ശരണമന്ത്രങ്ങള്‍ക്ക് കാതോര്‍ത്ത് ശബരിമല. രാജപാതകളിലും ഗ്രാമവീഥികളിലും തീര്‍ത്ഥാടക പ്രവാഹം ആരംഭിക്കാന്‍ ഇനി രണ്ടുനാള്‍. കലിയുഗവരദനായ ശബരിമല അയ്യപ്പന്റെ പുണ്യദര്‍ശനം നേടാന്‍ മണ്ഡലവ്രതമെടുത്ത് മലചവിട്ടാന്‍ ഭക്തര്‍ തയ്യാറെടുക്കുകയാണ്. മറ്റു വ്രതങ്ങളില്‍ നിന്നും ശബരിമല വ്രതത്തിന് നിരവധി പ്രത്യേകതകളുണ്ടെന്നാണ് ഋഷീശ്വരന്മാര് ചൂണ്ടിക്കാട്ടുന്നത്.
പഞ്ചശുദ്ധികളുടെ സംഗമമാണ് വ്രതങ്ങള്‍.പുണ്യസഞ്ചയനം, ആഗ്രഹസാഫല്യം, പാപനാശം തുടങ്ങി നിരവധി ഉദ്ദേശ്യങ്ങളാണ് വ്രതങ്ങള്‍ക്കുള്ളത്.ഹൈന്ദവ സംസ്കാരത്തില്‍ ഏറ്റവും പ്രാധാന്യമേറിയ വ്രതമാണ് മണ്ഡലകാലം. ശാസ്താപ്രീത്യര്‍ത്ഥമായി അനുഷ്ഠിക്കുന്ന ഈ വ്രതത്തെ ശബരിമല വ്രതമെന്നും പറയുന്നു
വൃശ്ചികം ഒന്നു മുതല്‍ ധനു പതിനൊന്നു വരെയുള്ള നാല്പത്തിയൊന്നു ദിവസമാണ് ശബരിമല വ്രതം അനുഷ്ഠിക്കുന്നത്. ഒന്നിന് രാവിലെ ക്ഷേത്രത്തില്‍ വെച്ച് രുദ്രാക്ഷം, തുളസിമാല എന്നിവയിലേതെങ്കിലും ധരിച്ചുകൊണ്ട് വ്രതം ആരംഭിക്കുന്നു. മദ്യം, മാംസാഹാരം, പകലുറക്കം തുടങ്ങിയവ പൂര്‍ണ്ണമായി ഒഴിവാക്കി അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, സരളത എന്നിവ പാലിച്ചുകൊണ്ടാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ഒപ്പം പ്രാതസന്ധ്യയിലും സായംസന്ധ്യയിലും ശരണം വിളിക്കണം. ഒടുവില്‍ ആചാരപ്രകാരം ശബരിമല ദര്‍ശനം കഴിഞ്ഞ ശേഷം ക്ഷേത്രസന്നിധിയിലെത്തി മാല ഊരി വ്രതം അവസാനിപ്പിക്കാം.
ശബരിമല വ്രതത്തെ ജീവകടങ്ങളില്‍ നിന്നും മോചിപ്പിക്കാനുള്ള ഉപാധിയായാണ് കരുതപ്പെടുന്നത്. ഋഷിഋണം, ദേവഋണം, പിതൃഋണം എന്നീ മൂന്ന് കടങ്ങളാണ് മനുഷ്യനുള്ളത്. ശബരിമല യാത്രയില്‍ ഇവ മൂന്നില്‍ നിന്നും ഒരുമിച്ച് മോചനം നേടാന്‍ സാധിക്കുമെന്നാണ് വിശ്വാസം. മണ്ഡല കാലത്തെ ബ്രഹ്മചര്യവ്രതം കൊണ്ട് ഋഷികടവും, പുണ്യപാപങ്ങള്‍ ഇരുമുടിക്കെട്ടിലാക്കി ശാസ്താവിനു സമര്‍പ്പിക്കുമ്പോള്‍ ദേവകടവും, പമ്പയില്‍ കുളിച്ച് പിതൃതര്‍പ്പണം ചെയ്യുമ്പോള്‍ പിതൃകടവും തീരുന്നു. അങ്ങനെ പുണ്യാഭിവൃദ്ധിയും പാപമോചനവും സാധ്യമാവുന്നു. ധനു പതിനൊന്നിന് നടക്കുന്ന മണ്ഡലപൂജയോട് കൂടി മണ്ഡലകാലം പരിസമാപ്തിയിലെത്തുന്നു
തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ശബരിമലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എവിടേയും തിരക്കിട്ട പണികള്‍, പമ്പയില്‍ 1000 ഭക്തര്‍ക്ക് ഒരു സമയം അന്നദാനത്തിനുതകുന്ന അന്നദാനമണ്ഡപത്തിന്റെ പണികള്‍ അവസാനഘട്ടത്തിലാണ്. അന്നദാനമണ്ഡപത്തിന് സമീപം പുതിയ ഹോട്ടല്‍ സമുച്ചയവും തീര്ത്ഥാടനക്കാലആരംഭത്തോടെ തുറക്കും. അപ്പം , അരവണ പ്രസാദ നിര്‍മ്മാണത്തിനുള്ള വഴിപാട് സാധനങ്ങള്‍ പമ്പയിലും സന്നിധാനത്തും ശേഖരിച്ചു തുടങ്ങി.
തീര്‍ത്ഥാടനക്കാലം ആരംഭിക്കുന്നതിന് മുമ്പ് 40 ലക്ഷം അരവണയും അപ്പവും കരുതല്‍ ശേഖരമായി ഉണ്ടാകും. സന്നിധാനത്ത് അന്നദാനമണ്ഡപത്തിന്റെ പണിയും പൂര്‍ത്തിയായിവരുന്നു. ഒരു സമയം രണ്ടായിരം പേര്‍ക്ക് അന്നദാനം നല്കാന് കഴിയുംവിധമുള്ള സംവിധാനമാണ് ഇപ്പോള്‍ ത്യ്യാറാകുന്നത്, സന്നിധാനത്തെ കെട്ടിടങ്ങളുടെ അറ്റകുറ്റപണികളും യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാകുന്നു. കുപ്പിവെള്ളം നിരോധിച്ചതോടെ തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ചു. കുടിവെള്ളത്തിന് പുറമേ ചുക്കുവെള്ളവും ഭക്തര്‍ക്ക് കൊടുക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് അവകാശപ്പെടുന്നത്. ഇതിനായുള്ള കൗണ്ടറുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കിവരുന്നു.
ശബരിമലയില്‍ സുരക്ഷിതത്വത്തിന് വന്‍ പ്രാധാന്യമാണ് നല്‍കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇത്തവണ ശബരിമലയില്‍ കനത്ത സുരക്ഷയൊരുക്കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങളിലും പ്രത്യേക സുരക്ഷാ നിരീക്ഷണമുണ്ടാവും. സംശയാസ്പദമായ സാഹചര്യങ്ങളും വ്യക്തികളെയും നിരീക്ഷിക്കുന്നതിന് പ്രത്യേക സ്പോട്ടര്മാരുണ്ടാവും. കേരളാ പോലീസിനു പുറമേ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസ് സേന, കമാണ്ടോകള്‍, ദ്രുതകര്‍മസേന, എന്‍ഡിആര്‍എഫ് എന്നിവരുടെ സേവനവുമുണ്ടാവും. സുരക്ഷയുടെ ഭാഗമായി 35 ഇന്‍ഫ്രാ റെഡ് വിഷന്‍ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പമ്പയിലെയും സന്നിധാനത്തെയും കണ്ട്രോള് റൂമുകള്‍ക്കു പുറമെ പത്തനംതിട്ട, തിരുവനന്തപുരത്തെ ഇന്റലിജന്‍സ് ഓഫീസ്, റെയ്ഞ്ച് ഓഫീസ് എന്നിവിടങ്ങളിലും ലഭിക്കും. തീര്‍ത്ഥാടകര്‍ക്ക് സഹായത്തിനായി പോലീസ് 12890 എന്ന ഹെല്പ്പ്ലൈന് നമ്പര്‍ ലഭ്യമാക്കിയിട്ടുണ്ട്.
തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ അപകടത്തില്‍പെട്ടാല്‍ സഹായത്തിനായുള്ള ശബരിമല സേഫ് സോണ്‍ പദ്ധതി 14ന് ആരംഭിക്കും. സേഫ് സോണിന്റെ ഭാഗമായി 15 വാഹനങ്ങള്‍ പട്രോളിംഗ് നടത്തും. ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് വെള്ളവും വെളിച്ചവും ഉറപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: