ആദ്യം തന്നെ പറയട്ടെ, എനിക്ക് ചുരിദാറിനോടോ ചുരിദാർ ധരിക്കുന്നവരോടോ യാതൊരു വിധ എതിർപ്പും ഇല്ല. എന്ന് മാത്രമല്ല, ചുരിദാർ വളരെ വൃത്തിയുള്ളതും ഭംഗിയുള്ളതും മാന്യവുമായ വസ്ത്രങ്ങളിൽ ഒന്ന് തന്നെയാണ് എന്നുതന്നെയാണ് എന്റെ അഭിപ്രായം. (എന്നാൽ ലെഗ്ഗിൻസ്, ഇറുക്കിപ്പിടിച്ചു ജീൻസ് തുടങ്ങിയ വസ്ത്രങ്ങളെപ്പറ്റി അത്ര നല്ല അഭിപ്രായം ഒന്നും ഇല്ല)
ചുരിദാറിനെ പിന്തുണക്കുന്നവരുടെ വിഷമം മുഴുവനും, ക്ഷേത്രത്തിൽ വരുന്ന, ചുരിദാർ ധരിച്ച സ്ത്രീകൾ അതിനു മുകളിൽ മുണ്ടു ധരിച്ചുകൊണ്ട് കോമാളി വേഷം കെട്ടുന്നു, എന്നാണല്ലോ? വാസ്തവത്തിൽ സ്ത്രീകളായാലും പുരുഷന്മാരായാലും മുണ്ടിനടിയിൽ(സ്ത്രീകളായാൽ സാരിക്കടിയിലും) എന്താണ് ധരിച്ചിരിക്കുന്നത്, അല്ലെങ്കിൽ എന്തെങ്കിലും ധരിച്ചിട്ടുണ്ടോ എന്ന് നോക്കാൻ എല്ലാ ക്ഷേത്രങ്ങളിലും സുധാകരന്മാരെ ഒന്നും നിയമിച്ചിട്ടില്ലല്ലോ. അവർ എന്ത് അടിയിൽ എന്ത് ധരിക്കുന്നു എന്നത് പ്രശ്‌നമേയല്ല.
ക്ഷേത്രനിയമങ്ങളിൽ ഒരിടത്തും പറയുന്നില്ല, പാന്റിന്റെയും ചുരിദാറിന്റെയും പുറത്തു മുണ്ടു ധരിച്ചാൽ മതി എന്ന്. പുറത്തു കാണുന്ന വസ്ത്രം പരന്പരാഗത വസ്ത്രം ആയിരിക്കണം എന്നെ പറയുന്നുള്ളു. മലയാളി പുരുഷന്മാർക്ക് ഭൂരിപക്ഷം പേർക്കും ഇന്നും പ്രിയപ്പെട്ട വസ്ത്രം മുണ്ടു തന്നെയാണ്. ധാരാളം പേര് ഓഫീസുകളിലും മുണ്ടു ധരിച്ചു വരാറുണ്ട്. ക്ഷേത്രത്തിൽ വരുന്ന സ്ത്രീകൾ, കുളി കഴിഞ്ഞു വീട്ടിൽ നിന്ന് തന്നെ പരന്പരാഗത രീതിയിൽ ഉള്ള വസ്ത്രങ്ങൾ ധരിച്ചും പുരുഷന്മാർ മുണ്ടുടുത്തും വന്നാൽ പിന്നെ വാടകക്കാർ നടത്തുന്ന ചൂഷണം ഉണ്ടാകില്ലല്ലോ. ക്ഷേത്ര ദർശനത്തിനു പോകുന്നവർ അത് ശ്രദ്ധക്കാത്തതുകൊണ്ടല്ലേ, വാടകക്ക് മുണ്ടു വാങ്ങേണ്ടി വരുന്നത്
പിന്നെ, വിദേശികളുടെയും അന്യ സംസ്ഥാനങ്ങളിലെയും ഭക്തരുടെ അസൗകര്യം. ക്ഷേത്ര ദർശനത്തിനു വരുന്നവർ യഥാർത്ഥ ഭക്തർ ആണെങ്കിൽ ക്ഷേത്ര നിയമങ്ങളെക്കുറിച്ചു ശരിയായ വിവരം നൽകിയാൽ അവർ അത് അനുസരിക്കും എന്നാണു എന്റെ വിശ്വാസം. അതുകൊണ്ടാണല്ലോ, ശബരിമലയിൽ പതിനെട്ടാം പടി കയറണമെങ്കിൽ തലയിൽ ഇരുമുടിക്കെട്ടു വേണം എന്ന നിയമം, അവിടെ വരുന്ന ഭക്തന്മാർ കൃത്യമായും നിഷ്ഠയോടും കൂടി അനുസരിക്കുന്നത്. വിദേശികളായ ഭക്തർ പോലും ശബരിമലയിലെ ആ നിയമം സന്തോഷത്തോടും നിഷ്ഠയോടും കൂടി അനുസരിക്കുന്നുണ്ട് എന്നതല്ലേ, സത്യം? പിന്നെ, വെറുതെ ഒരു രസത്തിനുവേണ്ടി, “ആവഴിക്കു പോകുന്നതല്ലേ, ക്ഷേത്രത്തിന്റെ നടക്കു മുൻപിലൂടെ പോകുന്നതല്ലേ, അതുകൊണ്ടു ഒന്ന് കയറി പൊയ്‌ക്കൊള്ളാം” എന്ന് കരുതി ക്ഷേത്രങ്ങളിൽ പോകുന്നവർക്ക് എല്ലാറ്റിലും അസൗകര്യങ്ങൾ ഉണ്ടാകും. ക്ഷേത്രങ്ങൾ അത്തരക്കാരിൽ നിന്നുമുള്ള പണം സന്പാദിക്കാനുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആണോ, ആക്കണോ?
ഗുരുവായൂരിലും ഇടതുപക്ഷത്തിന് പ്രാമുഖ്യമുള്ള ദേവസ്വം ബോർഡ് 2007 ജൂലൈ മാസത്തിൽ ഏകപക്ഷീയമായി നിയമം മാറ്റുകയായിരുന്നു. അന്ന് തന്ത്രി അതിനെ എതിർത്തിരുന്നോ ഇല്ലയോ എന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഇല്ല. ഇടതുപക്ഷക്കാരായ ബോർഡ് അംഗങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി അദ്ദേഹവും അവരോടു യോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നോ അതോ, അദ്ദേഹത്തിൻറെ എതിർപ്പുകൾ പുറത്തു വിടാതിരുന്നതാണോ എന്നും അറിയില്ലേ.
അതിനു ശേഷം 2007 നവംബർ മാസത്തിൽ ദേവപ്രശ്നം നടത്തിയ “ദൈവജ്ഞർ” എന്ന് വിളിക്കുന്ന ജ്യോതിഷ പണ്ഡിതന്മാർ, 27 പേരും ഏകകണ്ഠമായി പറഞ്ഞത് സ്ത്രീകൾ ചുരിദാർ ധരിച്ചു അകത്തു പ്രവേശിക്കുന്നത് ഗുരുവായൂരപ്പന് സ്വീകാര്യമല്ല എന്നായിരുന്നു. അവരുടെ ആ “വിധി” യുടെ പേരിൽ അവർ പുരോഗമനവാദികളിൽ നിന്ന് ഒരുപാട് അവഹേളനത്തിന് പാത്രമായി. എങ്കിലും അവർ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തുകയുണ്ടായില്ല. പക്ഷെ, ദേവസ്വം ബോർഡ് ദൈവജ്ഞരുടെ വാക്കുകൾ തീർത്തും അവഗണിക്കുകയായിരുന്നു. അതെ സമയം ആ ദൈവജ്ഞർ വിധിച്ച എല്ലാ പ്രായശ്ചിത്ത കർമ്മങ്ങളും പരിഹാരക്രിയകളും നടത്തുകയും ചെയ്തു.
ചുരിദാർ ധരിച്ചു ക്ഷേത്രത്തിൽ ചെന്നാൽ ശ്രീ പത്മനാഭൻ അവിടെ നിന്ന് ഓടിപ്പോകുമോ, എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾ ശബരിമലയിൽ ചെന്നാൽ അയ്യപ്പ സ്വാമി അവിടെനിന്നും ഓടിപ്പോകുമോ എന്നൊക്കെ ചോദിക്കുന്ന പുരോഗമനവാദികളോടും യുക്തിവാദികളോടും എനിക്ക് പറയാനുള്ളത്, അവിടെ ക്ഷേത്രത്തിനകത്ത് ഒരു പശുവിനെ അറുത്തു ഇറച്ചി നിവേദ്യമായി പൂജിച്ചാലും ക്ഷേത്രവും അവിടത്തെ വിഗ്രഹവും അങ്ങിനെത്തന്നെ ഉണ്ടാകും. അതിനു ശേഷവും അവിടെ പത്മനാഭസ്വാമി ഉണ്ട് എന്ന് തെളിയിയ്‌ക്കാൻ യുക്തിവാദികൾക്കും പുരോഗമനവാദികൾക്കും കഴിയുമോ എന്നാണു?
ബീഫ് ഫെസ്റ്റിവലിനെ ന്യായീകരിക്കാൻ, രാമായണത്തിലെ ഭഗവാൻ ശ്രീരാമചന്ദ്രൻ വനവാസക്കാലത്ത് ഗോമാംസം ഭക്ഷിച്ചിരുന്നു അതുകൊണ്ടു ഹിന്ദുക്കൾക്ക് ഗോമാംസം നിഷിദ്ധമായ൭യിരുന്നില്ല, എല്ലാം സവർണ്ണ ഹിന്ദു ഫാസിസ്റ്റുകൾ അടിച്ചേൽപ്പിച്ച നിയമമായിരുന്നു എന്നായിരുന്നു. ഇനി, ക്ഷേത്രങ്ങളിലെ നിയമങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി ക്ഷേത്രങ്ങളിൽ ഗോമാംസം നിവേദ്യമായും മദ്യം തീർത്ഥമായും നൽകണം എന്ന് ആവശ്യം വന്നാൽ, അതിനെ പിന്തുണക്കാനും ഇവിടെ പുരോഗമനവാദികൾ ഉണ്ടാകും.
ക്ഷേത്രങ്ങളിൽ അഷ്ടമംഗല പ്രശ്നങ്ങൾ നടത്തി വെറുതെ പണം ചിലവാക്കുന്നത് എന്തിനാണ്? അതെ ദൈവജ്ഞർ പ്രശ്നം വച്ച് ദൈവഹിതം അറിഞ്ഞു നിർദ്ദേശിക്കുന്ന എല്ലാ പ്രായശ്ചിത്ത കർമ്മങ്ങളും പരിഹാരക്രിയകളും ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണ്? ഒന്നുകിൽ അവർ ദൈവഹിതം എന്ന് പറയുന്നത് മുഴുവൻ സ്വീകരിക്കുക. അല്ലെങ്കിൽ അവരെ മേലിൽ ക്ഷേത്രങ്ങളിൽ കയറാൻ അനുവദിക്കാതിരിക്കുകയും ഇടതുപക്ഷക്കാരും യുക്തിവാദികളും പുരോഗമനവാദികളും പറയുന്ന “ദൈവഹിതം” അംഗീകരിക്കുകയും ചെയ്യുക. വെറുതെ അവരെ ദേവപ്രശ്നവും മറ്റും ചെയ്യാൻ ക്ഷണിച്ചു വരുത്തി അപമാനിക്കുന്നത് എന്തിനു? ഇനി അവർ സ്വയം,”ഞങ്ങൾക്ക് ഈ ക്ഷേത്രത്തിൽ ദേവപ്രശ്നം നടത്തണം” എന്ന് പറഞ്ഞു വരികയാണെങ്കിൽ തന്നെ, ” ഇവിടെ ദേവപ്രശനവും ഒന്നും വേണ്ട, ദൈവ ഹിതം എന്താണ് എന്ന് ഞങ്ങൾക്കറിയാം, ഞങ്ങൾ സ്വയം തീരുമാനിച്ചുകൊള്ളാം” എന്ന് പറഞ്ഞു അവരെ ഒഴിവാക്കാമല്ലോ. ആരെ പറ്റിക്കാൻ വേണ്ടിയാണ് ഇതെല്ലാം നടത്തുന്നത്? യഥാർത്ഥ ദൈവ വിശ്വാസികളെ പറ്റിക്കാനോ?
ഇപ്പോൾ ദേവപ്രശ്നത്തിൽ എത്ര പേർക്ക് വിശ്വാസം ഉണ്ട്? ശരിക്കും വിശ്വാസം ഉണ്ടായിരുന്നെങ്കിൽ, അവരുടെ വിധിക്കെതിരെ ചുരിദാർ അനുവദിച്ചാൽ തന്നെ, ഭക്തർ അത് അനുസരിക്കുമായിരുന്നോ? തങ്ങൾക്കു അസൗകര്യങ്ങൾ ഇല്ലാത്ത കാര്യങ്ങൾ വിശ്വസിക്കും, തങ്ങളുടെ ഇഷ്ടത്തിന് വിപരീതമായ കാര്യങ്ങൾ അവിശ്വസിക്കും എന്നതല്ലേ, പൊതുവെ എല്ലാവരുടെയും മനോഭാവം?
ഈ “കാലോചിതമായ” മാറ്റം എന്ന് പറഞ്ഞാൽ പുരോഗമനവാദികൾ ഉദ്ദേശിക്കുന്നത് എന്താണ്. പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനത്തിൽ പെട്ട് ഭാരതീയ ആചാരങ്ങളെ പാശ്ചാത്യ സംസ്കാരത്തിന്റെ വഴിയിലേക്ക് മാറ്റണം എന്നാണോ?
എല്ലാ ക്ഷേത്രങ്ങളിലും നിയമങ്ങൾ ഒരേ രൂപത്തിൽ മതി എങ്കിൽ, ഒരോ ക്ഷേത്രത്തിലും ഓരോ വ്യത്യസ്ത പ്രതിഷ്ഠകളും അവർക്കൊക്കെ തനതായ ദേവതാ സങ്കൽപ്പങ്ങളും ആവശ്യമുണ്ടോ. ക്ഷേത്രങ്ങൾ ആത്മസാക്ഷാൽക്കാരത്തിനുള്ള സ്ഥലമാണെന്നാണല്ലോ നമ്മുടെ ഹിന്ദുമത പണ്ഡിത വേഷധാരികളുടെ മതം. ആ സ്ഥിതിക്ക് ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾ ആവശ്യമുണ്ടോ? ക്ഷേത്രങ്ങൾ എല്ലാം പഴയകാലത്തെ ശിൽപ്പ ചാതുര്യത്തിന്റെ പ്രതീകങ്ങളായി, കാഴ്ചക്കാർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചു സന്ദർശിക്കാവുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആക്കുകയോ, അല്ലെങ്കിൽ “സവർണ്ണ ഹിന്ദു ഫാസിസ്റ്റു വർഗ്ഗീയ” മനോഭാവത്തിന്റെ പ്രതീകങ്ങളായ ആ ക്ഷേത്രങ്ങൾ പൊളിച്ചു കളഞ്ഞു ഇവിടെ ” മതേതരത്വം” വളർത്തിയെടുക്കാം.
പ്രാത്ഥനക്കു വേണ്ടി വിഗ്രഹങ്ങൾ ഒന്നും വേണ്ടാത്ത പ്രാർത്ഥനാ മന്ദിരങ്ങൾ നിർമ്മിച്ചു ഇസ്ലാം-കൃസ്ത്യൻ മതങ്ങളുമായി തുല്യത സന്പാദിച്ചു സ്വന്തം പുരോഗമന ചിന്താഗതി പ്രകടിപ്പിക്കാം. അതോടെ ലോകത്തെ എല്ലാ ആരാധനാലയങ്ങളുടെയും നിയമങ്ങൾ ഒരുപോലെ ആക്കുകയും എല്ലാവർക്കും തുല്യത ഉറപ്പുവരുത്തുകയും ചെയ്യാം. അതോടെ “കാലോചിതമായ” മാറ്റങ്ങൾ വരുത്തി സ്വന്തം ജന്മഭൂമിയുടെ സാംസ്കാരിക പൈതൃകത്തിന്റെ ശവമടക്ക് നടത്തി എന്ന് അഹങ്കരിക്കുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: