വാര്‍ത്തകള്‍ ശേഖരിക്കുന്നതിന് കോടതിയിലെത്തുന്ന മാധ്യമ പ്രവര്‍ത്തകരെ അപമാനിച്ചുവിടുന്ന സംഭവം തുടരുന്നു. കഴിഞ്ഞ ദിവസം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജിഷ വധക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് ഒരുസംഘം അഭിഭാഷകര്‍ അപമാനിച്ച് ഇറക്കിവിട്ടത്. മൂന്നുമാസത്തോളമായി തുടരുന്ന പ്രശ്നത്തിന് ഇതുവരെ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളത് സാക്ഷരകേരളത്തെ സംബന്ധിച്ചിടത്തോളം അപമാനകരമാണ്. വാര്‍ത്തകള്‍ ശേഖരിക്കുകയും അവ ജനങ്ങള്‍ക്ക് നല്‍കുകയെന്ന ദൗത്യം പത്രപ്രവര്‍ത്തകര്‍ക്ക് കേരളത്തിലെ കോടതികളില്‍ തുടരാനാകാത്ത സ്ഥിതിയാണ് ഉണ്ടാക്കിയിട്ടുള്ളത്.
പത്രപ്രവര്‍ത്തക യൂണിയനും പത്രമുടമസ്ഥരും ഇത് സംബന്ധിച്ച് രാഷ്ട്രപതി, ഗവര്‍ണര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരുമായി ബന്ധപ്പെടുകയും പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഏറ്റവും ഒടുവിലായി ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷ ഉദ്ഘാടനത്തിനായി നവംബര്‍ ഒന്നിന് കേരളത്തിലെത്തിയ ഭാരതത്തിലെ പരമോന്നത നീതി ന്യായ പീഠത്തിന്റെ തലവനായ സുപ്രീകോടതി ചീഫ് ജസ്റ്റിനും നിവേദനം നല്കുകയുണ്ടായി. അദ്ദേഹം കേരളത്തില്‍ നിന്നും പോകുന്നതിനുമുമ്പ് ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും കാര്യമായ ഒരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. ഇനി നീതിക്കും ന്യായത്തിനുമായി പത്രപ്രവര്‍ത്തകര്‍ ആരെയാണ് സമീപിക്കേണ്ടത്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത അനിതരസാധാരണമായ ഒരു നടപടിയാണ് കേരളത്തില്‍ മാസങ്ങളായി തുടരുന്നത്. ഇതിനൊരു പരിഹാരംകണ്ടെത്തേണ്ടതല്ലേ.
കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ജിഷവധക്കേസിന്റെ വിചാരണ ആരംഭിക്കുന്ന ദിവസമാണ് ഈ ഒരു സ്ഥിതി വിശേഷം ഉണ്ടായത്. ഇതിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരേണ്ട എന്നാണോ കരുതുന്നത്. പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്ന വിധത്തിലാണ് ഒരു വിഭാഗം അഭിഭാഷകര്‍ പല ജില്ലകളിലും പെരുമാറുന്നത്. എന്നാല്‍ ഇവരെ നിലയ്ക്ക് നിര്‍ത്തുവാനുള്ള ബാധ്യത നീതി പീഠത്തിന്റെ മുകളിലിരിക്കുന്നവര്ക്കില്ലേ? കോടതിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്ന നിലപാടിലാണ് മാധ്യമപ്രവര്‍ത്തകര്‍. എന്നാല്‍ അത് ദൗര്‍ബല്യമായി കാണാനാണ് ഇവര്‍ ശ്രമിക്കുന്നത്.
അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരോട് പെരുമാറുന്ന രീതി തിരിച്ചങ്ങോട്ടുമായാല് എന്തായിരിക്കും സ്ഥിതി? പക്ഷേ, ജനങ്ങളോടുള്ള പ്രതിബദ്ധത ഓര്‍ത്തുകൊണ്ടാണ് അവര്‍ ഇക്കാര്യത്തിന് മുതിരാത്തത്. ഇതിനെ ചൂഷണം ചെയ്യാനാണ് അഭിഭാഷകര്‍ ശ്രമിക്കുന്നത്. അവരോടൊപ്പം നീതി പീഠത്തിലെ ഉയര്‍ന്നവരില്‍ ചിലര്‍ കൂടി ഒത്തുചേരുന്നവെന്നതാണ് വിരോധാഭാസം. സാംസ്കാരികമായ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്നവരെന്നവകാശപ്പെടുന്ന കേരളത്തില്‍ ഇത് തുടര്‍ന്നുകൂടാ. പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ എത്തേണ്ട സ്ഥാനങ്ങളിലെല്ലാം പത്രപ്രവര്‍ത്തക യൂണിയനും ഉടമസ്ഥരും എത്തിക്കഴിഞ്ഞു. അടിയന്തരമായി ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കുവാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇടപെടേണ്ടതാണ്.
കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഖ്യമന്ത്രി അഭിഭാഷകര്‍ക്ക് താക്കീത് നല്‍കുകയും ഉണ്ടായി. കോടതി ആരുടെയും തറവാട്ട് സ്വത്തല്ലെന്നും വാര്‍ത്ത ശേഖരിച്ച് അത് ജനങ്ങളിലെത്തിക്കുവാന്‍ ശ്രമിക്കുന്ന പത്രപ്രവര്‍ത്തകരെ അവരുടെ ജോലി തടസ്സപ്പെടുത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും ചില അഭിഭാഷകര്‍ തങ്ങളുടെ വിലമറന്ന് പെരുമാറുന്നതിനെതിരെ ശക്തമായ നടപടി ഉണ്ടായേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: