തൊടുപുഴ: തൊടുപുഴ താലൂക്കിലെ മണക്കാട് പഞ്ചായത്തില്‍ എസ്എന്‍ഡിപി- ബിജെപി സഖ്യം മത്സര രംഗത്തിറങ്ങിയതോടെ പഞ്ചായത്തിലെ 12 വാര്‍ഡുകളില്‍ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. മിക്ക വാര്‍ഡുകളിലും ബിജെപി-എസ്എന്‍ഡിപി മുന്നണിയും യുഡിഎഫുമായാണ് ഏറ്റുമുട്ടുന്നത്. കാലാകാലങ്ങളായി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് പിടിച്ചെടുക്കാന്‍ ബിജെപി-എസ്എന്‍ഡിപി സഖ്യത്തിലൂടെ കഴിയുമെന്ന് മനസിലാക്കിയതിനാലാണ് ഇങ്ങനെയൊരു സഖ്യത്തിന് ഒരുങ്ങിയതെന്ന് എസ്എന്‍ഡിപി തൊടുപുഴ യൂണിയന് പ്രസിഡന്റ് അഡ്വ. പ്രവീണ്‍ പറഞ്ഞു.
മണക്കാട് പഞ്ചായത്തിന് കീഴിലുള്ള വിവിധ ശാഖാ യോഗങ്ങളുടെ താല്പര്യപ്രകാരമാണ് ഇത്തരമൊരു മുന്നണി സംവിധാനം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പതിമൂന്ന് വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. രാഷ്ട്രീയത്തിലെ പുതിയ മാറ്റവും എസ്എന്‍ഡിപി- ബിജെപി സംഖ്യവും കൂടിയായതോടെ മണക്കാട് പഞ്ചായത്തിലെ ഇടത്-വലത് കോട്ടകള്‍ക്ക് വിള്ളല്‍ വീണ് തുടങ്ങിയിട്ടുണ്ട്. ബിജെപിക്ക് 1800 അംഗങ്ങള്‍ മണക്കാട് പഞ്ചായത്തിലുണ്ട്. ചിറ്റൂര്‍, അരിക്കുഴ, വഴിത്തല, മുണ്ടേക്കുന്ന് എന്നീ എസ്എന്‍ഡിപി ശാഖകളിലെ ആയിരക്കണക്കിന് ശ്രീനാരായണീയര്‍ കൂടി കാലാകാലങ്ങളായി നിലനിന്നിരുന്ന മുന്നണി സംവിധാനത്തിനെതിരെ നിലപാടെടുത്തതോടെയാണ് മണക്കാടിന്റെ മനസ് അപ്പാടെ മാറിത്തുടങ്ങിയത്.
1,2,3,13 വാര്‍ഡുകളില്‍ എസ്എന്‍ഡിപി നിശ്ചയിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥികളാണ് ബിജെപി സ്വതന്ത്രരായി മത്സരിക്കുന്നത്. ഒന്നാം വാര്‍ഡില്‍ മല്ലിക ഷാജി, രണ്ടില്‍ ലീന പ്രസാദ്, മൂന്നാം വാര്‍ഡില്‍ രാജേഷ് റ്റി.ആര്, നാലാം വാര്‍ഡില്‍ ബിന്ദു പ്രകാശ്, അഞ്ചില്‍ മഞ്ചു അജിത്ത്, ആറാം വാര്‍ഡില്‍ ജയരാമന്, ഏഴാം വാര്‍ഡില്‍ ശോഭന സുരേന്ദ്രന്, എട്ടാം വാര്‍ഡില്‍ രജനി രഞ്ചു, ഒമ്പതാം വാര്‍ഡില്‍ ദീപ മൈക്കിള്‍, പത്തില്‍ ശശികുമാര്‍, പതിനൊന്നില്‍ കെഎസ് സുരേഷ്, പന്ത്രണ്ടില്‍ ദീപ ബിജു, പതിമൂന്നില്‍ സിജു കോലടി എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. ഏഴാം വാര്‍ഡില്‍ നിന്നും ബിജെപി അംഗം ശോഭന സുരേന്ദ്രന് കഴിഞ്ഞ തവണ വിജയിച്ചിരുന്നു.
ഇത്തവണ ജനറല്‍ വാര്‍ഡില്‍ നിന്നാണ് ശോഭ സുരേന്ദ്രന് ജനവിധി തേടുന്നത്. കരിങ്കുന്നം ഡിവിഷനില്‍ നിന്നും ജനവിധി തേടുന്ന ബിജെപി സ്ഥാനാര്‍ത്ഥി വി ബി പ്രശാന്തിനെ എസ്എന്‍ഡിപി യോഗം പിന്തുണയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇന്ന് ഈ ഡിവിഷന് കീഴിലുള്ള ആറ് ശാഖാ ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് യൂണിയന് പ്രസിഡന്റ് അഡ്വ. പ്രവീണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: