ഒരു നല്ല ഭരണാധികാരി ആയിരിക്കേണ്ടതിന്, പ്രതിഭാശാലിയായ ശാസ്ത്രജ്ഞന്, എഞ്ചിനീയര്‍, ഡോക്ടര്‍, കലാകാരന് മുതല്‍ ആരുമായിരിക്കേണ്ടതിന്, എന്തിന് ഒരു നല്ല മനുഷ്യനായിരിക്കേണ്ടതിനു പോലും അടിസ്ഥാനപരമായി നിങ്ങളൊരു കവി ആയിരിക്കേണ്ടതുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരികളെല്ലാം കവികളായിരുന്നു. അവര്‍ കവിതയും സാഹിത്യവും എഴുതിയിരുന്നു എന്നല്ല. പിന്നോട്ടു തള്ളിപ്പോയവന്റെ ഒപ്പമായിരുന്നു എന്ന അര്‍ത്ഥത്തിലാണ്. വിജയിച്ചവന്റെ അല്ല, പരാജയപ്പെട്ടവന്റെ കൂടെ. നെഞ്ചു പിളര്‍ന്നു നില്‍ക്കുന്നവനെ തിരിച്ചറിയാന്‍ കവിക്കേ കഴിയൂ. കര്‍മ്മം കൊണ്ട് കാട്ടാളനായിരുന്നു എങ്കിലും ഹൃദയം കൊണ്ട് കവിയായിരുന്നു ആദികവി. അതുകൊണ്ടാണ് ക്രൗഞ്ചപ്പക്ഷിയുടെ കണ്ണീര് അയാളുടെ നെഞ്ചില്‍ വീണു പൊള്ളിയത്. ക്രിസ്തുവും നബിയും ബുദ്ധനും ഗാന്ധിയും കവികളായിരുന്നു. സ്നേഹം കൊണ്ട് കവിത എഴുതി ഒടുവില്‍ സ്വരക്തം കൊണ്ട് കവിതക്ക് അടിവരയിട്ടവര്‍.
1502 ലാണ് ഡാവിഞ്ചി ഒരു ചെറുവിമാനത്തിന്റെ പ്രോട്ടോടൈപ്പ് ഉണ്ടാക്കിയത്. അതിനും എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തന്നെ ഇതിഹാസകാരന് തന്റെ സാഹിത്യത്തിലൂടെ ഭാരതീയന്റെ പ്രജ്ഞയിലേക്ക് പുഷ്പകവിമാനത്തെ പറത്തി വിട്ടു. ശാസ്ത്രം ഏതുകാലത്തും സാഹിത്യത്തിനു പിന്‍പേ പറക്കുന്ന പക്ഷിയാണ്.
ലോകം cloning എന്നു കേട്ടിട്ടു പോലുമിലാത്ത ഒരു കാലത്തില്‍ ഗാന്ധാരിയുടെ വയറ്റില്‍ നിന്നു പുറത്തുവന്ന മാംസപിണ്ഡത്തെ നൂറ്റൊന്ന് കഷണങ്ങളാക്കി കുടങ്ങളില്‍ നിക്ഷേപിച്ച് അവയെ മനുഷ്യജന്മങ്ങളായി വളര്‍ത്തിയെടുത്തപ്പോള്‍ കവി ജനിതകശാസ്ത്രത്തിന്റെ ആദിപിതാവായി തലയുയര്‍ത്തി നില്ക്കുന്നു. ശാസ്ത്രം ഇപ്പോള്‍ സഞ്ചരിക്കുന്ന വഴികള്‍ കവി എത്രയോ മുന്‍പേ അടയാളപ്പെടുത്തിയതാണ്.
നിങ്ങളൊരു കവിയല്ലെങ്കില്‍, തിരക്കുള്ള ചന്തയുടെ ഒരരികില്‍ കൂനിക്കൂടിയിരുന്ന് നാലു തക്കാളിയും കുറച്ചു പയറും വില്‍ക്കുന്ന തൊണ്ണൂറ്റിമൂന്നുകാരിയായ വൃദ്ധയെ മാത്രമേ കാണുകയുള്ളു. അവരുടെ ശാരീരിക അവശതകള്‍ പ്രായത്തിന്റെ സ്വാഭാവികമായ പരിണാമം മാത്രം. കിളി കൂടു വിട്ടു പോയതുപോലെ എപ്പോഴോ മനസു പറന്നുപോയ അവരുടെ മകനെയും, വൃദ്ധ മടിക്കുത്തില്‍ തിരുകി കൊണ്ടുചെല്ലുന്ന പാതി തണുത്തു തുടങ്ങിയ പരിപ്പുവടക്കു വേണ്ടി വീട്ടുപടിക്കലോളം കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്ന വാടിത്തളര്‍ന്ന കുഞ്ഞുമുഖത്തേക്കാള് വലിയ കണ്ണുകളുള്ള കൊച്ചുമകളേയും കാണണമെങ്കില്‍ നിങ്ങള്‍ ഒരു കവിയുടെ നോട്ടം നോക്കിയാലേ പറ്റൂ.
പുറംപൂച്ചിനും അകത്തേക്കു നോക്കാന്‍ കവിക്കേ കഴിയൂ. തൊലിക്കും അകത്തേക്കു നോക്കാന്‍. കാലത്തിനു കുറുകെയും നെടുകെയും സഞ്ചരിക്കാന്‍. അത്രയും ഫ്ളെക്സിബിള്‍ ആണ് എഴുത്തുകാരന്. തോട്ടിയുടെ മകന് സംസാരിക്കാന്‍ തുടങ്ങിയത് അങ്ങിനെയാണ്. ബഷീര്‍ തന്റെ പ്രണയം കൊണ്ട് ജയിലിന്റെ കൂറ്റന്‍ മതില്‍ക്കെട്ട് തകര്‍ത്തത് അങ്ങനെയാണ്. താന്‍ കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത ദേശങ്ങളിലെ ജീവിത മിടിപ്പുകള്‍ തന്റെ കൊച്ചു എഴുത്തുപുരയില്‍ ഇരുന്ന് അയാള്‍ ഹൃദയത്തില്‍ സ്വീകരിക്കുന്നുണ്ട്. കാലത്തിനു വരുന്ന മാറ്റങ്ങള്‍ അറിയുന്നുണ്ട്. ഇനി വരാനിരിക്കുന്ന തലമുറകളെ തൊട്ടറിയുന്നുണ്ട്. കുറഞ്ഞ പക്ഷം കവിയുടെ ഹൃദയമെങ്കിലും ഉണ്ടാകണം ലോകത്തെ മനസിലാക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: