എരുമേലി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പത്രികാ സമര്‍പ്പണത്തിനുള്ള പണം ക്ഷേത്രത്തില്‍ രഹസ്യമായി പൂജിച്ചുനല്കി.
നേതാക്കളുടെ ഈശ്വരവിശ്വാസം പാര്‍ട്ടിയിലും അണികളിലും വന്‍ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. എരുമേലി ഗ്രാമപഞ്ചായത്തിലെ ഒഴക്കനാട് അഞ്ചാം വാര്‍ഡില്‍ മത്സരിക്കുന്ന മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറി കൂടിയായ ടി.എസ്.കൃഷ്ണകുമാര്‍, പൊര്യന്മല 21-ാം വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന സിപിഐയിലെ ഇ.കെ.സുബ്രഹ്മണ്യന് എന്നിവരാണ് പാര്‍ട്ടിയുടെ വിശ്വാസപ്രമാണങ്ങളെ അട്ടിമറിച്ച് വെട്ടിലായത്.
പത്രിക സമര്‍പ്പണത്തിനുള്ള അവസാന ദിവസം എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പതിവ് നിര്‍മ്മാല്യ ദര്‍ശനത്തിനെത്തുന്ന ഒരു ഭക്തനാണ് സിപിഎം നേതാവിനുള്ള 1000 രൂപ സ്വന്തം കയ്യില്‍ നിന്നും എടുത്ത് ക്ഷേത്രത്തില്‍ പോയി പൂജിച്ച് നല്‍കിയത്. ഇതോടൊപ്പമാണ് സിപിഐ നേതാവ് നല്കിയ പണവും ഹോട്ടല്‍ ഉടമകൂടിയായ ഭക്തന് രാവിലെ സ്വന്തം പേരിലെഴുതിയ രസീതില്‍ പൂജിച്ച് നല്‍കിയത്. കഴിഞ്ഞ വര്‍ഷവും ബ്ലോക്ക് ഡിവിഷനിലേക്ക് മത്സരിച്ച സിപിഎം നേതാവ് ഇതുപോലെ ക്ഷേത്രത്തില്‍ പത്രിക സമര്‍പ്പണത്തിനുള്ള പണം പൂജിച്ച് നല്‍കിയിരുന്നതായും കച്ചവടക്കാരന് പറഞ്ഞു.
ഹൈന്ദവവിശ്വാസങ്ങളോട് എന്നും പ്രതിഷേധമുയര്‍ത്തി വിശ്വാസികളായ പാര്‍ട്ടി അണികളെ വിലക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ പൂജയോടെ പുതിയ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. ത്രിതല പഞ്ചായത്തില്‍ ജയിക്കാനായി നേതാക്കള്‍ നടത്തിയ പണപൂജ വിവാദമായതോടെ കമ്മ്യൂണിസ്റ്റ് ചിന്തകരും അനുഭാവികളും അണികളും പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.
കണ്ണൂരില്‍ ഗുരുദേവനെ സിപിഎം നിന്ദിച്ചതിനെതിരെ എരുമേലിയില്‍ എസ്എന്‍ഡിപി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത സിപിഎം നേതാവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തിറങ്ങുന്നതിനിടെയാണ് എല്‍ഡിഎഫ് നേതാക്കളുടെ പൂജയും വിവാദമായിത്തീര്ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: