തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിയിട്ടും ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായില്ല. മത, സാമുദായിക ശക്തികളുടെ ഇടപെടലുകളും രാഷ്ട്രീയ അതിപ്രസരവും ഏറെയുള്ള പ്രദേശമാണ് ആലപ്പുഴ. എസ്എന്‍ഡിപിയുടെ അപ്രതീക്ഷിതമായ നീക്കങ്ങള്‍, സിപിഎമ്മിലെ കടുത്ത വിഭാഗീയത, കൃഷ്ണപിള്ള സ്മാരകം കത്തിക്കല്‍, കോണ്‍ഗ്രസിന്റെ വര്‍ഗീയ പ്രീണന രാഷ്ട്രീയം, കയര്‍- കാര്‍ഷിക മേഖലകളിലെ തകര്‍ച്ച, വികസ നമുരടിപ്പ് തുടങ്ങി ഒട്ടേറെ വിഷയങ്ങളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുക.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതു- വലതു മുന്നണികള്‍ ഒപ്പത്തിനൊപ്പമായിരുന്നു എന്നതാണ് പ്രത്യേകത. പതിറ്റാണ്ടുകളായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളധികവും ഇടതു ഭരണത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അപ്രതീക്ഷിതമുന്നേറ്റം നടത്തി. ജില്ലാ പഞ്ചായത്തിലെ ആകെയുള്ള 23 ഡിവിഷനുകളില്‍ എല്‍ഡിഎഫിന് 13 സീറ്റുകളാണ് ലഭിച്ചത്. യുഡിഎഫിന് 10ഉം ലഭിച്ചു. 2005ല്‍ യുഡിഎഫിന് കേവലം നാലു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
ആകെയുള്ള അഞ്ചു നഗരസഭകളില്‍ നാലിടത്തും യുഡിഎഫിനാണ് ഭരണം ലഭിച്ചത്. ഇതില്‍ മാവേലിക്കരയില്‍ ആറുമാസം മുമ്പ് എല്‍ഡിഎഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. ആലപ്പുഴ നഗരത്തില്‍ മാത്രമാണ് എല്‍ഡിഎഫ് നേരിയ മുന്‍തൂക്കത്തോടെ ഭരണത്തിലെത്തിയത്. ചേര്‍ത്തല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളില്‍ യുഡിഎഫിനായിരുന്നു ഭരണം. ഇത്തവണ പുതുതായി ഹരിപ്പാട് നഗരസഭയും രൂപീകരിച്ചിട്ടുണ്. 73 ഗ്രാമപഞ്ചായത്തുകള്‍ ഉള്ളതില്‍ 37ഇടങ്ങളില്‍ എല്‍ഡിഎഫും 36 പഞ്ചായത്തുകളില്‍ യുഡിഎഫുമാണ് ഭരണം നടത്തുന്നത്.
ഇതില്‍ ഹരിപ്പാട് പഞ്ചായത്ത് നഗരസഭ ആയതോടെ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും നില തുല്യമായി. 12 ബ്ലോക്കു പഞ്ചായത്തുകളില്‍ ഏഴിടത്ത് യുഡിഎഫാണ് ഭരണം നടത്തുന്നത്.
ബിജെപിയുടെ ശക്തമായ മുന്നേറ്റമാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ ഇടതു – വലതു മുന്നണികളെ ഒരേപോലെ ആശങ്കയിലാക്കുന്നത്. സിപിഎം – കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ പലഘട്ടങ്ങളിലായി ബിജെപിയില്‍ ചേര്‍ന്നത്.
കൂടാതെ കെപിഎംഎസ്, എസ്എന്‍ഡിപി, ധീവര, വിശ്വകര്‍മ്മ സമുദായങ്ങളില്‍ നിന്നും നല്ലൊരുവിഭാഗവും ഇത്തവണ ബിജെപിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എന്‍ഡിപി നിലപാടുകളും ബിജെപിക്ക് ഏറെ ഗുണം ചെയ്യും.
സിപിഎമ്മിന്റെ കോട്ടകളെന്നറിയപ്പെടുന്ന പ്രദേശങ്ങളില്‍ എസ്എന്‍ഡിപി ഇത്തവണ സ്വതന്ത്രസ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാകും. കൂടാതെ ശ്രീനാരായണഗുരുദേവനെ തെരുവില്‍ അപമാനിച്ചതും സജീവ ചര്‍ച്ചാവിഷയമായി നിലനില്‍ക്കുകയാണ്.
എസ്എന്‍ഡിപി താലൂക്ക് യൂണിയന് അടിസ്ഥാനത്തിലും ശാഖാതലത്തിലും സിപിഎമ്മിന്റെ ഗുരുനിന്ദയ്ക്കെതിരെ ശക്തമായ പ്രചരണം നടത്തുന്നുണ്ട്. അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ്, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ തീവ്ര മതവര്‍ഗ്ഗീയ സംഘടനകളുമായും ക്രൈസ്തവ സഭകളുമായും കൂട്ടുകെട്ടുണ്ടാക്കി പിടിച്ചു നില്‍ക്കാനാണ് ശ്രമം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: