കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് ഏഴ് ജില്ലകളില്‍ ഇന്ന് നടക്കാനിരിക്കേ കണ്ണൂരില്‍ ചരിത്ര നേട്ടം മുന്നില്‍ കണ്ട് ആത്മവിശ്വാസത്തോടെയാണ് ബിജെപി.
സംസ്ഥാന ഭരണത്തിന്റെ കെടുകാര്യസ്ഥതയും കണ്ണൂരില്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതക-അക്രമ രാഷ്ട്രീയങ്ങളും ഇടത്-വലത് പഞ്ചായത്ത് ഭരണസമിതികള്‍ കഴിഞ്ഞ 5 വര്‍ഷക്കാലം നടത്തിയ കോടികളുടെ അഴിമതിക്കഥകളും തെരഞ്ഞെടുപ്പില്‍ സജീവ ചര്ച്ചവിഷയമായിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ആദ്യം തൊട്ടേ തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു ജില്ലയിലെ തെരഞ്ഞെടുപ്പ് രംഗത്ത് ബിജെപി. മാസങ്ങള്‍ക്കു മുമ്പേ വാര്‍ഡ് തലം തൊട്ട് തെരഞ്ഞെടുപ്പ് മാനേജുമെന്റ് കമ്മറ്റികളും മറ്റും രൂപീകരിച്ച് ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് അവസാനനിമിഷം വരെ ബിജെപി നടത്തിയത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേവലം 450 ഓളം വാര്‍ഡുകളില്‍ മാത്രം മത്സരിച്ച പാര്‍ട്ടി ഇത്തവണ ആയിരത്തിലധികം സീറ്റുകളിലാണ് ജില്ലയില്‍ മത്സരിക്കുന്നത്. ജമാത്തെ ഇസ്ലാമി, എസ്ഡിപിഐ പോലുളള തീവ്രസ്വഭാവമുളള സംഘടനകളുമായി ജില്ലയില്‍ പലയിടങ്ങളിലും സിപിഎം അടക്കമുളള സംഘടനകള്‍ തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയത് അണികളില്‍ ഉള്‍പ്പെടെ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ബിജെപിയാവട്ടെ വ്യക്തമായ വികസന കാഴ്ചപ്പാടുകളും കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാറിന്റെ വികസന നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടിയായിരുന്നു തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായത്.
ഘടകകക്ഷികള്‍ക്ക് സീറ്റു വീതിച്ച് നല്‍കിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, റിബല്‍ സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യവും ഇരു മുന്നണികള്‍ക്കും ഒരുപോലെ തലവേദനയായിരുന്നു. കൊലക്കേസ് പ്രതികളെ സ്ഥാനാര്‍ത്ഥിയാക്കാനുളള തീരുമാനം, പാര്‍ട്ടി കേന്ദ്രത്തില്‍നിന്ന് വന്‍ ആയുധശേഖരം പിടിച്ചെടുത്തത്, സംഭവത്തില്‍ പാര്‍ട്ടിയുടെ ഗുണ്ടാനേതാവ് അറസ്റ്റിലായത്, ബിജെപി വിട്ടു വന്ന നേതാവിന് സീറ്റ് നല്‍കിയത് തുടങ്ങി നിരവധി സംഭവങ്ങള്‍ക്ക് ഉത്തരം പറയാനാവാതെ പ്രചരണ രംഗത്ത് സിപിഎം പതറുകയായിരുന്നു.
യുഡിഎഫാവട്ടെ സംസ്ഥാന ഭരണകൂടത്തിനെതിരായ വികാരം മുതല്‍ ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം ബാര്‍കോഴ അഴിമതി കേസിലുണ്ടായ കോടതി പരാമര്‍ശം വരെയുളള വിഷയങ്ങളില്‍ വോട്ടര്‍മാരെ അഭിമുഖീകരിക്കുന്ന കാര്യത്തില്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ബിജെപിക്കാവട്ടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് സിപിഎം ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ലഭിച്ച വന്‍ സ്വീകരണവും മുന്നണികള്‍ക്കെതിരായ ആരോപണങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: