തിരുവന്തപുരം: ഇടത്-വലത് മുന്നണികളില്‍ നിന്നുള്ള കേരളത്തിന്റെ രാഷ്ട്രീയ വിമോചനത്തിന് വിജയകാഹളമുയര്‍ത്തി ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രക്ക് ഇന്ന് സമാപനം. തിരുവനന്തപുരം പൂജപ്പുര മൈതാനിയില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന സമ്മേളനം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. നിശ്ചല ദൃശ്യങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ യാത്രാനായകന് കുമ്മനത്തെ ശ്രീകാര്യത്ത് നിന്നും സ്വീകരിക്കും.
ഘോഷയാത്ര തമ്പാനൂര്‍, കരമന വഴി പൂജപ്പുരയിലെത്തും. വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം, തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ വേദിയില്‍ സ്വീകരണം നല്‍കും. പ്രമുഖ വ്യക്തികള്‍ക്ക് പരിപാടിയില്‍ അംഗത്വം നല്‍കും. കണ്ണൂര്‍ അമ്പലക്കുഴി കോളനിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വരൂപിച്ച ധനസഹായം കൈമാറും. യാത്രയിലെ പ്രധാന മുഹൂര്‍ത്തങ്ങളും സേവന പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ച വീഡിയോ പ്രദര്‍ശനവും ഉണ്ടാകും.
ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് അധ്യക്ഷത വഹിക്കും. ദേശീയ സെക്രട്ടറി എച്ച്. രാജ, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, യാത്രയിലെ സ്ഥിരാംഗങ്ങളായ പി.എം.വേലായുധന്, കെ.പി. ശ്രീശന് മാസ്റ്റര്‍, കെ.സുരേന്ദ്രന്, ശോഭാ സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണന്, കോ-ഓര്‍ഡിനേറ്റര്‍ എം.ടി. രമേശ്, മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ജനുവരി 20ന് കാസര്‍കോട് ഉപ്പളയില്‍ നിന്നുമാണ് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്ത വിമോചന യാത്ര ആരംഭിച്ചത്. 140 നിയോജക മണ്ഡലങ്ങളുടെയും സ്വീകരണമേറ്റുവാങ്ങിയാണ് യാത്ര ഇന്ന് സമാപിക്കുന്നത്. കോട്ടയത്തെ സ്വീകരണത്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടെത്തി. കേന്ദ്ര മന്ത്രിമാരായ പൊന്‍ രാധാകൃഷ്ണന്, രാജീവ്പ്രതാപ് റൂഡി, ജെ.പി. നദ്ദ, ബിജെപി ജനറല്‍ സെക്രട്ടറിമാരായ റാം ലാല്‍, മുരളീധര്‍ റാവു, മഹിളാമോര്‍ച്ച ദേശീയ അധ്യക്ഷ വിജയാ രഹട്കര് എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: