ആലപ്പുഴ: ”പാവങ്ങളുടെ പടത്തലവന് എന്ന് കമ്മ്യൂണിസ്റ്റുകാര്‍ വിശേഷിപ്പിച്ച കൃഷ്ണപിള്ളയുടെ സ്മാരകം തീവെച്ച് നശിപ്പിച്ചിട്ടും ഒരൊറ്റ കമ്മ്യൂണിസ്റ്റുകാരന് പോലും പ്രതിഷേധിക്കാന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ശ്രീനാരായണഗുരുദേവനെ സിപിഎമ്മുകാര്‍ അപമാനിച്ചപ്പോള്‍ കേരളം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങി. എന്തുകൊണ്ടാണ് ഇത്?”
കമ്യൂണിസത്തിന്റെ ഈറ്റില്ലമെന്ന് ഇടത് പ്രസ്ഥാനങ്ങള്‍ അഭിമാനത്തോടെ അവകാശപ്പെടുന്ന ആലപ്പുഴയുടെ കായലോരത്താണ് ജനസാഗരത്തെ സാക്ഷിയാക്കി വിമോചനനായകന് കുമ്മനത്തിന്റെ ചോദ്യം. ഒരു നിമിഷത്തെ മൗനത്തിനുശേഷം അദ്ദേഹം വിശദീകരിച്ചു. ഗുരുദേവന്റേത് ദര്‍ശനമാണ്. ദര്‍ശനം കാലാതിവര്‍ത്തിയാണ്.
കമ്മ്യൂണിസ്റ്റുകാരുടേത് ഇസമാണ്. അത് കാലഹരണപ്പെട്ടതാണ്. ബിജെപി മുന്നോട്ടുവയ്ക്കുന്നത് കാലത്തെ അതിജീവിക്കുന്ന ദര്‍ശനമാണ്. ഏകാത്മമാനവ ദര്‍ശനം. ചുവപ്പ് മങ്ങി കാവിയാകുന്ന കേരളത്തെക്കുറിച്ച് ലളിതമായി കുമ്മനം വിവരിക്കുമ്പോള്‍ കടലും കായലും കടക്കുന്ന കയ്യടി. പുന്നപ്രയും വയലാറും ചൂണ്ടിക്കാട്ടി ഈ ഭൂമി തങ്ങളുടേതാണെന്ന് സ്വയം അവകാശപ്പെട്ടിരുന്ന ഇടതുപാര്‍ട്ടികളുടെ കോട്ടകള്‍ തകര്‍ക്കുന്ന മുന്നേറ്റമാണ് വിമോചനയാത്ര ആലപ്പുഴയില്‍ ്രപകടമാക്കിയത്. പാര്‍ട്ടിഗ്രാമങ്ങള്‍ എന്ന പദം ഇനി രാഷ്ട്രീയകേരളത്തെ അടയാളപ്പെടുത്തില്ലെന്ന സന്ദേശവും സ്വീകരണകേന്ദ്രങ്ങള്‍ പകര്ന്നുനല്കി. സ്വന്തം നേതാവിന്റെ പ്രതിമക്ക് തീവെച്ചവര്‍ രാഷ്ട്രീയ എതിരാളികളായ നമ്മളെ കൊല്ലാന്‍ മടിക്കുന്നതെങ്ങനെയെന്ന് കുമ്മനം ചോദിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി അധഃപതിച്ചതിന്റെ ആഴം വ്യക്തമാകുന്നു.
രക്തസാക്ഷികളുടെ ചോര വീഴ്ത്തി കമ്മ്യൂണിസ്റ്റുകാര്‍ ചുമപ്പിച്ച ഭൂമിയില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും എന്ത് നേട്ടമാണ് നല്‍കിയതെന്ന് കുമ്മനത്തിന്റെ അടുത്ത ചോദ്യം. ഓരോ സ്വീകരണകേന്ദ്രങ്ങളിലെയും അനുഭവങ്ങള്‍ ഈ ചോദ്യത്തിന്റെ ആവര്‍ത്തനമാകുന്നു. ആലപ്പുഴയിലെ കയര്‍തൊഴിലാളികളുടെയും കുട്ടനാട്ടിലെ കര്‍ഷകരുടെയും വിജയഗാഥകള്‍ പാടിയിരുന്ന കേരളത്തില്‍ അവരെ അടക്കി ഭരിച്ചിരുന്ന പ്രസ്ഥാനം കണ്ണീര് കുടിപ്പിച്ചതിന്റെ ദുരിതകഥകളാണ് മുഴങ്ങുന്നത്. കേരളത്തിന്റെ ഭക്ഷ്യസുരക്ഷയുടെയും കാര്‍ഷിക സംസ്കൃതിയുടെയും നട്ടെല്ലായിരുന്ന കുട്ടനാട് കര്‍ഷകരുടെ ശാപഭൂമിയായി മാറിയിരിക്കുന്നു.
കുട്ടനാടിന്റെ പുനരുജ്ജീവനത്തിന് പ്രഖ്യാപിച്ചിരുന്ന പാക്കേജും അട്ടിമറിക്കപ്പെട്ടു. ഇടനിലക്കാര്‍ ഗുണം തട്ടിയെടുത്തു. രാഷ്ട്രീയ നേതൃത്വം കര്‍ഷകരുടെ കണ്ണുനീരില്‍ കൈയിട്ടുവാരി. തീരദേശം ഭൂമാഫിയകള്‍ക്ക് തീറെഴുതുമ്പോള്‍ കടലാക്രമണത്തില്‍ സകലതും നഷ്ടപ്പെട്ട കടലോരമക്കള്‍ വിവേചനത്തിന്റെ കഥകളുമായി വിമോചനനായകനെ സ്വീകരിക്കാന്‍ എത്തി. കിഴക്കിന്റെ വെനീസ് എന്ന് പേരുകേട്ട നാട്ടില്‍ കയര്‍തൊഴിലാളികള്‍ക്കും സമരനായകനോട് വിവരിക്കാന്‍ ഉണ്ടായിരുന്നത് ദുരനുഭവങ്ങളാണ്. വര്‍ഷങ്ങളായി കയര്‍ മേഖല പ്രതിസന്ധിയിലാണ്. തൊഴില്‍ ഇല്ലാതായതോടെ ദാരിദ്ര്യത്തിന്റെ ഇഴപിരിക്കുകയാണ് നാട്ടുകാര്‍. ആലപ്പുഴക്ക് പ്രത്യേക പാക്കേജ് തന്നെ പ്രഖ്യാപിക്കണമെന്ന് കുമ്മനം വ്യക്തമാക്കി. കേരളം ഭക്ഷ്യപ്രതിസന്ധിയുടെ വക്കിലാണ്. കേരളത്തെ രക്ഷിക്കാന്‍ ആദ്യം കുട്ടനാടിനെ രക്ഷിക്കണം.
പാവപ്പെട്ടവന്റെ പാര്‍ട്ടിയെന്ന അവകാശവാദം മുതലാളിയായി മാറിയ സിപിഎം ഇനിയെങ്കിലും ഉപേക്ഷിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ മുന്നില്‍ നല്കിയ സ്വീകരണം കുമ്മനത്തിന് ഓര്‍മ്മകളിലേക്കുള്ള മടക്കംകൂടിയായിരുന്നു. ഹൈന്ദവ ഏകീകരണത്തിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി പലതവണ എത്തിയതിന്റെ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ സംസാരം. അമ്പലപ്പുഴ പാല്‍പ്പായസം നല്‍കിയാണ് സ്വീകരണത്തെ മധുരമാക്കിയത്.
ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം. വേലായുധന്, കെ.പി. ശ്രീശന്‍മാസ്റ്റര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണന്, കെ. സുരേന്ദ്രന്, സംസ്ഥാന സെക്രട്ടറിമാരായ വി.വി. രാജേഷ്, വി.കെ. സജീവന്, അഡ്വ. ബി. ഗോപാലകൃഷ്ണന്, രാജി പ്രസാദ്, ട്രഷറര്‍ പ്രതാപചന്ദ്രവര്‍മ്മ, ജില്ലാ പ്രസിഡന്റ് കെ. സോമന്, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ്, എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആര്.എസ്. രാജീവ് എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു. ഇന്ന് ചെങ്ങന്നൂരില്‍നിന്ന് ആരംഭിക്കുന്ന യാത്ര പത്തനാപുരത്ത് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: