കാസര്‍കോട്: എസ്ടി മറാട്ടി വിഭാഗത്തില്‍പ്പെട്ട കുടുംബത്തിന് വൈദ്യുതി നിഷേധിച്ച് കെഎസ്ഇബി. ദേലംപാടി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ നെച്ചിപ്പടുപ്പ് തിമ്മണ്ണക്കുണ്ടിലെ ബാബു നായിക്കിനും കുടുംബത്തിനുമാണ് വൈദ്യുതി നിഷേധിക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. രാജീവ് ഗാന്ധി സമ്പൂര്‍ണ്ണ ഗ്രാമീണ വൈദ്യുതീകരണ പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് ബാബു നായക്കിന്റെ കുടുംബം.
അന്ന് ഈ പദ്ധതിയുടെ നടത്തിപ്പിനായി പ്രാദേശികമായി ഉണ്ടാക്കിയ കമ്മറ്റിയില്‍ വൈദ്യുതി പോസ്റ്റും മറ്റും ഇടുന്നതിന്റെ ചിലവിലേക്കായി ഇദ്ദേഹം 2007 മുതല്‍ പണം അടച്ച് വരുന്നുണ്ട്. രാജീവ് ഗാന്ധി പദ്ധതിയില്‍ വൈദ്യുതി നല്‍കുന്നതിനായി 2012 ല്‍ ഇദ്ദേഹത്തിന്റെ വീട്ടിനടുത്ത് പോസ്റ്റ് കൊണ്ട് ഇടുകയും അത് സ്ഥാപിക്കാനായി കുഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഇന്നും ആ പോസ്റ്റും കുഴിയും അവിടെ കാണാം.
ബാബു നായ്ക്കിന്റെ വീട്ടിലേക്ക് വൈദ്യുതി ലൈന്‍ കടന്ന് പോകേണ്ട 30 വര്‍ഷത്തിലധികമായി ഉപയോഗിക്കുന്ന മണ്‍പാതയുടെ അടുത്തുള്ള വീട്ടുകാര്‍ കോടതിയെ സമീപിച്ചതിനാലാണ് കണക്ഷന് നല്കാന് കവിയാത്തതെന്ന തടസ്സവാദമാണ് കെഎസ്ഇബി പറയുന്നത്. എഡിഎമ്മിന്റെ നേതൃത്വത്തില്‍ നിരവധി സിറ്റിംഗുകള്‍ക്കും സര്‍വ്വേകളും കഴിഞ്ഞാണ് വൈദ്യുതി നല്‍കാമെന്ന് ഉത്തരവ് ഉണ്ടായത്.
അന്നും പണ്ട് വൈദ്യുതി പോസ്റ്റുകള്‍ കൊണ്ട് ഇടുമ്പോഴും, എഡിഎമ്മിന്റെ മുന്നിലും തടസ്സവാദവുമായി മുന്നോട്ട് വരാത്ത സ്വകാര്യ സ്ഥലത്തിന്റെ ഉടമ കോടതിയെ തെറ്റിദ്ധരിപ്പിച്ച് കെഎസ്ഇബിയിലെ ചില ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് കറന്റ് നിഷേധിക്കുന്നതായി ആരോപണമുണ്ട്.
എഡിഎമ്മിന്റെ ഉത്തരവ് നടപ്പാക്കാതെ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു കെഎസ്ഇബി. കണക്ഷന് ലഭിക്കാനാവശ്യമായ പണം അടക്കാത്തതിനാലാണ് വൈദ്യുതി നല്‍കാത്തതെന്ന വാദമായിരുന്നു കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ആദ്യം ഉന്നയിച്ചത്.
ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ അടുത്ത ദിവസം വരു ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബാബു നായ്ക് പറയുന്നു. എ.ഡി.എമ്മിന്റെ ഉത്തരവുമായി ഈ കുടുംബം നാല് മാസമായി ഓഫീസുകള്‍ കയറി ഇറങ്ങുകയാണ്.
രാഷ്ട്രീയ വൈര്യാഗ്യത്തിന്റെ പേരിലാണ് കണക്ഷന് നിഷേധിക്കുന്നതെന്ന് ആരോപണമുണ്ട്. പഞ്ചായത്തും കെഎസ്ഇബിയിലെ ചില ഉദ്യോഗസ്ഥരും ഇതിന് കൂട്ട് നില്‍ക്കുകയാണ്. ദേലംപാടി പഞ്ചായത്തിലെ സിപിഎമ്മിന്റെ ചില പ്രാദേശിക നേതാക്കള്‍ ബാബു നായ്ക്കിനെ സമീപിക്കുകയും പാര്‍ട്ടി മാറിയാല്‍ വൈദ്യുതി ഇന്ന് തന്നെ വീട്ടിലെത്തുമെന്ന് പറയുകയും ചെയ്തിട്ടുണ്ട്. ബിജെപി അനുഭാവികളാണെന്ന ഒറ്റക്കാരണത്താലാണ് അര്‍ഹതയുണ്ടായിട്ടും വൈദ്യുതി നല്‍കാതെ ഇരുട്ടിലാക്കുന്നതെന്ന് ബാബു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: