കാസര്‍കോട്: കോണ്‍ഗ്രസും സിപിഎമ്മും ഒരേ തൂവല്‍പക്ഷികളാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞതായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്ര ഉപ്പളയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി ഭരണത്തിനു കീഴില്‍ ഭാരതം അതിശീഘ്രം മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടടി മുന്നോട്ടു പോയാല്‍ നാലടി പിറകോട്ടുവരുന്ന ഭാരതത്തെയാണ് യുപിഎ ഭരണകാലഘട്ടത്തില്‍ കണ്ടത്. ദല്ഹിയിലൊന്നാകുകയും കേരളത്തിലും, ബംഗാളിലും എത്തുമ്പോള്‍ പരസ്പരം പഴിചാരുകയും ചെയ്യുന്ന അപകട വൈരുദ്ധ്യാവസ്ഥയാണ് കോണ്‍ഗ്രസും സിപിഎമ്മും പിന്തുടരുന്നത്. രാഷ്ട്രീയത്തിന്റെ വിരുദ്ധ ചേരികളായി അഭിനയിക്കുകയാണ് അവര്‍. ഇത് ഒരുതരം തരംതാഴ്ന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ്. കേരളത്തില്‍ തൊഴിലില്ലായ്മ, പട്ടിണി, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങിയവ വര്‍ദ്ധിപ്പിക്കാനേ മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ക്ക് കഴിഞ്ഞിട്ടുള്ളൂ.
എന്ത് സംഭവിച്ചാലും പാഠം പഠിക്കാത്തവരാണ് കോണ്‍ഗ്രസ്. ലോക്സഭയില്‍ ക്രിയാത്മക പ്രതിപക്ഷമാകാന്‍ പോലും അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നിട്ടും അവര്‍ പാഠം പഠിക്കുന്നില്ല. വിരലിലെണ്ണാവുന്ന അംഗങ്ങള്‍ മാത്രമുള്ള ഇടതുപക്ഷവും അതേ സ്ഥിതിയിലാണ്. പാര്‍ലമെന്റ് സ്തംഭനത്തിലൂടെ അവര്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്. ഈ നിഷേധാത്മക സമീപനം ജനാധിപത്യത്തിനെതിരാണ്. വോട്ട് ബാങ്കിനു വേണ്ടി ഏത്തലംവരെയും പോകുന്ന ഒരു തരംതാഴ്ന്ന നയമാണ് അവര്‍ സ്വീകരിക്കുന്നത്, വെങ്കയ്യ പറഞ്ഞു.
ജാതി- മത പ്രീണനമാണ് അവരുടേത്. മുസ്ലിംലീഗ്, പിഡിപി തുടങ്ങിയ കക്ഷികളുമായാണ് കൂട്ട്. ഹിന്ദുത്വം എന്നത് ഒരു മത സംജ്ഞയല്ല. എന്നിട്ടും അവര്‍ ഹിന്ദുത്വം പറയുന്ന ബിജെപിയെ മതവര്‍ഗ്ഗീയ പാര്‍ട്ടിയായി ചിത്രീകരിക്കുകയാണ്. അങ്ങനെയാണെങ്കില്‍ ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്കല്‍, ഹിന്ദുസ്ഥാന്വാച്ച് തുടങ്ങിയവയിലെ ഹിന്ദു എന്ന പദം മത ശബ്ദമോ വര്ഗ്ഗീയതയെയാണോ സൂചിപ്പിക്കുന്നത്. ജയ് ഭാരത് എന്നു പറഞ്ഞാല്‍ മുസ്ലിം തോല്ക്കട്ടെ എന്നാണോ അര്‍ത്ഥമാക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.
60 വര്‍ഷമായി ഐക്യകേരളം രണ്ട് മുന്നണികളെയും പരീക്ഷിച്ചു. അവര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് സംസ്ഥാനത്തെ ഭരിച്ചുമുടിക്കുകയാണ് ചെയ്തത്. വി. എസ്. അച്യുതാനന്ദനും, എ. കെ. ആന്റണിയും സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണെന്നു പറയുമ്പോഴും അവര്‍ നില്ക്കുന്ന കൂടാരം അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്. സോളാറും, ലാവ്ലിനും തുടങ്ങിയ അഴിമതികളുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ പേരുകളാണ് ഉയ ഉയര്‍ന്നു വരുന്നത്. ഈ കെണിയില്‍ നിന്ന് കേരളം രക്ഷപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഭാരതം മാറ്റത്തിന്റെ വഴിയില്‍ സഞ്ചരിക്കുമ്പോള്‍ കേരളവും കൂടെ സഞ്ചരിക്കാന്‍ ബിജെപി അധികാരത്തിലെത്തണം, കേന്ദ്രമന്ത്രി പറഞ്ഞു.
പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ പിന്നാക്കക്കാര്‍, മഹിളകള്‍, യുവാക്കള്‍, കൃഷിക്കാര്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ തുടങ്ങിയവര്‍ എംപിമാരായുള്ളത് ബിജെപിക്കാണ്. രാജ്യത്തിന്റെ സുസ്ഥിരമായ വികസനമാണ് നരേന്ദ്രമോദി മുന്നോട്ടുവെക്കുന്നത്. എതിരാളികള്‍ കുപ്രചാരണവും, നിഷേധനിലപാടുമാണ് പിന്തുടരുന്നത്. കേരളത്തില്‍ ബിജെപി ചലനാത്മകമായ പാര്‍ട്ടിയായി ജനങ്ങള്‍ക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭരണത്തില്‍ നിര്‍ണ്ണായക ശക്തിയായി മാറാന്‍ ബിജെപിക്ക് കഴിയും, വെങ്കയ്യ പറഞ്ഞു.
അഴിമതി, കുഭകോണം തുടങ്ങിയവയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസിന്റെ കാലത്തുനിന്ന് വേറിട്ട്, ഒരാക്ഷേപവുമില്ലാത്ത സമാധാനത്തിന്റെ കാലമായി ഭാരതത്തെ മാറ്റാന്‍ മോദി ഭരണത്തിനായി. വികസനമെന്ന സുപ്രധാന അജണ്ടയിലാണ് മുന്നോട്ടു പോകുന്നത്. 2020 ആകുമ്പോഴേക്കും വീടില്ലാത്തവരായി ഭാരതത്തില്‍ ആരുമുണ്ടാകില്ല. ബാങ്കിങ് മേഖല സാധാരണക്കാരന്റെ നിത്യ ജീവിതത്തിന്റെ ഭാഗമാക്കി. കേന്ദ്ര വിഹിതത്തിന്റെ 45 ശതമാനം സംസ്ഥാനങ്ങളുമായി പങ്കുവെച്ചു. കോണ്‍ഗ്രസ് ഭരണകാലത്ത് സമസ്ത മേഖലകളും അഴിമതിയില്‍ മുങ്ങിക്കുളിക്കുകയായിരുന്നു. ആകാശവും ഭൂമിയും പാതാളവും അഴിമതിക്കളമാക്കി. ഇന്ന്, ലോക നേതാക്കളെല്ലാം ഭാരതത്തിന്റെ സുസ്ഥിര വികസനത്തില്‍ അധിഷ്ടിതമായ ഈ കുതിച്ചുചാട്ടത്തെ അസൂയയോടെ നോക്കുകയാണ്.
30 വര്‍ഷമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന വണ്‍റാങ്ക് വണ്‍ പെന്ഷന് നടപ്പിലാക്കിയത് മോദി സര്‍ക്കാരാണ്. കൊച്ചിയിലുള്‍പ്പെടെ 100 സ്മാര്‍ട് സിറ്റികളും, അമൃതം നഗരം പദ്ധതിയും പ്രഖ്യാപിച്ച് നടപ്പാക്കി വരുന്നു. മഹാത്മാഗാന്ധിയുടെ സങ്കല്‍പ്പമായ സ്വച്ഛ്ഭാരത് നടപ്പാക്കാന്‍ കോണ്‍ഗ്രസിനായില്ല. യുവാക്കളായ പ്രതിഭകളെ ഭാരത പുരോഗതിയുടെ ഭാഗമാക്കാന്‍ സ്കില്‍ ഡവലപ്മെന്റ് പദ്ധതിയിലൂടെ കഴിഞ്ഞു. എല്ലാ സബ്സിഡികളും ഓഫീസുകള്‍ കയറിയിറങ്ങാതെ ജനങ്ങള്‍ക്കറിയാന്‍ ആധുനിക സാങ്കേതിക വിദ്യകളിലൂടെ മോദി സര്‍ക്കാരിന് കഴിഞ്ഞു. സാധാരണക്കാരെ സാമൂഹ്യ പുരോഗതിയിലേക്ക് നയിച്ച് ഭാരത വികസനത്തിന്റെ കണ്ണികളാക്കി മാറ്റാന്‍ മോദി ഭരണത്തിലൂടെ സാധിച്ചിരിക്കുന്നു. അതാണ് പ്രധാനമന്ത്രിയുടെ വിവിധ പദ്ധതികളിലൂടെ കാണിച്ചിരിക്കുന്നത്. സാധാരണക്കാരന്റെ ക്ഷേമം ലക്ഷ്യമാക്കിയാണ് തുച്ഛമായ തുകയിലൂടെ ഉയര്‍ന്ന മൂല്യം ലഭിക്കുന്ന വിവിധ ക്ഷേമ പെന്‍ഷനുകളും ഇന്‍ഷുറന്‍സ് പദ്ധതികളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും കേന്ദ്രമന്ത്രി വെങ്കയ്യനായിഡു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: