ശിവഗിരി: ഗുരുകൃപാ കടാക്ഷത്തിന് നന്ദിപറഞ്ഞ് കുമ്മനം. ഗുരുഎപ്പോഴും കൂടെയുണ്ടാകുമെന്ന് ആശിര്‍വദിച്ച് സ്വാമി പ്രകാശാനന്ദയും.
വിമോചന യാത്രാ നായകന് കുമ്മനം രാജശേഖരന് ശിവഗിരിക്കുന്നുകളിലെ പടവുകള്‍ ചവിട്ടി ഗുരുസന്നിധിയിലെത്തി. വിമോചനയാത്രയുടെ ആരംഭത്തിനുമുമ്പ് ശിവഗിരിയിലെത്തി ഗുരുദേവന്റെ അനുഗ്രഹവും തേടി സ്വാമിമാരെകണ്ട് വണങ്ങിയ ശേഷമാണ് യാത്ര ആരംഭിച്ചത്. അന്ന് സമാധിയിലെത്തി ഗുരുവിനെ വണങ്ങി ശാരാദാമഠത്തില് പ്രാര്‍ത്ഥനയും നടത്തിയിരുന്നു. കഴിഞ്ഞ 20 ദിവസമായി നടന്നുവരുന്ന യാത്രയില്‍ കേരളത്തിന്റെ മാറ്റത്തിനുവേണ്ടി ഓരോസ്ഥലത്തും ഒത്തൊരുമിച്ചത് പതിനായിരങ്ങളാണ്. യാത്രാരഥത്തില്നിന്ന് ഇറങ്ങി വേദിയിലെത്താന്പോലും കഴിയാത്തവിധം ജനം തടിച്ചുകൂടിയിരുന്നു. അതിനാല്‍ പലയിടങ്ങളിലും വളരെ വൈകിയാണ് സ്വീകരണ യോഗങ്ങളില്‍ എത്താന്‍ സാധിച്ചത്. ഈ ഒരു ജനകീയ കൂട്ടായ്മ സൃഷ്ടിക്കാന്‍ സാധ്യമായത് ഗുരുദേവന്റെ അനുഗ്രഹംകൊണ്ട് മാത്രമാണെന്ന് സ്വാമി പ്രകാശാനന്ദയോട് കുമ്മനം പറഞ്ഞു.
വിമോചനയാത്രയ്ക്ക് തിരുവനന്തപുരം ജില്ലയിലെ ആദ്യ സ്വീകരണകേന്ദ്രമായ വര്‍ക്കലയിലെ പൊതുസമ്മേളനത്തിന് ശേഷം ശിവഗിരിയില്‍ എത്തുകയായിരുന്നു കുമ്മനം രാജശേഖരന്. ഗുരുപൂജാ പ്രസാദം കഴിച്ചശേഷം മഠത്തിലെത്തിയ കുമ്മനം സ്വാമി പ്രകാശാനന്ദയേയും സ്വാമി ഋതംഭരാനന്ദയേയും സ്വാമി ഗുരു മുനിപ്രസാദിനേയും സന്ദര്‍ശിച്ചു. അപ്പോഴാണ് ഗുരുകൃപാകടാക്ഷത്തിന്റെ നന്ദി കുമ്മനം സ്വാമികളോട് അറിയിച്ചത്.
ഗുരു എപ്പോഴും കൂടെയുണ്ടാകുമെന്നും മുന്നോട്ടുള്ള പ്രയാണത്തിന് യാതൊരു തടസ്സുവുമുണ്ടാകില്ലെന്നും സ്വാമി പ്രകാശാനന്ദ അനുഗ്രഹിച്ചു. തുടര്‍ന്ന് കുമ്മനത്തേയും പി.കെ.കൃഷ്ണദാസിനേയും സ്വാമി ഷാള്‍ അണിയിച്ചശേഷം സമാധി പൂജയിലെ പ്രസാദവും നല്കി അനുഗ്രഹിച്ചു. കാല്‍തൊട്ടുവണങ്ങിയ കുമ്മനത്തിന്റെ കൈപിടിച്ച് പുറത്തേക്ക് വന്ന പ്രകാശാനന്ദസ്വാമികള്‍ ഋതംഭരാനന്ദ സ്വാമികളോടെപ്പം ഗസ്റ്റ് ഹൗസിലെ പ്രത്യേക മുറിയില്‍ ഏറെ നേരം സംസാരിച്ചിരുന്നു. അതിനുശേഷമാണ് ജില്ലയിലെ മറ്റ് സ്വീകരണ കേന്ദ്രങ്ങളിലേക്ക് തിരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: