കോട്ടയം: വൈക്കത്ത് എസ്എന്‍ഡിപി യോഗം – ബിജെപി സഖ്യത്തെ മറികടക്കാന്‍ സിപിഎം ഫൈറ്റ് ആരംഭിച്ചു. ടി.വിപുരം ചെമ്മനത്തുകരയില്‍ വച്ച് എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന് സെക്രട്ടറി എം.പി സെന്നിന് നേരെ കയ്യേറ്റത്തോടെയാണ് ഫൈറ്റിംഗ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഒരു പ്രമുഖ മലയാളപത്രത്തിന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ അഡ്വ. പി.കെ ഹരികുമാര്‍ നല്കിയ അഭിമുഖത്തില്‍ ടി.വിപുരം, വെച്ചൂര്‍ പഞ്ചായത്തുകളില്‍ എസ്എന്‍ഡിപിയെ മറികടക്കാന്‍ സിപിഎം ഫൈറ്റ് ചെയ്യുകയാണെന്ന് പറഞ്ഞിരുന്നു.
ഈ അഭിമുഖം പത്രം പ്രസിദ്ധീകരിച്ച ദിവസം രാത്രിയിലാണ് എസ്എന്‍ഡിപി നേതാവിന് നേരെ സിപിഎം അക്രമി സംഘത്തിന്റെ കയ്യേറ്റമുണ്ടായത്. ടിവിപുരത്ത് ബിജെപിയും എസ്എന്‍ഡിപി യോഗവും നേതൃത്വം നല്കുന്ന സമത്വമുന്നണിയും ഏഴ് സീറ്റുകളില്‍ വീതമാണ് മത്സരിക്കുന്നത്. പൈനങ്കല് ജംഗ്ഷനില്‍ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ ബിജെപി നേതാക്കള്‍ക്കൊപ്പം പങ്കെടുത്തതിന് ശേഷം ചെമ്മനത്തുകരയില്‍ എസ്എന്‍ഡിപി ശാഖാ യോഗം സംഘടിപ്പിച്ച കുടുംബയോഗത്തിലും പങ്കെടുത്ത് മടങ്ങുമ്പോഴാണ് എം.പി സെന്നിന്റെ കാര്‍ തടഞ്ഞു നിര്‍ത്തി ഷര്‍ട്ടിന്റെ കോളറില്‍ കടന്നു പിടിച്ച് കയ്യേറ്റം ചെയ്യുകയും ഇനി ഇതുവഴി വന്നാല്‍ കൊന്നുകളയുമെന്ന്ഭീഷണിപ്പെടുത്തുകയും ചെയ്തത്. വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
1996 ല്‍ സെമിത്തേരി സമരത്തിന്റെ കാലത്താരംഭിച്ചതാണ് എസ്എന്‍ഡിപിക്ക് നേരെയുള്ള സിപിഎമ്മിന്റെ ഫൈറ്റിംഗ്. മൂഴിക്കോട് ക്ഷേത്രത്തിന്റെ സമീപം സെമിത്തേരി നിര്‍മ്മിക്കുന്നതിനെതിരെ ആരംഭിച്ച സമരത്തെ തകര്‍ക്കാന്‍ സിപിഎം വലിയ ശ്രമമാണ് നടത്തിയത്. സമരത്തില്‍ പങ്കെടുത്ത് കേസില്‍പെട്ട സിപിഎംകാരായ ഈഴവരെപോലും ഒറ്റുകൊടുക്കുന്ന സമീപനമാണ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ്സും, സിപിഎമ്മും പോലീസും ചേര്‍ന്ന് എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ക്കും അവരുടെ വീടുകള്‍ക്കും നേരെ നടത്തിയ അതിക്രമങ്ങള്‍ ഭീകരമായിരുന്നു.
അന്നും എസ്എന്‍ഡിപിക്ക് പിന്തുണയുമായി ഓടിയെത്തിയത് ബിജെപി നേതാവ് ഒ. രാജഗോപാലും, ഹിന്ദുഐക്യവേദിയുടെ സ്ഥാപകനായ സ്വാമി സത്യാനന്ദസരസ്വതിയും, കുമ്മനം രാജശേഖരനുമായിരുന്നു. വെള്ളാപ്പള്ളി നടേശന്റെ അവസരോചിതമായ ഇടപെടലുകള്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്ക് ഏറെ ആശ്വാസവും ആത്മവിശ്വസവും നല്കി. തങ്ങള്‍ ചോരനീരാക്കി പടുത്തുയര്‍ത്തിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ തങ്ങള്‍ക്കെതിരായി ഫൈറ്റ് ചെയ്യുന്നതിന്റെ രഹസ്യമെന്തെന്ന ആശങ്കയിലാണ് വൈക്കത്തെ ഈഴവ സമൂഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: