച് തോട്ടം നിലനിര്‍ത്തുന്നതിനായി കഷ്ടപ്പെടുമ്പോള്‍ അവരെ ഇല്ലായ്മ ചെയ്യാനാണ് ഉടമകളുടെ ശ്രമം. 16 വര്‍ഷമായി രാജ്യസഭാംഗം എ.പി. അബ്ദുല്‍ വഹാബിന്റെ ഉടമസ്ഥതയിലാണ് ചെമ്പ്ര എസ്റ്റേറ്റ് എന്ന ഫാത്തിമ ഫാംസ്. എരുമക്കൊല്ലി ഒന്ന്, എരുമക്കൊല്ലി രണ്ട്, ചെമ്പ്ര എന്നീ മൂന്ന് ഡിവിഷനുകളിലായി 800ല്‍പരം ഏക്കര്‍ വരുന്ന തോട്ടം 27ന് വൈകുന്നരമാണ് അടച്ചുപൂട്ടിയത്. ഇത് എസ്റ്റേറ്റിലെ 320 തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമടക്കം ആയിരത്തോളം പേരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
എസ്റ്റേറ്റ് ഉടമ അബ്ദുള്‍ വഹാബിന്റെ നടപടി അംഗീകരിക്കാനാവില്ല. മുന്നൂറിലധികം തൊഴിലാളികളുള്ള എസ്റ്റേറ്റ് അടച്ചുപൂട്ടുന്നത് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്നതിനായാണ്. എസ്റ്റേറ്റ് ഭൂമി തുണ്ടംതുണ്ടമാക്കി മാറ്റുകയും കരാര്‍ അടിസ്ഥാനത്തില്‍ തൊഴിലെടുപ്പിക്കാനുമാണ് കമ്പനിയുടെ ശ്രമം. എസ്റ്റേറ്റില്‍ നിന്നും നിര്‍ബന്ധിത വിആര്‍എസിന് നോട്ടീസ് നല്കി തൊഴിലാളികളെ മാനസികമായി മടുപ്പിക്കുകയും സമ്മര്‍ദ്ദത്തിലാക്കിയുമാണ് എസ്റ്റേറ്റ് പൂട്ടിയത്. എത്രയും പെട്ടന്ന് തോട്ടം തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികള്‍ക്ക് ബിഎംഎസ് നേതൃത്വം നല്‍കുമെന്നും യോഗം അറിയിച്ചു.
എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്യുന്ന വിവരം തൊഴിലാളികളെയും ട്രേഡ് യൂണിയന് പ്രതിനിധികളെയും അറിയിച്ചിരുന്നില്ല. ആറാഴ്ചയ്ക്ക് മുമ്പെങ്കിലും നോട്ടീസ് നല്‍കണമെന്നാണ് നിയമം. അനിശ്ചിതകാല സമരം, തോട്ടം നടത്താന്‍ കഴിയാത്തവിധം തൊഴിലാളികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ തുടങ്ങി തക്കതായ കാരണങ്ങളും ലോക്കൗട്ട് പ്രഖ്യാപനത്തിനു ആവശ്യമാണ്. എന്നാല്‍ തൊഴിലാളികള്‍ സമരം ചെയ്തുവെന്ന തെറ്റായ കാരണം പറഞ്ഞാണ് ചെമ്പ്ര എസ്റ്റേറ്റ് അടച്ചുപൂട്ടിയത്. പ്രശ്നപരിഹാരത്തിനു മാനേജ്മെന്റ് തയാറാകുന്നില്ല. ജില്ലാ ലേബര്‍ ഓഫീസര്‍ അദ്ദേഹത്തിന്റെ കാര്യാലയത്തില്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജനയോഗത്തില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ പങ്കെടുത്തില്ല.
കുറച്ചുകാലമായി കുത്തഴിഞ്ഞ നിലയിലാണ് തോട്ടത്തിന്റെ പ്രവര്‍ത്തനം. തോട്ടം വേണ്ടവിധം പരിപാലിക്കാന്‍ മാനേജ്മെന്റ് കൂട്ടാക്കുന്നില്ല. ഇത് വരവും ചെലവും തമ്മിലുള്ള പൊതുത്തമില്ലായ്മയ്ക്ക് കാരണമായിട്ടുണ്ട്. തൊഴിലാളികളുടെ 2014:15 ലെ ബോണസും മറ്റു ആനുകൂല്യങ്ങളും വിതരണം ചെയ്തിരുന്നില്ല. ശമ്പളവും ലഭിക്കാതായതോടെ തൊഴിലാളികള്‍ സെപ്റ്റംബറില്‍ സമരം ആരംഭിച്ചു. പ്രശ്നം ഇതേമാസം 25ന് ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. സ്ഥാപനത്തിന്റെ നിലനില്‍പ്പ് കണക്കിലെടുത്താണ് ശമ്പളവും ബോണസും നല്കാതിരുന്നിട്ടും ശക്തമായ പ്രക്ഷോഭം നടത്താതിരുന്നത്.
25 ലെ ചര്‍ച്ചയിലെ തീരുമാനമനുസരിച്ച് ബോണസും ശമ്പളവും വിതരണം ചെയ്തതോടെ തോട്ടത്തില്‍ മാനേജ്മെന്റും തൊഴിലാളികളുമായുള്ള സൗഹൃദാന്തരീക്ഷം സംജാതമായതാണ്. എന്നാല്‍ ഒക്ടോബറില്‍ വീണ്ടും ശമ്പളം മുടങ്ങി. താത്പര്യമുള്ള തൊഴിലാളികള്‍ക്ക് വിആര്‍എസ് എടുക്കാമെന്ന അറിയിപ്പും ഉണ്ടായി. സ്വയം വിമരിക്കലിനു പാക്കേജ് ഉണ്ടെന്ന് പറഞ്ഞെങ്കിലും എന്തൊക്കെയാണ് അതിലുള്ളതെന്ന് വ്യക്തമാക്കിയിരുന്നില്ല. അതിനാല്‍ വിരമിക്കല്‍ പദ്ധതിയുമായി തൊഴിലാളികള്‍ സഹകരിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് തോട്ടം അടച്ചുപൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: