കണ്ണൂര്‍/പാനൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ മനോജിനെ വധിച്ച കേസിലെ പ്രതികളെ തോല്‍വി ഭയന്ന് തെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നും സിപിഎം ഒഴിവാക്കി. കൊലക്കേസ് പ്രതികളെ മത്സരിപ്പിക്കുന്നതിനെതിരെ പാര്‍ട്ടിക്കുളളിലും പൊതു സമൂഹത്തിലും വ്യാപക പ്രതിഷേധം ഉയര്‍ന്നതും പ്രതികളെ മത്സരിപ്പിക്കുന്നതില്‍ നിന്നും പിന്മാറാന് പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ചിട്ടുണ്ട്.
മനോജ് വധത്തിലെ രണ്ട് പ്രതികളെ മത്സരിപ്പിക്കാന്‍ കഴിഞ്ഞ ദിവസം തലശേരി സെഷന്‍സ് കോടതിയില്‍ അഡ്വ:കെ.വിശ്വന് നല്കിയ ഹര്‍ജി ഇന്നലെ വിധി പറയുന്നതിനു മുന്‍പ് പിന്‍വലിക്കുന്നതായി കോടതിയെ അറിയിക്കുകയായിരുന്നു. കേസില്‍ ജാമ്യത്തിലുളള പ്രതികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജില്ലയില്‍ പ്രവേശിക്കാനുളള അനുമതി ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. മൂന്നാംപ്രതി കിഴക്കെകതിരൂരിലെ ചപ്ര പ്രകാശന്,പന്ത്രണ്ടാം പ്രതി മുച്ചിറിയന്‍ രാമന് എന്ന രാമചന്ദ്രന് എന്നിവരെയാണ് മത്സര രംഗത്തേക്കിറക്കാന്‍ സിപിഎം തീരുമാനി ച്ചത്. പാട്യംപഞ്ചായത്തിലെ 16,17വാര്‍ഡുകള്‍ ഇവര്‍ക്കായി മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു.
അന്വേഷണത്തിലുളള കേസിലെ പ്രതികളെ മത്സരിപ്പിക്കുന്നതിനെതിരെ ഘടകകക്ഷികളില്‍ നിന്നുമടക്കം പ്രതിഷേധമുണ്ടായിരുന്നു.എന്നാല്‍ തന്റെ സന്തത സഹചാരികളെ മത്സരിപ്പിക്കാന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് തീരുമാനിക്കുകയായിരുന്നു. പാട്യം ലോക്കല്‍കമ്മറ്റിയില്‍ നിന്നും ഇവരുടെ ബ്രാഞ്ച് കമ്മറ്റിയില്‍ നിന്നും വന്‍പ്രതിഷേധമുയര്‍ന്നതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു.മനോജിന്റെ വീട് സ്ഥിതി ചെയ്യുന്ന മേഖലകളില്‍ കൊലപാതകത്തിനു ശേഷം സ്ത്രീകളടക്കം പാര്‍ട്ടിക്കെതിരെ നിലപാടെടുത്തിരുന്നു. പ്രതികളെ സ്ഥാനാര്‍ത്ഥി കൂടിയാക്കി വെല്ലുവിളിയുയര്‍ത്തിയ സിപിഎമ്മിനെതിരെ പരസ്യമായി നിലപാടെടുക്കുമെന്ന് ഒരുവിഭാഗം പ്രഖ്യാപിച്ചതോടെ പ്രതികളെ മത്സരിപ്പിക്കേണ്ടായെന്ന് പാര്‍ട്ടി തീരുമാനിച്ചതായി പി.ജയരാജന് ഇന്നലെ അറിയിക്കുകയായിരുന്നു.
ഫസല്‍ വധത്തിലെ പ്രതികളായ കാരായിമാരെ മത്സരിപ്പിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ മനോജ് വധകേസിലെ പ്രതികളെയും പരിഗണിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുകയായിരുന്നു.ഇതിന് പി.ജയരാജന്റെ പിന്തുണയും ലഭിച്ചു. എന്നാല്‍ ഇതില്‍ സംസ്ഥാന കമ്മറ്റിയിലെ നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ടെന്നതിന്റെ സൂചന കൂടിയാണ് പിന്മാറ്റം.
കൊലയാളികളെ മത്സരിപ്പിക്കുന്നതിനെതിരെ ബിജെപിയും ആര്‍എംപി.നേതാവ് കെകെ.രമയും രംഗത്തെത്തിയിരുന്നു.പഞ്ചായത്തീരാജിനെ കൊലയാളിരാജാക്കി സിപിഎം മാറ്റുകയാണെന്നാണ് രമ പറഞ്ഞത്.അതിനു പുറമെ മനോജ് വധത്തിലൂടെ ആസൂത്രണകരങ്ങള്ക്കായി സിബിഐ അന്വേഷണം മുറുക്കുമ്പോള്‍ ഇവരെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ജാമ്യം അനുവദിക്കുമ്പോള്‍ അന്വേഷണസംഘത്തിന് മുന്പില് ഹാജരാകണമെന്ന നിബന്ധനയും കോടതി ഉത്തരവിട്ടിരുന്നു.
അതേ സമയം തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായി നാടുകടത്തപ്പെട്ട കാരായി രാജനും കാരായി ചന്ദശേഖരനും കോടതിയനുമതിയോടെ കണ്ണൂരിലെത്തി ഇന്നലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്കി. രാജന് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കും ചന്ദ്രശേഖരന് തലശ്ശേരി നഗരസഭയിലേക്കുമാണ് പത്രിക നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: