ശബരിമലയില്‍ കറന്‍സിനോട്ടുകളുടെ ക്ഷാമം തീര്‍ത്ഥാടനത്തെ ബാധിച്ചില്ല. നടതുറന്നശേഷമുള്ള രണ്ടുദിവസം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തിരക്ക് നന്നേകുറവായിരുന്നു. എങ്കിലും പിന്നീടുള്ള ദിനങ്ങളില്‍ തീര്‍ത്ഥാടകരുടെ തിരക്കേറി.
പഴയ നോട്ടുകള്‍ ക്ഷേത്ര കൗണ്ടറുകളില്‍ വിനിമയം നടത്താന്‍ കഴിയില്ലെന്ന മാധ്യമങ്ങളുടെ വ്യാജപ്രചരണമായിരുന്നു ആദ്യദിനങ്ങളില്‍ തിരക്ക് കുറയാന്‍ ഇടയാക്കിയത്. സര്‍ക്കാര്‍ പിന്‍വലിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറിയെടുക്കാന്‍ സന്നിധാനത്ത് സൗകര്യം ഒരുക്കിയിട്ടുള്ള വിവരം അറിഞ്ഞ് തുടങ്ങിയതോടെയാണ് വീണ്ടും ഭക്തരുടെ തിരക്കേറിയത്.
നടപ്പന്തലിലും ഭസ്മക്കുളത്തിന് സമീപത്തുമായി രണ്ട് എടിഎം കൗണ്ടറുകളാണ് ധനലക്ഷ്മി ബാങ്കിനുള്ളത്. കൂടാതെ എസ്ബിടിയുടെ മൂന്ന് എടിഎം കൗണ്ടറുകളും സന്നിധാനത്തുണ്ട്. പഴയ നോട്ടുകള്‍ ഭണ്ഡാരത്തിലും മറ്റും നിക്ഷേപിക്കാമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. വഴിപാട് കൗണ്ടറുകളില്‍ പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കുന്നുണ്ട്.
ക്രഡിറ്റ്-ഡബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് അപ്പം അരവണ എന്നിവ വാങ്ങാനാവുന്ന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ധനവിനിയോഗം നടത്തുന്ന ഭാഗങ്ങളില്‍ 50 സേപ്പിംഗ് മെഷീന് സ്ഥാപിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ചു. വടക്കേനടയില്‍ പുതിയ എടിഎം കൗണ്ടര്‍ ആരംഭിച്ചു. സന്നിധാനത്തെ ചില എടിഎം കൗണ്ടറുകളില്‍ ചിലത് പ്രവര്‍ത്തിക്കാതിരുന്നതാണ് ആദ്യദിനങ്ങളില്‍ ഭക്തരെ കുഴക്കിയത്. നോട്ട് മാറ്റിയെടുക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി നല്‍കേണ്ടിവന്നത് രേഖകള്‍ കയ്യില്‍ കരുതാതിരുന്ന ഭക്തരെ ബുദ്ധിമുട്ടിലാക്കിയിരുന്നു.
പിന്‍വലിച്ച നോട്ടുകള്‍ കെഎസ്ആര്‍ടിസി സ്വീകരിക്കാന്‍ തയ്യാറാകാത്തതാണ് ഇപ്പോള്‍ തീര്‍ത്ഥാടകരെ വലയ്ക്കുന്നത്. നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ പഴയനോട്ടുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട്.
അക്കോമഡേഷന്‍ ഓഫീസ്, ഗസ്റ്റ് ഹൗസ്, വഴിപാട് കൗണ്ടറുകള്‍ എന്നിവിടങ്ങളില്‍ സേപിംഗ് മെഷിന് സ്ഥാപിച്ചാല്‍ പ്രശ്നത്തിന് ഒരുവിധം പരിഹാരമാവും. വ്യാപാര സ്ഥാപനങ്ങളില്‍ മാത്രമാണ് നോട്ട് ക്ഷാമം കാര്യമായി ബാധിച്ചിട്ടുള്ളത്. മിക്ക കടകളുടെയും മുന്നില്‍ 500,1000, നോട്ടുകള്‍ എടുക്കില്ലെന്ന് എഴുതി വച്ചിട്ടുള്ളതും തീര്‍ത്ഥാടകരെ ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: