കണ്ണൂര്‍: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഗരസഭാ-പഞ്ചായത്ത് വാര്‍ഡുകളിലായി 14 സീറ്റില്‍ ജയിച്ച ബിജെപി ഇത്തവണ സീറ്റെണ്ണം ഇരട്ടിപ്പിച്ച് 31 -ല്‍ എത്തി. നാല് നഗരസഭകളില്‍ 15 സീറ്റും വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 16 സീറ്റും നേടി. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ സീറ്റൊന്നും ലഭിച്ചില്ലെങ്കിലും ഇരുമുന്നണികളോടും മത്സരിച്ച ബിജെപിയ്ക്ക് മിക്ക വാര്‍ഡുകളിലും വോട്ടെണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിട്ടുളളത്. മൂന്ന് ഡിവിഷനുകളില്‍ രണ്ടാം സ്ഥാനത്തെത്തി. തലശ്ശേരി നഗരസഭയില്‍ നിലവിലുണ്ടായിരുന്ന രണ്ട് സീറ്റ് ആറ് സീറ്റായി ഉയര്‍ത്തി വന്‍മുന്നേറ്റം നടത്തി മുഖ്യ പ്രതിപക്ഷമായി മാറി. കോണ്‍ഗ്രസിന് കേവലം മൂന്നു സീറ്റുകളേ നേടാനായുളളൂ.
പല സീറ്റുകളിലും രണ്ടും മൂന്നും വോട്ടകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. മാത്രമല്ല 13 ഇടങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി. ജില്ലയില്‍ പുതുതായി രൂപം കൊണ്ട ഇരിട്ടി, പാനൂര്‍ നഗരസഭകളില്‍ ശക്തമായ മുന്നേറ്റം നടത്താനും ബിജെപിയ്ക്കായി. കഴിഞ്ഞ തവണ പാനൂര്‍ പഞ്ചായത്തില്‍ രണ്ട് അംഗങ്ങളുണ്ടായിരുന്നിടത്ത് നഗരസഭയായി മാറിയപ്പോള്‍ മൂന്നിടങ്ങളില്‍ വിജയം നേടാന്‍ സാധിച്ചു. കീഴൂര്‍-ചാവശ്ശേരി പഞ്ചായത്ത് നഗരസഭയായി മാറിയ ഇരിട്ടിയിലാവട്ടെ മൂന്ന് സീറ്റില്‍ നിന്ന് അഞ്ച് സീറ്റായി വര്‍ദ്ധിച്ചു. തൂക്കുസഭയായ ഇവിടെ ബിജെപി നിലപാട് നിര്‍ണ്ണായകമാണ്. നിലവില്‍ പ്രാതിനിധ്യമില്ലാതിരുന്ന തളിപ്പറമ്പ് നഗരസഭയില്‍ ഒരു സീറ്റു നേടി സാന്നിധ്യം ഉറപ്പിച്ചു.
സിപിഎം ശക്തികേന്ദ്രങ്ങളായ പാനൂര്‍, കൂത്തുപറമ്പ്, അഴീക്കോട്, തില്ലങ്കേരി, മുഴക്കുന്ന്, ധര്‍മ്മടം തുടങ്ങിയ പഞ്ചായത്തുകളിലടക്കം ജില്ലയിലെ നിരവധി പഞ്ചായത്തുകളില്‍ ബിജെപി സാന്നിധ്യം നേടി. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത മുഴക്കുന്ന് പഞ്ചായത്തില്‍ ബിജെപി നിലപാട് നിര്ണ്ണാകമാകും. പാനൂര്‍ മേഖലയില്‍ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തില്‍ രണ്ടും കുന്നോത്ത്പറമ്പ് പഞ്ചായത്തില്‍ മൂന്നും മൊകേരി പഞ്ചായത്തിലും പാട്യത്തും ഓരോ സീറ്റുകളും നേടി.
കൂത്തുപറമ്പിലെ സിപിഎം ശക്തി കേന്ദ്രവും കഴിഞ്ഞ തവണ പ്രതിപക്ഷമില്ലാതിരുന്നതുമായ കോട്ടയം പഞ്ചായത്തില്‍ ഒരു സീറ്റുനേടി. സിപിഎം കേന്ദ്രങ്ങളായ അഴീക്കോട്, തില്ലങ്കേരി, കൊളച്ചേരി, ഉദയഗിരി എന്നിവിടങ്ങളില്‍ ഓരോ സീറ്റും, ധര്‍മ്മടം, മുഴക്കുന്ന് എന്നിവിടങ്ങളില്‍ രണ്ടു സീറ്റുകളിലും ബിജെപി വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: